'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

ഇന്നു നടന്ന പ്ലീനറി സെഷനില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്
Updated on
1 min read

ഭീകരവാദത്തിന് ലോകസമൂഹത്തിന്റെ ഇടയില്‍ സ്ഥാനമില്ലെന്നും യുദ്ധവെറിക്കൊപ്പമല്ല, സമാധാന ചര്‍ച്ചകള്‍ക്കൊപ്പമാണ് എന്നും നിലകൊള്ളുകയെന്നും പതിനാറാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി ഇന്ത്യ. ഉച്ചകോടിയില്‍ ഇന്നു നടന്ന പ്ലീനറി സെഷനില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

''ഞങ്ങള്‍ എന്നും നയതന്ത്രത്തിനും ചര്‍ച്ചകള്‍ക്കുമാണ് പ്രാധാന്യവും പിന്തുണയും നല്‍കിയിട്ടുള്ളത്, യുദ്ധത്തിനല്ല''- മോദി പറഞ്ഞു. പശ്ചിമേഷ്യയിലെയും യുക്രെയ്‌നിലെയും സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഭീകരവാദത്തിനും മറ്റും ഫണ്ടിങ് നടത്തുന്നവര്‍ക്കെതിരേ ഒറ്റക്കെട്ടായി അണിനിരക്കാനും മോദി ലോക രാജ്യങ്ങളോട് അഭ്യര്‍ഥിച്ചു.

''യുവാക്കളെ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കായി ബലിയാടാക്കുന്നത് വര്‍ധിച്ചുവരികയാണ്. ഇതിനെതിരേ ഒരുമിച്ചു പോരാടാന്‍ ലോകരാജ്യങ്ങള്‍ക്ക് കഴിയണം. ഭീകരപ്രവര്‍ത്തനവും അതിന് ഫണ്ടിങ് നടത്തുന്നതു പോലുള്ള കാര്യങ്ങള്‍ക്കും എതിരായ വിഷയങ്ങളില്‍ ഇരട്ടത്താപ്പ് പാടില്ല''- മോദി പറഞ്ഞു.

ഭക്ഷ്യസുരക്ഷ, സൈബര്‍ സുരക്ഷ, ആരോഗ്യസംരക്ഷണം തുടങ്ങിയ നിരവധി വിഷയങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. പണപ്പെരുപ്പം തടയാന്‍ ഭക്ഷ്യസുരക്ഷ, ആരോഗ്യ സംരക്ഷണം, ജലസംരക്ഷണം തുടങ്ങിയ നിരവധി കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും മോദി ലോക രാജ്യങ്ങളെ ഓര്‍മിപ്പിച്ചു.

റഷ്യയില്‍ നടക്കുന്ന ഉച്ചകോടിക്കിടെ മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായും ചൈനീസ് പ്രസിഡന്റ് ഷിന്‍ ജിന്‍ പിങ്ങുമായും കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളാണ് ചര്‍ച്ചയില്‍ വിഷയമായതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

logo
The Fourth
www.thefourthnews.in