ശ്രീലങ്കയ്ക്ക് പുതിയ പ്രധാനമന്ത്രി: ദിനേശ് ഗുണവർധന സത്യപ്രതിജ്ഞ ചെയ്തു

ശ്രീലങ്കയ്ക്ക് പുതിയ പ്രധാനമന്ത്രി: ദിനേശ് ഗുണവർധന സത്യപ്രതിജ്ഞ ചെയ്തു

ഗോതബായ രാജപക്‌സെയുടെ വിശ്വസ്തനായിരുന്നു ഗുണവർധന
Updated on
1 min read

ദിനേശ് ഗുണവർധന ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി. പാർലമെന്റ് സഭാ നേതാവായ ഗുണവർധന വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു. വെള്ളിയാഴ്ച വൈകിട്ടോടെ പുതിയ മന്ത്രിസഭയെ റനിൽ വിക്രമസിംഗെ പ്രഖ്യാപിക്കും.

ഗോതബായ രാജപക്‌സെയുടെ വിശ്വസ്തനായിരുന്നു ഗുണവർധന. പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും സ്വീകാര്യനായ ഒരാളെ നിര്‍ദ്ദേശിക്കണമെന്ന സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധനയുടെ നിർദേശത്തെ തുടർന്നാണ് ദിനേശ് ഗുണവര്‍ധനയുടെ പേര് വിക്രമസിംഗെ നിർദേശിച്ചത്.

ശ്രീലങ്കൻ രാഷ്ട്രീയത്തിലെ ശക്തനായ ഗുണവർധന നേരത്തെ വിദേശകാര്യ മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏപ്രിലിൽ അന്നത്തെ പ്രസിഡന്റ് ഗോതബായ രാജപക്‌സെ അദ്ദേഹത്തെ ആഭ്യന്തര മന്ത്രിയായി നിയമിച്ചിരുന്നു. മഹാജന എക്‌സാത് പെരമുന (എംഇപി)യുടെ നേതാവാണ് അദേഹം.

പ്രസിഡന്‍റ് സ്ഥാനം രാജിവെച്ച ഗോതബായ രാജപക്‌സെ രാജ്യം വിട്ടിരുന്നു. വിക്രമസിംഗെ രാജ്യത്തിന്റെ എട്ടാമത്തെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്നാണ് പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞത്.

logo
The Fourth
www.thefourthnews.in