ശ്രീലങ്കന്‍ ചരിത്രത്തിലെ ഐതിഹാസിക വിജയം, ഒരു ജനതയുടെ പ്രതീക്ഷയാകുന്ന ദിസനായകെ
അധികാരത്തിലിരുന്നവരുടെ അഴിമതിയിലും ദുര്‍ഭരണത്തിലും പൊറുതിമുട്ടി തെരുവില്‍ ഇറങ്ങിയ ഒരു ജനത. ജനസംഖ്യയുടെ നാലില്‍ ഒന്ന് പേരും ദാരിദ്ര്യ രേഖയ്ക്ക് താഴെ, സാമ്പത്തിക വളര്‍ച്ചാ നിരക്ക് വെറും രണ്ട് ശതമാനത്തോളം, കടുത്ത വിലക്കയറ്റം, ഭക്ഷ്യ-ഇന്ധന ക്ഷാമം ജീവിതം തിരിച്ചു പിടിക്കാനുള്ള പെടാപ്പാടിലാണ് ശ്രീലങ്കന്‍ ജനത. ആ പോരാട്ടത്തില്‍ ശ്രീലങ്കക്കാര്‍ അനുരകുമാര ദിസനായകെയില്‍ വിശ്വാസമര്‍പ്പിക്കുന്നു എന്ന് തെളിയിക്കുകയാണ് കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം. സെപ്റ്റംബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിനേക്കാള്‍ മികച്ച വിജയം നേടി ദിസനായകെയുടെ നാഷണല്‍ പീപ്പിള്‍സ് പവര്‍ സഖ്യം ലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചരിത്രം കുറിച്ചു കഴിഞ്ഞു.
തമിഴരെന്നും സിംഹളരെന്നും ബുദ്ധിസ്റ്റുകളെന്നും ശ്രീലങ്കന്‍ മൂറുകളെന്നും പലവഴി പിരിഞ്ഞ് നില്‍ക്കുന്ന ലങ്കന്‍ ജനത ഒറ്റ സ്വരത്തില്‍ പ്രഖ്യാപിച്ച ജനവിധി പ്രസിഡന്റ് അനുരകുമാര ദിസ്സാനായകെയില്‍ വിശ്വാസമര്‍പ്പിക്കുന്നു എന്ന് പ്രഖ്യാപിക്കുകയാണ്. 225 അംഗ പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം. 22ല്‍ 21 ഇലക്ട്രല്‍ ജില്ലകളിലും മുന്‍പില്‍. ഇതില്‍ തമിഴ് ഭൂരിപക്ഷ ജില്ലയായ ജാഫ്‌നയും ഉള്‍പ്പെടുന്നു.
ദിസനായകെ പ്രസിഡന്റായി എട്ടാഴ്ചയ്ക്കകം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ശ്രീലങ്കയുടെ ചരിത്രത്തില്‍ ഒരു പാര്‍ട്ടി നേടുന്ന ഏറ്റവും മികച്ച വിജയമാണ് നാഷണല്‍ പീപ്പിള്‍സ് പവര്‍ സ്വന്തമാക്കിയത്.
തിരഞ്ഞെടുപ്പ് നടന്ന 196 സീറ്റില്‍ 141 ലും വിജയം. വോട്ട് നിരക്കിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന നാമനിര്‍ദേശം ചെയ്യപ്പെടുന്ന അംഗങ്ങളെ കൂടി നോക്കിയാല്‍ പാര്‍ലമെന്റില്‍ ആകെ 159 അംഗങ്ങളാകും എന്‍പിപിക്ക്. ദിസ്സാനായകെയുടെ ജനതാ വിമുക്തി പെരുമന നയിക്കുന്ന എന്‍പിപിക്ക് നിലവിലെ പാര്‍ലമെന്റില്‍ ഉണ്ടായിരുന്നത് വെറും മൂന്ന് അംഗം. അവിടെ നിന്നാണ് ഈ കുതിച്ചുചാട്ടം. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ എസ് ജെ ബിക്ക് കിട്ടിയത് 225 ല്‍ 40 അംഗങ്ങള്‍. പോള്‍ ചെയ്തതിന്റെ 61. 56 ശതമാനം വോട്ട് നേടിയാണ് എന്‍പിപിയുടെ മുന്നേറ്റം. എസ്‌ജെബി 18 ശതമാനം വോട്ട് നേടി. റെനില്‍ വിക്രമസംഗയുടെ യുഎന്‍പിക്ക് കിട്ടിയത് 0.59 ശതമാനം വോട്ടും ഒരു സീറ്റും. രജപക്‌സെയുടെ ശ്രീലങ്കന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് മൂന്ന് ശതമാനം വോട്ടും 3 സീറ്റുകള്‍ മാത്രമമാണ് നേടാനായത്.
വടക്കേ അറ്റത്തുള്ള ജാഫ്‌നയില്‍ ചരിത്രത്തിലാദ്യമായാണ് ഒരു സിംഹള ഭൂരിപക്ഷ പാര്‍ട്ടി മേധാവിത്വം നേടുന്നത്. ഇവിടെ 80,000ത്തിലേറെ വോട്ടും മൂന്ന് സീറ്റും എന്‍പിപി നേടി. തമിഴ് പാര്‍ട്ടിയായ ഇളങ്കൈ തമിഴ് അരശു കടച്ചി നേടിയത് 63,000ത്തോളം വോട്ടും ഒരു സീറ്റും. ബട്ടികലോവ ജില്ലയില്‍ മാത്രമാണ് എന്‍പിപി രണ്ടാതായത്. ഇവിടെ ഇളങ്കൈ തമിഴ് അരശു കടച്ചി മൂന്ന് സീറ്റ് നേടി മുന്നിലെത്തി. വിക്രമസിംഗെയും രജപക്‌സെ സഹോദരങ്ങളും ഒന്നും മത്സരത്തിന് ഇറങ്ങാത്ത തിരഞ്ഞെടുപ്പായിരുന്നു ഇത്. പല പ്രമുഖ എം.പിമാരും തോല്‍വി രുചിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ദിസ്സാനായകെയെ പിന്തുണയ്ക്കാത്ത മുസ്ലീം - തമിഴ് വിഭാഗങ്ങള്‍ വരെ ഇത്തവണ എന്‍പിപിക്ക് വോട്ട് ചെയ്തു. വിവിധ വിഭാഗങ്ങളെ തമ്മിലടിപ്പിച്ച് നേട്ടമുണ്ടാക്കിയ രാഷ്ട്രീയ കാലം കഴിഞ്ഞെന്ന ദിസ്സാനായകെയുടെ പ്രഖ്യാപനം ജനങ്ങള്‍ ഏറ്റെടുത്തു. തമിഴ് വിരുദ്ധമായ മുന്‍കാല നിലപാടുകള്‍ക്ക് വിമര്‍ശനം കേള്‍ക്കുന്ന ദിസ്സാനായകെയുടെ പാര്‍ട്ടിക്ക് പക്ഷഭേദമില്ലാതെ തന്നെ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കഴിയുമോ എന്നാണ് ഇനി കാണേണ്ടത്.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ കരകയറ്റാനുള്ള നയം നടപ്പാക്കാന്‍ ദിസനായകെയ്ക്ക് പാര്‍ലമെന്റിലും മേല്‍ക്കൈ വേണമായിരുന്നു. ഇതാണ് പാര്‍ലമെന്റ് പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് നടത്താന്‍ ദിസ്സാനായകെയെ പ്രേരിപ്പിച്ചത്. ആ തീരുമാനം ശരിയായിരുന്നു എന്ന് തെളിയിച്ചിരിക്കുകയാണ് ലങ്കന്‍ ജനത.