യുഎന്‍ സമാധാന സേനയ്‌ക്കെതിരായ ഇസ്രയേലി ആക്രമണം: അപലപിച്ച് ഇന്ത്യ, സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം

യുഎന്‍ സമാധാന സേനയ്‌ക്കെതിരായ ഇസ്രയേലി ആക്രമണം: അപലപിച്ച് ഇന്ത്യ, സേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യം

യുഎന്‍ സമാധാന സേനയില്‍ 600-ലേറെ ഇന്ത്യന്‍ സൈനികരും അംഗങ്ങളാണ്
Updated on
1 min read

ദക്ഷിണ ലബനനില്‍ സസമാധാന-രക്ഷാ ദൗത്യങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയ്ക്കു നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് ഇന്ത്യ. ഇന്നലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രയേല്‍ നടത്തിയ ശക്തമായ വ്യോമാക്രമണത്തിനിടെയാണ് യുഎന്‍ സമാധാന സേനയുടെ താവളവും ആക്രമിക്കപ്പെട്ടത്.

നിരവവധി മിസൈലുകളാണ് സേനാ താവളത്തിനു നേര്‍ക്ക് തൊടുത്തുവിട്ടത്. താവളം ഭാഗികമായി തകര്‍ന്നെന്നും നിരവധി സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. യുഎന്‍ സമാധാന സേനയില്‍ 600-ലേറെ ഇന്ത്യന്‍ സൈനികരും അംഗങ്ങളാണ്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ആക്രമണത്തെ അപലപിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തു വന്നത്.

''സമാധാന സേനയ്ക്കു നേര്‍ക്ക് നടന്ന ആക്രമണം ആശങ്കപ്പെടുത്തുന്നതാണ്. മേഖലയിലെ സുരക്ഷ സംബന്ധിച്ച് ഏറെ ആകുലതയുണ്ട്. യുഎന്നിന്റെ താവളങ്ങള്‍ എപ്പോഴും സംരക്ഷിക്കപ്പെടേണ്ടതും ബഹുമാനിക്കപ്പെടേണ്ടതുമാണ്. ഞങ്ങള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. യുഎന്‍ സംഘങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഓരോ ലോകരാജ്യങ്ങളുടെയും ഉത്തരവാദിത്തമാണ്''- വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇന്നു രാവിലെയും യുഎന്‍ സൈനിക താവളത്തിനു നേര്‍ക്ക് ആക്രമണമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. രണ്ട് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ദക്ഷിണ ലബനനിലെ നക്വാറയിലുള്ള താവളത്തിനു നേര്‍ക്കാണ് ഇസ്രയേലി ടാങ്ക് സേനയുടെ ആക്രമണമുണ്ടായത്. പരുക്കേറ്റ സൈനികരുടെ നില ഗുരതരമല്ലെന്നും എന്നാല്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ ആശങ്കയുളവാക്കുന്നതാണെന്നും യുഎന്‍ വൃത്തങ്ങള്‍ അറിയിച്ചു.

അതേസമയം ഇസ്രയേല്‍-ലബനന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുകയാണ്. ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റള്ളയെ വധിച്ചതിന്റെ പ്രതികാരമായി ഹിസ്ബുള്ള ഇസ്രയേലി മേഖലകളിലേക്ക് നിരന്തരം റോക്കറ്റാക്രമണം നടത്തുന്നുണ്ട്. ഇതിനു മറുപടിയായി ലബനനിലെ ജനവാസ മേഖലയിലടക്കം ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ ഇതിനോടകം ആയിരങ്ങള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in