പുതിയ ലങ്കന്‍ പ്രധാനമന്ത്രിയുടെ പിതാവ്
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയോ?

പുതിയ ലങ്കന്‍ പ്രധാനമന്ത്രിയുടെ പിതാവ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനിയോ?

ലണ്ടനിലെ ആന്റി-ഇമ്പീരിയലിസ്റ്റ് ലീഗ് ഓഫ് ഇന്ത്യയെ നയിച്ചത് ഫിലിപ്പ് ഗുണവര്‍ധനയായിരുന്നു
Updated on
2 min read

ശ്രീലങ്കയുടെ 15-മത് പ്രധാനമന്ത്രിയായി ദിനേഷ് ഗുണവര്‍ധന അധികാരമെറ്റടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് ഡോണ്‍ ഫിലിപ്പ് രൂപസിംഗ ഗുണവര്‍ധനയുടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തം ചര്‍ച്ച ചെയ്യപ്പെടുകയാണ്. ശ്രീലങ്കയിലെ സോഷ്യലിസത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഫിലിപ്പ് ഗുണവര്‍ധന ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ മുഖമായിരുന്നു. ഡോണ്‍ ഫിലിപ്പ് രൂപസിംഗ ഗുണവര്‍ധയുടെ സാമ്രാജ്യത്വ-കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങള്‍ ലങ്കയില്‍ അവസാനിക്കുന്നില്ല. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലും അദ്ദേഹത്തിന് അവിസ്മരണീയമായ പങ്കാണുള്ളത്.

ഇന്ത്യന്‍ ബന്ധം

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെയ്ക്കുള്ള ഡോണ്‍ ഫിലിപ്പ് രൂപസിംഗ ഗുണവര്‍ധയുടെ കടന്ന് വരവ്. യു കെയിലെ പഠനകാലത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മികച്ച രീതിയിലുള്ള ഇടപെടലുകള്‍ നടത്തി. ലണ്ടനിലെ ആന്റി-ഇമ്പീരിയലിസ്റ്റ് ലീഗ് ഓഫ് ഇന്ത്യയെ നയിച്ചത് ഫിലിപ്പ് ഗുണവര്‍ധനയായിരുന്നു. വസ്കോൺസിൻ സർവകലാശാലയിൽ ജയപ്രകാശ് നാരായണന്റെയും വി കെ കൃഷ്ണമേനോന്റെയും സഹപാഠിയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, കെനിയയിലെ ജോമോ കെനിറ്റ, മെക്‌സിക്കോയിലെ ജോസ് വാസ്‌കോണ്‍സെലോസ് തുടങ്ങിയ കൊളോണിയല്‍ വിരുദ്ധ പോരാട്ടാങ്ങള്‍ നയിച്ച നിരവധി നേതാക്കന്‍മാരുമായി അദ്ദേഹത്തിന് അടുത്ത ബന്ധമാണുണ്ടായിരുന്നു. ഇതാണ് പിന്നീട് ഇന്ത്യന്‍ ലീഗ് എന്ന ലക്ഷ്യത്തിനായി കൃഷ്ണമേനോനും നെഹ്‌റുവിനുമൊപ്പം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് പ്രേരണയായത്.

ഫിലിപ്പ് ഗുണവര്‍ധന
ഫിലിപ്പ് ഗുണവര്‍ധന

സ്വാതന്ത്ര്യ സമരത്തിലെ സംഭാവനകള്‍

1942 ല്‍ രണ്ടാം ലോകമഹായുദ്ധസമയത്താണ് കുടുംബത്തോടെ ഇന്ത്യലേയ്ക്ക് പലായനം ചെയ്യുന്നത്. അതിന് ശേഷം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നേരിട്ട് അദ്ദേഹം പങ്കെടുത്തു. മൂത്തമകന്‍ ഇന്‍ഡിക ജനിച്ചത് ഇന്ത്യയില്‍ വെച്ചായിരുന്നു. 1943-ല്‍ രണ്ടുപേരെയും ബ്രിട്ടീഷ് ഇന്റലിജന്‍സ് പിടികൂടി ബോംബെയിലെ ആര്‍തര്‍ റോഡ് ജയിലില്‍ പാര്‍പ്പിച്ചു. ഒരു വര്‍ഷത്തിനുശേഷം ശ്രീലങ്കയിലേക്ക് നാടുകടത്തി. യുദ്ധം അവസാനിച്ചതിന് ശേഷം മാത്രമാണ് ഇവരെ ജയില്‍ മോചിതരാക്കിയതെന്ന് ശ്രീലങ്ക ഗാര്‍ഡിയന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയിലെ സഹകരണ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഫിലിപ്പ് ഗുണവര്‍ധന വഹിച്ച പങ്ക് അവിസ്മരണിയമാണ്. മള്‍ട്ടി പര്‍പ്പസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സംവിധാനം (എംപിസിഎസ്) സ്ഥാപിച്ചത് അദ്ദേഹത്തിന്റെ കൂടി പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ശ്രീലങ്കയിലെ ഫിലിപ്പ് ഗുണവര്‍ധനയുടെ കുടുംബവീട് സന്ദര്‍ശിച്ചിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടത്തില്‍ ഡോണ്‍ ഫിലിപ്പ് രൂപസിംഗ ഗുണവര്‍ധ നല്‍കിയ സംഭാവനകള്‍ക്കും സഹിച്ച ത്യാഗത്തിനും നെഹ്റു നന്ദി രേഖപ്പെടുത്തിയിരുന്നു.

ലങ്കന്‍ രാഷ്ട്രീയത്തില്‍

ശ്രീലങ്കയിലെ ആദ്യത്തെ ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടിയായ ലങ്കാ സമസമാജ പാര്‍ട്ടി (എല്‍ എസ്എസ് പി ) ഡോണ്‍ ഫിലിപ്പ് രൂപസിംഗ ഗുണവര്‍ധയാണ് രൂപം നല്‍കുന്നത്. 1948-ല്‍ ലങ്ക സ്വാതന്ത്ര്യം നേടിയ ശേഷം ഫിലിപ്പും കുസുമയും പാര്‍ലമെന്റ് അംഗങ്ങളായിരുന്നു. ഫിലിപ്പ് 1956 ലെ പീപ്പിള്‍സ് റെവല്യൂഷന്‍ ഗവണ്‍മെന്റിന്റെ സ്ഥാപക നേതാവും കാബിനറ്റ് മന്ത്രിയുമായിരുന്നു.

ആദ്യ കാലം

ഡോണ്‍ ജാക്കോളിസ് രൂപസിംഗ ഗുണവര്‍ധനയുടെയും ഡോണ ലിയനോറ ഗുണശേഖരയുടെയും മകനായി ലങ്കയിലെ പ്രശസ്തമായ ബോറലുഗോഡ കുടുംബത്തില്‍ 1901 ജനുവരി 11 നാണ് ഡോണ്‍ ഫിലിപ്പ് രൂപസിംഗ ഗുണവര്‍ധനയുടെ ജനനം. അവിസ്സാവെല്ലയിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പ്രിന്‍സ് ഓഫ് വെയില്‍സ് കോളേജ് (മൊറാട്ടുവ), ആനന്ദ കോളേജ് (കൊളംബോ) എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം കൊളംബോ സര്‍വകലാശാലയില്‍ പ്രവേശനം നേടി എങ്കിലും പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു.പിന്നിട് അമേരിക്കയിലെ ഇല്ലിനോയിസ് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രം പഠിക്കുന്നതിനായി ചേർന്ന ഫിലിപ്പ് രൂപസിംഗ ഗുണവര്‍ധന പിന്നിട് യുകെയിലാണ് ഉപരിപഠനം നടത്തിയത്.

logo
The Fourth
www.thefourthnews.in