പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍; യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍; യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്ത് മാര്‍പാപ്പ

ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി
Updated on
1 min read

ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികള്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. കുരിശിലേറ്റപ്പെട്ട യേശുക്രിസ്തു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ പുതുക്കുകയാണ് ക്രൈസ്തവര്‍. ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും ആഘോഷങ്ങളും നടന്നു. ഈസ്റ്റര്‍. 50 ദിവസത്തെ നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഇന്ന്. ശനിയാഴ്ച രാത്രിയും ഇന്ന പുലര്‍ച്ചെയും ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.

ലോകത്ത് നടക്കുന്ന എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ ഈസ്റ്റര്‍ ദിനത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന ഈസ്റ്റര്‍ ദിന ശുശ്രൂഷകള്‍ക്ക് മാര്‍പ്പാപ്പ നേതൃത്വം നല്‍കി. എന്നാല്‍ അനാരോഗ്യം മൂലം ബസലിക്കയ്ക്ക് പുറത്തുള്ള ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുത്തില്ല. റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രെയ്ന്‍ ജനതയെ രക്തസാക്ഷികള്‍ എന്നും മാര്‍പാപ്പ വിശേഷിപ്പിച്ചു. യുദ്ധത്തെയും മറ്റ് അനീതികളെയും മറികടക്കാന്‍ ദൈവത്തിലേക്ക് തിരിയമെന്നും മാര്‍പ്പാപ്പ ലോകത്തോട് ആഹ്വാനം ചെയ്തു. ബന്ധങ്ങളെ ശിഥിലമാക്കുന്ന സംഘര്‍ഷങ്ങള്‍ ലോകത്ത് ആവര്‍ത്തിക്കുന്നു എന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലും വിപുലമായ ആഘോഷ ചടങ്ങുകളാണ് വിവിധ ദേവാലയങ്ങളില്‍ നടന്നത്. ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനമാണ് രാജ്യത്തെ ഇന്നത്തെ പ്രധാന ശ്രദ്ധാവിഷയം. ഇന്ന് വൈകീട്ട് അഞ്ച് മണിയ്ക്ക് ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുക. പ്രധാനമന്ത്രിയായി ചുമതലയേറ്റ് ഇതാദ്യമായാണ് മോദി ഒരു ക്രൈസ്ത ദേവാലയം സന്ദര്‍ശിക്കുന്നത്. ആര്‍ച്ച് ബിഷപ്പ് അനില്‍ കുട്ടോ പ്രധാനമന്ത്രിയെ സ്വീകരിക്കും.

കേരളത്തില്‍ ഉള്‍പ്പെടെ ക്രൈസ്തവ വിഭാഗത്തെ ബിജെപിയോട് അടുപ്പിക്കാന്‍ ശ്രമങ്ങളുമായി പോകുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഡിസംബറില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഡല്‍ഹിയിലെ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദര്‍ശിച്ചിരുന്നു.

logo
The Fourth
www.thefourthnews.in