നേപ്പാള്‍ വിമാന ദുരന്തം: അപകട കാരണം പൈലറ്റിന്റെ അബദ്ധമെന്ന് റിപ്പോർട്ട്

നേപ്പാള്‍ വിമാന ദുരന്തം: അപകട കാരണം പൈലറ്റിന്റെ അബദ്ധമെന്ന് റിപ്പോർട്ട്

ലാൻഡിങ്ങിന് തയ്യാറെടുക്കുന്നതിന് പകരം എഞ്ചിനിലേക്കുള്ള പവർ ഓഫ് ചെയ്തെന്ന് റിപ്പോർട്ട്
Updated on
1 min read

നേപ്പാളിലെ പൊഖാറയിലുണ്ടായ വിമാനാപകടത്തിന് കാരണം പൈലറ്റുമാരിൽ ഒരാളുടെ അശ്രദ്ധയെന്ന് റിപ്പോർട്ട്. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 72 പേരുമായി പുറപ്പെട്ട യതി എയര്‍ലൈന്‍സിന്റെ എടിആർ72 വിമാനമാണ് അപകടത്തിൽ പെട്ടത്. 71 പേരുടെ മൃതദേഹമാണ് ഇതുവരെ കണ്ടെത്താനായത്. വിമാനത്താവളത്തിലെ റൺവേയ്ക്ക് സമീപം വിമാനം തകർന്നു വീഴുകയായിരുന്നു. അപകടസമയത്ത് 68 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അഞ്ച് ഇന്ത്യക്കാരും അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

കോക്‌പിറ്റിലെ ഫ്ലാപ്‌സ് ലിവർ ഉപയോഗിക്കുന്നതിന് പകരം, പൈലറ്റുമാരിൽ ഒരാൾ എഞ്ചിനുകളെ ഫെതർ ചെയ്യുന്ന ലിവറുകൾ പ്രവർത്തിപ്പിക്കുകയും അതിന്റെ ഫലമായി എഞ്ചിൻ പവർ പൂജ്യത്തിലേക്കെത്തുകയും ചെയ്തു

വിമാനം ലാൻഡിങിനായി തയ്യാറെടുക്കുന്നതിനിടെ കോക്‌പിറ്റിലെ ഫ്ലാപ്‌സ് ലിവർ ഉപയോഗിക്കുന്നതിന് പകരം, പൈലറ്റുമാരിൽ ഒരാൾ എഞ്ചിനുകളുടെ പവർ ഓഫ് ചെയ്യുന്ന ലിവറുകൾ പ്രവർത്തിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. തുടർന്ന് ഒരു മിനിറ്റിനുള്ളിൽ വിമാനം തകർന്നു വീണു. രണ്ട് എഞ്ചിനുകളുടെയും പ്രൊപ്പല്ലറുകൾ ഫെതർ പൊസിഷനിലേക്ക് (പറക്കാനാകാത്ത വിധം ബ്ലേഡുകൾ ക്രമീകരിക്കപ്പെടുന്ന പൊസിഷൻ) പോയതിനെ തുടർന്ന് വിമാനം താഴേക്ക് വീഴുകയായിരുന്നു. 

നേപ്പാള്‍ വിമാന ദുരന്തം: അപകട കാരണം പൈലറ്റിന്റെ അബദ്ധമെന്ന് റിപ്പോർട്ട്
നേപ്പാൾ വിമാന ദുരന്തം; മരണം 68 ആയി, യാത്രക്കാരിൽ അഞ്ച് ഇന്ത്യക്കാരും

രണ്ട് എഞ്ചിനുകളുടെയും പ്രൊപ്പല്ലറുകൾ, വിമാനം പറക്കുമ്പോൾ ഫെതർ പൊസിഷനിലേക്ക് എത്തുന്നത് അപൂർവമാണ്. എയർ ട്രാഫിക് കൺട്രോളർ (എടിസി) ലാൻഡിങിന് അനുമതി നൽകിയപ്പോൾ എഞ്ചിനുകളിൽ നിന്ന് പവർ വരുന്നില്ലെന്ന് പൈലറ്റ് രണ്ട് തവണ പറഞ്ഞിരുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇവയെല്ലാം പൈലറ്റിന് അബദ്ധം പറ്റിയതാകാം എന്ന വിലയിരുത്തലിലേക്ക് എത്തിക്കുകയാണ്.

അതേസമയം അപകടസമയത്ത് വിമാനത്തിന്റെ എഞ്ചിനുകൾ പൂർണമായും പ്രവർത്തനക്ഷമമായിരുന്നു. വിമാനത്തിന്റെ ചിറകുകളിലെ ചതുരാകൃതിയിലുള്ള പാനലുകളാണ് ഫ്ലാപ്പുകൾ. വിസ്തീർണ്ണം വർധിപ്പിക്കുന്നതിനും ലാൻഡിങ് സമയത്തും പറന്നുയരുമ്പോഴും വിമാനത്തിന് കൂടുതൽ ലിഫ്റ്റ് നൽകുന്നതിനും വേണ്ടിയാണ് അവയുടെ ഉപരിതലം നീട്ടുന്നത്. ലാൻഡിങിന് മുമ്പ് ഫ്ലാപ്പുകൾ നീട്ടിയില്ലെങ്കിൽ, വിമാനത്തിന് ലിഫ്റ്റ് നഷ്ടപ്പെടുകയും അത് തകരുകയും ചെയ്യും. ലാൻഡിങ് സമയത്ത് ഫ്ലാപ്പുകള്‍ നീട്ടാതെ എഞ്ചിന്റെ വേഗത കുറയ്ക്കുന്നത് വളരെ അപകടകരമാണ്.

വിമാനം ലാൻഡിങിനായി തയ്യാറാക്കിയത് എയർലൈനിലെ ആറ് വനിതാ പൈലറ്റുമാരിൽ ഒരാളായ അഞ്ജു ഖതിവാഡയാണെന്നാണ് സൂചന

രണ്ട് ക്യാപ്റ്റൻമാരാണ് വിമാനം പ്രവർത്തിപ്പിച്ചിരുന്നത്. ഒരാൾ പൊഖാറയിലേക്ക് വിമാനം ലാൻഡ് ചെയ്യിക്കാനുള്ള പ്രവർത്തനങ്ങളുടെ ചുമതലയിലായിരുന്നു. മറ്റൊരാള്‍ ഇൻസ്ട്രക്ടർ പൈലറ്റായിരുന്നു. വിമാനം ലാൻഡിങിനായി തയ്യാറാക്കിയത് എയർലൈനിലെ ആറ് വനിതാ പൈലറ്റുമാരിൽ ഒരാളായ അഞ്ജു ഖതിവാഡയാണെന്നാണ് സൂചന. അവരുടെ ഭർത്താവായ ദീപക് പൊഖ്രെൽ ഇതേ എയർലൈനില്‍ 2006 ൽ നടന്ന ഒരു അപകടത്തിൽ മരിച്ചതാണ്.

അപകടം നടന്നയുടൻ തന്നെ നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ അടിയന്തര മന്ത്രിസഭാ യോഗം വിളിക്കുകയും സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ അഞ്ചംഗ അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in