ബ്രിട്ടണില്‍ ഋഷി സുനക് തോല്‍വിയിലേക്കോ? ഇന്ത്യക്കാരുടെ സ്ഥിതി എന്താകും?

ബ്രിട്ടണില്‍ ഋഷി സുനക് തോല്‍വിയിലേക്കോ? ഇന്ത്യക്കാരുടെ സ്ഥിതി എന്താകും?

ബ്രിട്ടന്‍ നിര്‍ണായകമായ പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍, 14 വര്‍ഷം നീണ്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണത്തിന് തിരശീല വീണേക്കുമെന്നാണ് മിക്ക അഭിപ്രായ സര്‍വേകളും പ്രവചിക്കുന്നത്
Updated on
3 min read

ബ്രിട്ടന്‍ നിര്‍ണായകമായ പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇറങ്ങുമ്പോള്‍, 14 വര്‍ഷം നീണ്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണത്തിന് തിരശീല വീണേക്കുമെന്നാണ് മിക്ക അഭിപ്രായ സര്‍വേകളും പ്രവചിക്കുന്നത്. ഇന്ന്‌ ഇന്ത്യന്‍ സമയം രാവിലെ 11 മണിമുതലാണ് ബ്രിട്ടണില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നത്. ലേബര്‍ പാര്‍ട്ടിയുടെ മടങ്ങിവരവ് പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പില്‍ കെയ്ര്‍ സ്റ്റാര്‍മെര്‍ ആണ് അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി. 650 അംഗ ഹൗസ് ഓഫ് കോമണ്‍സില്‍ 400 സീറ്റിന് മുകളില്‍ സീറ്റുകള്‍ ലേബര്‍ പാര്‍ട്ടി നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് സമ്പൂര്‍ണ പരാജയമാണ് പ്രവചിക്കപ്പെടുന്നത്.

മെയ് 22-നാണ് ഋഷി സുനക് രാജ്യത്ത് അപ്രതീക്ഷിതമായി പൊതുതിരഞ്ഞെടപ്പ് പ്രഖ്യാപിച്ചത്. ഋഷി സുനക് സര്‍ക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടെന്നിരിക്കെ എട്ടു മാസം മുമ്പേയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്വാധീനത്തില്‍ വ്യക്തമായ കുറവ് വന്നുവെന്ന് അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുമ്പോള്‍ തന്നെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് എതിരെ പാര്‍ട്ടിക്കുള്ളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, അധികാരം നിലനിര്‍ത്തുമെന്നാണ് സുനകിന്റെ അവകാശവാദം.

ഋഷി സുനക്
ഋഷി സുനക്

ഇന്ത്യക്ക് നിര്‍ണായകം

ഈ തിരഞ്ഞെടുപ്പ് ഇന്ത്യയെ സംബന്ധിച്ചും നിര്‍ണായകമാണ്. ബ്രിട്ടണിലെ 25 ലക്ഷം വരുന്ന ഇന്ത്യക്കാര്‍ക്കിടയില്‍ ലേബര്‍ പാര്‍ട്ടിയോട് ആഭിമുഖ്യമുള്ളവര്‍ കുറവാണ്. ജെര്‍മി കോര്‍ബിന്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിന് ശേഷം 2020-ല്‍ പാര്‍ട്ടിയുടെ തലപ്പെത്തെത്തിയ സാറ്റാര്‍മെന്‍, പാര്‍ട്ടിയിലെ മധ്യ-ഇടതുപക്ഷ നിലപാടുള്ള നേതാക്കളെ പുറത്താക്കുകയും പാര്‍ട്ടിയെ കൂടുതല്‍ വലതു നയങ്ങളിലേക്ക് നയിക്കുകയും ചെയ്ത നേതാവാണ്. ലേബര്‍ പാര്‍ട്ടി നേതാവ് എന്ന നിലയില്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ സ്റ്റാര്‍മെര്‍ ഇതുവരേയും തയാറായിട്ടില്ല.

എന്നാല്‍, അദ്ദേഹത്തിന്റെ അടുത്ത അനുയായി ഡേവിഡ് ലാമ്മി ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഡേവിഡ് ആയിരിക്കും സ്റ്റാര്‍മെറിന്റെ വിദേശകാര്യ സെക്രട്ടറി എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഋഷി സുനകിന്റെ കാലത്തുള്ള നയങ്ങള്‍ തന്നെയായിരിക്കും ഇന്ത്യയുമായി തുടരുക എന്നാണ് ഡേവിഡ് പറയുന്നത്. പക്ഷേ, യുകെയിലെ ഇന്ത്യന്‍ വംശജര്‍ക്കിടയില്‍ ലേബര്‍ പാര്‍ട്ടി ഇപ്പോള്‍ അത്ര പ്രിയങ്കരമല്ല. 2010-ല്‍ 61 ശതമാനം ഇന്ത്യക്കാരും ലേബര്‍ പാര്‍ട്ടിയെയാണ് പിന്തുണച്ചിരുന്നത്. എന്നാല്‍, 2019 ആയപ്പോഴേക്കും ഇത് 30 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷമായി ഇന്ത്യാ സര്‍ക്കാരിന്റെ നയങ്ങളിലും മാറ്റം വന്നിട്ടുണ്ട്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുമായി ചേര്‍ന്നുനില്‍ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചത്.

ബ്രിട്ടണില്‍ ഋഷി സുനക് തോല്‍വിയിലേക്കോ? ഇന്ത്യക്കാരുടെ സ്ഥിതി എന്താകും?
'കൂട്ടബലാത്സംഗം, വീഡിയോ പ്രചരിപ്പിച്ച് അപമാനിക്കല്‍'; സ്ത്രീകളെ നിശബ്ദരാക്കുന്ന താലിബാന്‍, തെളിവുകള്‍ പുറത്ത്

ഇന്ത്യന്‍ വംശജന്‍ യുകെ പ്രധാനമന്ത്രിയായി എന്ന തരത്തില്‍ ഋഷി സുനകിനെ മോദി ഉയര്‍ത്തിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന് വോട്ട് അഭ്യര്‍ഥിച്ചതുപോലുള്ള, നയതന്ത്ര ബന്ധങ്ങളെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഇത്തവണ മോദിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പക്ഷേ, സുനകിനെ പരോക്ഷമായി പിന്തുണയ്‌ക്കുന്നുമുണ്ട്.

കെയ്ര്‍ സ്റ്റാര്‍മെര്‍
കെയ്ര്‍ സ്റ്റാര്‍മെര്‍

യുകെ തിരഞ്ഞെടുപ്പ് എങ്ങനെ?

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നിയമനിര്‍മാണ സഭകളിലൊന്നാണ് യുകെ പാര്‍ലമെന്റ്. ബ്രിട്ടന്‍ കോളനിവല്‍ക്കരിച്ചിരുന്ന പല രാജ്യങ്ങളുടെയും രാഷ്ട്ര സംവിധാനങ്ങളെ രൂപപ്പെടുത്തിയതിനാല്‍ ബ്രിട്ടന്റെ പാര്‍ലമെന്റ് 'പാര്‍ലമെന്റുകളുടെ മാതാവ്' എന്നാണ് വിളിക്കപ്പെടുന്നത്. ദ്വിസഭകളടങ്ങിയതാണ് പാര്‍ലമെന്റെങ്കിലും അതിന് മൂന്ന് ഭാഗങ്ങളാണുള്ളത്. മൊണാര്‍ക്ക് (രാജാവ് - പരമാധികാരി), ഹൗസ് ഓഫ് ലോര്‍ഡ്‌സ്, ഹൗസ് ഓഫ് കോമണ്‍സ് എന്നിങ്ങനെയാണവ. നിയമനിര്‍മാണത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന മൂന്ന് ഭാഗങ്ങളെയും കൂടി കിങ്-ഇന്‍-പാര്‍ലമെന്റ് എന്ന് വിശേഷിപ്പിക്കുന്നു.

ബ്രിട്ടണില്‍ ഋഷി സുനക് തോല്‍വിയിലേക്കോ? ഇന്ത്യക്കാരുടെ സ്ഥിതി എന്താകും?
ഓറഞ്ചും ഒലീവുമെല്ലാം ഓര്‍മയിൽ, പശിയടക്കിയിരുന്ന പാടങ്ങള്‍ വെറും ശവപ്പറമ്പുകൾ; ഇസ്രയേൽ ഗാസയുടെ അന്നം മുട്ടിച്ചതിങ്ങനെ

ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ്, വടക്കന്‍ അയര്‍ലന്‍ഡ്, വെയില്‍സ് എന്നിവ ഉള്‍പ്പെടുന്ന യുണൈറ്റഡ് കിങ്ഡത്തില്‍ ഏകദേശം 6.7 കോടി ജനങ്ങളാണുള്ളത്. ലോകത്തിലെ ആറാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് യുകെ. ഏതെങ്കിലും ഒരു പാര്‍ട്ടി കുറഞ്ഞത് 50 ശതമാനം അഥവാ 326 സീറ്റുകള്‍ നേടിയാല്‍ ഹൗസ് ഓഫ് കോമണ്‍സില്‍ അവര്‍ക്ക് ഭൂരിപക്ഷം ഉറപ്പിക്കാം. തുടര്‍ന്ന് ചാള്‍സ് രാജാവ് ഭൂരിപക്ഷം ലഭിക്കുന്ന പാര്‍ട്ടിയോട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യപ്പെടും. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ തൂക്കുപാര്‍ലമെന്റ് നിലവില്‍ വരും. അതേയമയം പാര്‍ലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഓഫ് ലോര്‍ഡ്സിലെ അംഗങ്ങളെ തിരഞ്ഞെടുക്കുകയല്ല, പകരം നിയമിക്കുകയാണ് ചെയ്യുക.

ബ്രിട്ടനിലെ സര്‍ക്കാര്‍ ക്രമീകരണം എങ്ങനെയാണ്?

രാജാവായ ചാള്‍സ് മൂന്നാമനാണ് രാഷ്ട്രത്തലവന്‍. രാജാവിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതലും ആചാരപരവും പ്രതീകാത്മകവുമാണ്. ബില്ലുകളിലും സുപ്രധാന തീരുമാനങ്ങളിലും രാജകീയ സമ്മതം ആവശ്യമാണ്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് മിക്ക സമയങ്ങളിലും രാജാവ് പ്രവര്‍ത്തിക്കുക.ദ്വിസഭകളാണ് യുകെ പാര്‍ലമെന്റിനുള്ളത്. ഹൗസ് ഓഫ് കോമണ്‍സും ഹൗസ് ഓഫ് ലോര്‍ഡ്സും. വെസ്റ്റ്മിന്‍സ്റ്റര്‍ കൊട്ടാരത്തിലാണ് ഇരു സഭകളും ചേരുക. നിയമനിര്‍മാണം വൈകിപ്പിക്കാന്‍ മാത്രമേ ഹൗസ് ഓഫ് ലോര്‍ഡ്‌സിന് കഴിയൂ. അതിനാല്‍ അധികാരം ഹൗസ് ഓഫ് കോമണ്‍സില്‍ നിക്ഷിപ്തമാണ് .പ്രധാനമന്ത്രി ഉള്‍പ്പെടെ എല്ലാ മന്ത്രിമാരും ഹൗസ് ഓഫ് കോമണ്‍സിലെ അംഗങ്ങളാണ്. അപൂര്‍വമായി ഹൗസ് ഓഫ് ലോര്‍ഡിസിന്റെ ഭാഗവുമാകാറുണ്ട്. നിലവില്‍ ഹൗസ് ഓഫ് കോമണ്‍സ് ആകെ 13 പാര്‍ട്ടികളെയും 17 സ്വതന്ത്രരെയും ഉള്‍കൊള്ളുന്നു.

ബ്രിട്ടണില്‍ ഋഷി സുനക് തോല്‍വിയിലേക്കോ? ഇന്ത്യക്കാരുടെ സ്ഥിതി എന്താകും?
ഇടറിപ്പോയ സംവാദം, ബൈഡന്റെ പതര്‍ച്ച ട്രംപിന് വിജയമാകുമോ?

നിലവില്‍ ഭൂരിപക്ഷം സീറ്റുകളിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. 344 സീറ്റ് (52.9 ശതമാനം) ആണ് പാര്‍ലമെന്റിലെ പാര്‍ട്ടിയുടെ പ്രാതിനിധ്യം. മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിക്ക് 205 സീറ്റ് (31.5 ശതമാനം) ആണുള്ളത്. 43 സീറ്റുള്ള സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി (എസ്എന്‍പി), 15 സീറ്റുള്ള ലിബറല്‍ ഡെമോക്രാറ്റുകള്‍ തുടങ്ങിയവരാണ് ഹൗസ് ഓഫ് കോമണ്‍സിലെ പ്രധാനികള്‍. ബാക്കിയുള്ള 43 സീറ്റുകള്‍ മറ്റ് ഒമ്പത് പാര്‍ട്ടികളും സ്വതന്ത്രരും കൈവശം വെച്ചിരിക്കുകയാണ്. ഹൗസ് ഓഫ് കോമണ്‍സില്‍നിന്ന് വ്യത്യസ്തമായി, ഹൗസ് ഓഫ് ലോര്‍ഡ്‌സിലെ അംഗങ്ങളുടെ എണ്ണം നിശ്ചിതമല്ല. 2024 ജൂണ്‍ 20 വരെ, സഭയില്‍ 784 സിറ്റിങ് അംഗങ്ങളുണ്ട്.

നിയമങ്ങള്‍ നടപ്പിലാക്കുന്ന സര്‍ക്കാരിന്റെ എക്‌സിക്യൂട്ടീവ് ബ്രാഞ്ച് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് ഉണ്ടാവുക. മന്ത്രിസഭാംഗങ്ങളെ നിയമിക്കുന്നതിനുള്ള അധികാരം പ്രധാനമന്ത്രിക്കാണ്.അതേസമയം സ്‌കോട്ടിഷ്, വെയില്‍സ് പാര്‍ലമെന്റുകള്‍, നോര്‍ത്തേണ്‍ ഐറിഷ് അസംബ്ലി തുടങ്ങിയവും യുകെ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇവക്കെല്ലാം നിയമനിര്‍മാണ അധികാരവുമുണ്ട്.

logo
The Fourth
www.thefourthnews.in