തുർക്കി-സിറിയ ഭൂകമ്പം: പ്രതീക്ഷകൾ അവസാനിക്കുന്നു, മരണ സംഖ്യ 25,000 കടന്നു

തുർക്കി-സിറിയ ഭൂകമ്പം: പ്രതീക്ഷകൾ അവസാനിക്കുന്നു, മരണ സംഖ്യ 25,000 കടന്നു

.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ തുർക്കിയിൽ 21,848 പേരും സിറിയയിൽ 3,553 പേരുമാണ് മരിച്ചത്.
Updated on
2 min read

കെട്ടിട അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് ആളുകളെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തുന്ന വാർത്തകൾ ആശ്വാസം പകരുമ്പോഴും തുർക്കി- സിറിയയിലെ ഭൂകമ്പത്തിൽ മരണപ്പെട്ടവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. മരണസംഖ്യ 25,000 കടന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പല രാജ്യങ്ങളിൽ നിന്നുൾപ്പെടെ, പതിനായിരക്കണക്കിന് പേരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അതികഠിനമായ ശൈത്യവും തകർന്ന റോഡുകളുമെല്ലാം ദുരിതം വർധിപ്പിക്കുന്നുണ്ട്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ തുർക്കിയിൽ 21,848 പേരും സിറിയയിൽ 3,553 പേരുമാണ് മരിച്ചത്.

ഭൂകമ്പത്തിൽ 12,141 കെട്ടിടങ്ങൾ തകരുകയോ സാരമായ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായി ഉദ്യോഗസ്ഥർ പറയുന്നു

തിങ്കളാഴ്ച നടന്ന ഭൂകമ്പത്തെ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമെന്നാണ് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ വിശേഷിപ്പിച്ചത്. ദുരന്തത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് ഇനിയും തിരിച്ചറിയാനായിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയും വ്യക്തമാക്കി. ദിവസങ്ങൾ പിന്നിടുംതോറും കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപെടുത്താമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേൽക്കുകയാണ്. തുർക്കിയിലും സിറിയയിലും ഉടനീളം കുറഞ്ഞത് 870,000 ആളുകൾക്ക് അടിയന്തര സഹായം ആവശ്യമാണെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകിയിരുന്നു. സിറിയയിൽ മാത്രം 5.3 മില്യൺ ആളുകൾ ഭാവനരഹിതരായിട്ടുണ്ടാകാമെന്നും യുഎൻ പറയുന്നു.

ഭൂകമ്പത്തിൽ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം ശനിയാഴ്ച കണ്ടെത്തിയിരുന്നു. ഉത്തരാഖണ്ഡ് സ്വദേശിയായ വിജയ് കുമാറാണ് മരിച്ചത്. തുർക്കിയിലെ കിഴക്കൻ അനറ്റോലിയ മേഖലയിലെ മലത്യ നഗരത്തിലെ 24 നിലകളുള്ള ഒരു ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കടിയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. തുർക്കിയിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള 32000 ത്തോളം പേരാണ് തിരച്ചിൽ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ദുരന്തനിവാരണ ഏജൻസി അറിയിച്ചു. മറ്റ് രാജ്യങ്ങളിൽ നിന്നായി 8,294 പേരുമുണ്ട്.

വിത സേനകളുടെ നിയന്ത്രണത്തിലുള്ള മേഖലയിലാണ് സിറിയയിൽ ഭൂകമ്പം സംഭവിച്ചത്. അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ 82 പേരടങ്ങുന്ന ഓസ്ട്രിയൻ സൈന്യം, രക്ഷാ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതായി ശനിയാഴ്ച അറിയിച്ചിരുന്നു. കുർദിഷ് ഭീകരവാദികളും സിറിയൻ വിമതരുമാണ് പ്രധാനമായും പ്രദേശം നിയന്ത്രിക്കുന്നത്. മനുഷ്യത്വപരമായ സമീപനം ഉണ്ടാകണമെന്ന് ഇരു സംഘങ്ങളോടും യു എൻ ആവശ്യപ്പെട്ടിരുന്നു. അതേത്തുടർന്ന്, പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് പോരാട്ടം താൽക്കാലിക നിർത്തിവയ്ക്കുന്നതായി നിരോധിത കുർദിസ്ഥാൻ വർക്കേഴ്‌സ് പാർട്ടി അറിയിച്ചിരുന്നു. വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ സിറിയയിൽ, ഏകദേശം നാല് ദശലക്ഷം ആളുകൾ, സഹായം കാത്ത് കഴിയുകയാണ്.

ദുരന്തമുണ്ടായി ആദ്യ മണിക്കൂറുകളിൽ തുർക്കി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ കാര്യക്ഷമമല്ലാത്ത പ്രതികരണവും കെട്ടിടങ്ങളുടെ മോശം ഗുണനിലവാരവും വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഭൂകമ്പത്തിൽ 12,141 കെട്ടിടങ്ങൾ തകരുകയോ സാരമായ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായി ഉദ്യോഗസ്ഥർ പറയുന്നു. 1939ൽ 33000 പേരുടെ മരണത്തിന് ഇടയാക്കിയ ഭൂകമ്പത്തിന് ശേഷം തുർക്കി സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ദുരന്തമാണിത്

logo
The Fourth
www.thefourthnews.in