പ്രൈമറി തിരഞ്ഞെടുപ്പിൽ ട്രംപിന് ആദ്യ തോൽവി; വാഷിങ്ടൺ ഡിസിയിൽ നിക്കി ഹേലിക്ക് ജയം
അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിന് വേണ്ടിയുള്ള കുതിപ്പിൽ ഡോണൾഡ് ട്രംപിന് ആദ്യ പരാജയം. വാഷിങ്ടൺ ഡിസിയിൽ നടന്ന പ്രൈമറിയിൽ ഒരേയൊരു എതിരാളിയ നിക്കി ഹേലിയാണ് അദ്ദേഹത്തെ തോല്‍പ്പിച്ചത്. അമേരിക്കയുടെ ചരിത്രത്തിൽ റിപ്പബ്ലിക്കൻ പ്രൈമറി ജയിക്കുന്ന ആദ്യ വനിതയാണ് സൗത്ത് കരോലിന മുൻ ഗവർണർ കൂടിയായ നിക്കി ഹേലി.
62.9 ശതമാനം വോട്ടാണ് ഹേലി നേടിയത്. പ്രൈമറികളിൽനിന്ന് ആകെ ലഭിക്കുന്ന 1215 ഡെലിഗേറ്റുകളിൽ 19 പേരെ സ്വന്തമാക്കാൻ ഇതോടെ ഹേലിക്ക് കഴിഞ്ഞു. ഇതുവരെ നടന്ന എട്ട് പ്രൈമറികളിലും അജയ്യനായി തുടരുകയായിരുന്നു ട്രംപ്. നവംബറിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡനെ നേരിടാൻ ഹേലിക്ക് ഇനിയും ഒരുപാട് മുന്നേറാനുണ്ടെങ്കിലും ട്രംപ് ക്യാമ്പിന് നിലവിലെ പരാജയം തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
വരാനിരിക്കുന്ന മിക്കവാറും എല്ലാ മത്സരങ്ങളിലും ട്രംപ് ജയിക്കുമെന്നാണ് അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നത്. നാളെ 15 സംസ്ഥാനങ്ങളിലാണ് പ്രൈമറി നടക്കാനിരിക്കുന്നത്. ഇതിന്റെ ഫലം പുറത്തുവരുന്നതോടെ ട്രംപിന്റെ സ്ഥാനാർഥിത്വം ചോദ്യം ചെയ്യപ്പെടാനാകാത്ത വിധം ഉറപ്പിക്കാനാകുമെന്നാണ് സർവേ പ്രവചനം.
തുടർച്ചയായ തോൽവികൾക്കിടയിലും, പോരാട്ടം തുടരുമെന്നായിരുന്നു ഹേലിയുടെ നിലപാട്. കഴിഞ്ഞയാഴ്ച സ്വന്തം സംസ്ഥാനമായ സൗത്ത് കരോലിനയിൽ തോറ്റതിന് ശേഷവും ട്രംപിനെക്കാൾ നല്ലൊരു സ്ഥാനാർഥിയെ വോട്ടർമാർ അർഹിക്കുന്നുവെന്നായിരുന്നു ഹേലി പറഞ്ഞിരുന്നത്.
ഡെമോക്രാറ്റ് പാർട്ടിയുടെ ഏറ്റവും ശക്തമായ മേഖലകളിൽ ഒന്നാണ് വാഷിങ്ടൺ. ആകെ 23,000 പേർ മാത്രമാണ് റിപ്പബ്ലിക്കൻ പാർട്ടിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ട്രംപ് ജയിച്ചാൽ ഇവിടെയുള്ള ഡെമോക്രറ്റുകളായ ഫെഡറൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ട്രംപിനെ ഇതിനുമുൻപും വാഷിങ്ടണിലെ റിപ്പബ്ലിക്കന്മാർ കൈവിട്ടിട്ടുണ്ട്. 2016ൽ നടന്ന പ്രൈമറിയിൽ 14 ശതമാനത്തിൽ താഴെ മാത്രമാണ് വോട്ടുകൾ ലഭിച്ചിരുന്നത്.