ഇന്ത്യ ​ഗ്ലോബൽ ഫോറം: കാലാവസ്ഥാ വ്യതിയാനം തടയുന്നതിൽ വികസിത രാജ്യങ്ങൾക്ക് ആത്മാർത്ഥതയില്ലെന്ന് എസ് ജയശങ്കർ

ഇന്ത്യ ​ഗ്ലോബൽ ഫോറം: കാലാവസ്ഥാ വ്യതിയാനം തടയുന്നതിൽ വികസിത രാജ്യങ്ങൾക്ക് ആത്മാർത്ഥതയില്ലെന്ന് എസ് ജയശങ്കർ

അബുദാബിയിൽ ആരംഭിച്ച ഇന്ത്യ ​ഗ്ലോബൽ ഫോറം യുഎഇ-2022ലായിരുന്നു വിദേശകാര്യ മന്ത്രിയുടെ പരാമർശം
Updated on
1 min read

കാ​ലാ​വ​സ്ഥാ​ വ്യ​തി​യാ​നം നേ​രി​ടു​ന്ന​തി​ല്‍ മു​ന്നോ​ട്ടു​വെ​ച്ച വാ​ഗ്ദാനങ്ങളിൽ നിന്ന് വികസിത രാജ്യങ്ങൾ പിന്നോട്ട് പോകുന്നുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. കാലാവസ്ഥാ വ്യതിയാനം തടയുന്നതിൽ വികസിത രാജ്യങ്ങൾക്ക് ആത്മാർത്ഥതയില്ലെന്നും അദ്ദേഹം വിമ‍ർശിച്ചു. അബുദാബിയിൽ ആരംഭിച്ച ഇന്ത്യ ​ഗ്ലോബൽ ഫോറം യുഎഇ-2022ലായിരുന്നു വിദേശകാര്യ മന്ത്രിയുടെ പരാമർശം.

കാലാവസ്ഥാ വെല്ലുവിളികളെ സംബന്ധിച്ചുള്ള ചർച്ചയിൽ ദരിദ്രരാഷ്ട്രങ്ങൾക്ക് ധനസഹായം നൽകാനുള്ള വികസിത രാജ്യങ്ങളുടെ ഉത്തരവാദിത്തം, കൂട്ടായ കാലാവസ്ഥാ പ്രവർത്തനം, ഇരു രാജ്യങ്ങളിലെയും സാങ്കേതികവിദ്യയുടെ ഉയർച്ച തുടങ്ങിയവയും ഉയർന്നുവന്നു. സംപൂജ്യ കാർബൺ രഹിത ഊർജമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് യുഎഇ. ഇതിനായി സൗരോർജ മേഖലയിൽ വലിയ തോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. കോപ് 28നായി കാത്തിരിക്കുകയാണെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ മുഹമ്മദ് ഗർഗാഷ് പറഞ്ഞു. ദരിദ്രരാഷ്ട്രങ്ങൾ നേരിടുന്ന കാലാവസ്ഥാ വ്യതിയാന വെല്ലുവിളികളെ നേരിടാൻ യുഎഇ ആതിഥ്യം വഹിക്കുന്ന കോപ്പ് 28ൽ പരിഹാരം കണ്ടെത്താൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള സാങ്കേതിക പ്ലാറ്റ്‌ഫോമുകൾ, ദേശീയ ഡാറ്റാ പ്രശ്‌നങ്ങളോട് പ്രതികരിക്കാനുള്ള ഇന്ത്യൻ ടെക് കമ്പനികളുടെ ഉത്തരവാദിത്തം, ഡാറ്റാ സുരക്ഷാ പ്രശ്‌നങ്ങളിൽ ലോകമെമ്പാടുമുള്ള തത്സമയ വിവാദങ്ങൾ എന്നിവയും ചർച്ചയായി. സാങ്കേതികവിദ്യയിൽ നിക്ഷേപം നടത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ഡോ. അൻവർ ച‍ർച്ചയിൽ ഉന്നയിച്ചു. 100 ബില്യൺ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യമെന്നും 2022 ഫെബ്രുവരി മുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇതിനകം 30 ശതമാനം വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്, കാലാവസ്ഥ, യുദ്ധം തുടങ്ങിയ പ്രശ്‌നങ്ങൾ മൂലമുണ്ടാകുന്ന ഭാവിയിലെ ആഗോള അസ്ഥിരതയെക്കുറിച്ച് സംസാരിച്ച എസ് ജയശങ്കർ വെല്ലുവിളികളെ നേരിടുന്നതിൽ ഇന്ത്യ-യുഎഇ ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ G20 അധ്യക്ഷ സ്ഥാനത്തെ കുറിച്ചും COP 28ന് യുഎഇ ആതിഥേയത്വം വഹിക്കുന്നതിനെ കുറിച്ചും കാലാവസ്ഥാ വ്യതിയാനം പോലുള്ള ആഗോള വെല്ലുവിളികളെ നേരിടാൻ അന്താരാഷ്ട്ര പങ്കാളികളുമായി സഹകരിക്കാനുള്ള അവസരങ്ങൾ എന്നിവയും സമ്മേളനത്തിൽ ചർച്ചയാകും.

logo
The Fourth
www.thefourthnews.in