കുറ്റം ചുമത്തപ്പെട്ട ട്രംപിന് അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകുമോ?

കുറ്റം ചുമത്തപ്പെട്ട ട്രംപിന് അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാകുമോ?

ട്രംപ് പ്രസിഡന്റായിരിക്കെ രണ്ടുതവണ ഹൗസ് ഇംപീച്ച് ചെയ്തുവെങ്കിലും സെനറ്റ് അദ്ദേഹത്തെ രണ്ടുതവണയും കുറ്റവിമുക്തനാക്കിയിരുന്നു.
Updated on
2 min read

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ്‌ ട്രംപിനെതിരെ കുരുക്ക് മുറുകുകയാണ്. പോൺ താരമായ സ്റ്റോമി ഡാനിയേൽസുമായുള്ള ലൈംഗികബന്ധം മറയ്ക്കാൻ മുൻ അഭിഭാഷകൻ മുഖേന പണം നൽകിയ കേസിൽ ട്രംപിന് എതിരെ മാൻഹാട്ടൻ കോടതി വ്യാഴാഴ്ചയാണ് ക്രിമിനൽ കുറ്റം ചുമത്തിയത്. ട്രംപിന് കനത്ത തിരിച്ചടി നൽകുന്ന കോടതി വിധിയാണ് ന്യൂയോർക്കിൽ ഉണ്ടായിരിക്കുന്നത്. ഇതോടെ അടുത്ത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മത്സരിക്കാന്‍ കച്ചകെട്ടുന്ന ട്രംപിന് കുറ്റം ചുമത്തപ്പെട്ട നടപടി തിരിച്ചടിയാകുമോ എന്നാണ് ഉയരുന്ന പ്രധാന ചോദ്യം.

ഭരണഘടന പ്രകാരം, അമേരിക്കയിൽ കുറഞ്ഞത് 14 വർഷമായി താമസിച്ച് വരുന്ന ഏതൊരാൾക്കും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. കൂടാതെ, 35 വയസ് പ്രായ പരിധിയും നിഷ്കർഷിച്ചിട്ടുണ്ട്. കുറ്റാരോപിതനായ ഒരു സ്ഥാനാർത്ഥിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കകളില്ല. എന്നാൽ കുറ്റാരോപണം നേരിടുന്നത് കൊണ്ട് ട്രംപിന്റെ ജയ സാധ്യതയ്ക്ക് മങ്ങലേൽക്കാൻ ഇടയാകും. നിലവിൽ ട്രംപിനെ അനുകൂലിച്ചും പ്രതികൂലിച്ചും റിപ്പബ്ലിക്കൻ പാർട്ടിയിൽ തന്നെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

ഭരണഘടനയുടെ 14, 22 ഭേദഗതികള്‍ മുന്നോട്ട് വയ്ക്കുന്ന നിബന്ധനകള്‍ നിലവിൽ ട്രംപിന് ബാധകമാകില്ല. 22 -ാം ഭേദഗതി പ്രാകരം, രണ്ടുതവണ പ്രസിഡന്റായിട്ടുള്ള ഒരാൾക്ക് വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ല. 2020ലെ തിരഞ്ഞെടുപ്പിൽ തോറ്റതു കൊണ്ട് തന്നെ ട്രംപിന് ഇത് ബാധകമല്ല. കുറ്റാരോപിതനായ ഒരാൾക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ മാത്രമല്ല, ശിക്ഷിക്കപ്പെട്ട ഒരാൾക്കും മത്സരിക്കാമെന്നാണ് നിയമവിദഗ്ധർ പറയുന്നത്.

ഇംപീച്ച്മെന്റിന്റെ കാര്യത്തിലും കാര്യങ്ങൾ ട്രംപിന് അനുകൂലമാണ്. ട്രംപ് പ്രസിഡന്റായിരിക്കെ രണ്ടുതവണ ഹൗസ് ഇംപീച്ച് ചെയ്തുവെങ്കിലും സെനറ്റ് അദ്ദേഹത്തെ രണ്ടുതവണയും കുറ്റവിമുക്തനാക്കിയിരുന്നു.

14 -ാം ഭേദഗതി- നിലവിൽ ട്രംപിനെതിരെ ഉയ‍ർന്നിരിക്കുന്ന ആരോപണം പോൺ താരത്തിന് പണം നൽകിയതുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടാണ്. എന്നാൽ ഇതിന് 14-ാം ഭേ​ദ​ഗതിയുമായി ബന്ധപ്പെട്ടുളള അയോ​ഗ്യത ഒന്നും തന്നെയില്ല.

ജോർജിയയിലെ ഫുൾട്ടൺ കൗണ്ടിയിൽ 2020-ലെ തിരഞ്ഞെടുപ്പ് ഇടപെടലിനെ കലാപമായി ചിലർ വ്യാഖ്യാനിച്ചേക്കാം. എന്നാൽ അതൊക്കെയും കോടതിയിൽ ഉന്നയിക്കേണ്ട ചോദ്യങ്ങളാണ്. അതേസമയം, ട്രംപിനെതിരെയുളള ഏതെങ്കിലും കുറ്റങ്ങളിൽ കോടതി ശിക്ഷിച്ചാൽ ശിക്ഷാ പൂർത്തിയാകുന്നത് വരെ ട്രംപിന് തന്റെ സ്വദേശമായ ഫ്ലോറിഡയിൽ വോട്ട് ചെയ്യാന്‍ സാധിക്കില്ല. അപ്പോഴും ട്രംപിന് മത്സരിക്കാനുളള വാതിൽ തുറന്നു കിടക്കുകയാണ്.

ട്രംപിനെതിരെയുളള മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി, ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ്, ജോർജിയയിലെ ഫുൾട്ടൺ കൗണ്ടി എന്നിവിടങ്ങളിൽ നടക്കുന്ന കേസുകൾ എല്ലാം വ്യത്യസ്ത വിഷയങ്ങളിലുള്ള പ്രത്യേക അന്വേഷണങ്ങളാണ്. ട്രംപിനെക്കുറിച്ചുള്ള അറിയപ്പെടുന്ന നാല് ക്രിമിനൽ അന്വേഷണങ്ങളിൽ, നിലവിലെ സാമ്പത്തിക ക്രമക്കേട് ഏറ്റവും ചെറിയ കാര്യമാണെന്നാണ് വിദ​ഗ്ധർ കരുതുന്നത്. സാമ്പത്തിക ക്രമക്കേട് ആരോപിക്കുമ്പോഴും നികുതി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തേണ്ടതില്ലെന്ന് മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി തീരുമാനിച്ചു. ചില തെളിവുകളുടെ അടിസ്ഥാനത്തിലാണ് ട്രംപിനെതിരെ ന്യൂയോർക്ക് അറ്റോർണി ജനറൽ സിവിൽ കോടതിയിൽ കേസെടുത്തത്.

തീവ്ര വലതുപക്ഷക്കാരനായ ട്രംപിനെതിരെയുളള കേസുകളിൽ ഒരു നിഷ്പക്ഷ ജൂറി ഉണ്ടാകുമെന്ന് വിലയിരുത്താനാവില്ല. നിലവിലുളളതെല്ലാം അദ്ദേഹത്തിനെതിരെയുളള ആരോപണങ്ങളാണ്. അമേരിക്കയുടെ ചരിത്രം നോക്കിയാൽ, മുൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ തന്റെ പിൻഗാമിയായ ജെറാൾഡ് ഫോർഡിൽ നിന്നും മുൻകൂർ മാപ്പ് നേടിയെടുത്തിരുന്നു. നിക്‌സന്റെ മുൻ വൈസ് പ്രസിഡന്റ് സ്‌പിറോ ആഗ്‌ന്യൂ അഴിമതിക്കേസിൽ കുടുങ്ങി രാജിവക്കുകയും ജയിൽവാസം ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. മുൻ വൈസ് പ്രസിഡന്റ് കൂടിയായ ആരോൺ ബർ രാജ്യദ്രോഹക്കുറ്റത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയും പിന്നീട് അദ്ദേഹം രാജ്യം വിടുകയുമാണ് ഉണ്ടായത്.

logo
The Fourth
www.thefourthnews.in