ജോർജിയ തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമം: ഡോണൾഡ് ട്രംപിനെതിരെ വീണ്ടും ക്രിമിനൽ കേസ്
അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വീണ്ടും കേസ്. 2020ൽ ജോർജിയയിൽ നടന്ന തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്നതാണ് ട്രംപിന്റെ മേലുള്ള പുതിയ കുറ്റം. ഫുൾട്ടൺ കൗണ്ടി ഗ്രാൻഡ് ജൂറിയാണ് റിപ്പബ്ലിക്കൻ പാർട്ടി നേതാവിനും മറ്റ് 18 പേർക്കുമെതിരെ ക്രിമിനൽ കേസെടുത്തത്. റാക്കറ്റിങ് ഉൾപ്പെടെ 41 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ വർഷം മാത്രം ക്രിമിനൽ കേസിൽ ട്രംപിനെതിരെ ചുമത്തുന്ന നാലാമത്തെ കുറ്റപത്രമാണിത്.
ഫുൾട്ടൺ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഫാനി വില്ലിസ് 2021 ഫെബ്രുവരിയിലാണ് ട്രംപിനും കൂട്ടാളികൾക്കുമെതിരെ തിരഞ്ഞെടുപ്പ് ഇടപെടൽ ആരോപിച്ച് അന്വേഷണം ആരംഭിച്ചത്. കുറ്റാരോപിതരായവരുടെ പട്ടികയിൽ ട്രംപിന്റെ മുൻ അഭിഭാഷകൻ റൂഡി ഗ്യുലിയാനി, വൈറ്റ് ഹൗസ് മുൻ ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസ്, വൈറ്റ് ഹൗസ് മുൻ അഭിഭാഷകൻ ജോൺ ഈസ്റ്റ്മാൻ, മുൻ നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥൻ ജെഫ്രി ക്ലാർക്ക് എന്നിവരും ഉൾപ്പെടുന്നു. ക്രമക്കേടിലൂടെ ട്രംപിന് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലം മാറ്റാനുള്ള ഗൂഢാലോചനയിൽ ഇവർ പങ്കാളികളായതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു. തിങ്കളാഴ്ച രാത്രി വൈകിയാണ് കുറ്റപത്രം സമർപ്പിച്ചത്.
ആരോപണവിധേയരായ സഹ-ഗൂഢാലോചനക്കാർ "ബോധപൂർവം ട്രംപിന് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലം നിയമവിരുദ്ധമായി മാറ്റാനുള്ള ഗൂഢാലോചനയിൽ ചേർന്നു" എന്ന് കുറ്റപത്രത്തിൽ പറയുന്നു.
ജോർജിയയുടെ റിപ്പബ്ലിക്കൻ സ്റ്റേറ്റ് സെക്രട്ടറിയെ അധികാരത്തിൽ നിലനിർത്താൻ ആവശ്യമായ വോട്ടുകൾ കണ്ടെത്തുന്നതിന് നിരവധി അട്ടിമറി പ്രവർത്തനങ്ങൾ നടത്തിയെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു. വ്യാജ വോട്ടുകൾ നടന്നുവെന്ന പേരിൽ ഉദ്യോഗസ്ഥരെ ശല്യപ്പെടുത്തുക, വോട്ടിങ് മെഷീനുകളിൽ കൃത്രിമം കാണിക്കുന്നതിനും ഡേറ്റ മോഷ്ടിക്കുന്നതിനും പദ്ധതിയിടുക എന്നീ കുറ്റങ്ങൾ ചെയ്തതായാണ് ആരോപണം.
തെറ്റായ പ്രസ്താവനകൾ, പബ്ലിക് ഓഫീസറായി ആൾമാറാട്ടം, തെറ്റായ രേഖകൾ സമർപ്പിക്കുക, സാക്ഷികളെ സ്വാധീനിക്കുക, മോഷണവും കള്ളസാക്ഷ്യം എന്നിങ്ങനെ നിരവധി കുറ്റങ്ങളാണ് ട്രംപിനും കൂട്ടർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. റാക്കറ്റീർ ഇൻഫ്ലുവൻസഡ് ആൻഡ് കറപ്റ്റ് ഓർഗനൈസഷൻ ആക്ടാണ് ചുമത്തിയിരിക്കുന്നതിൽ ഏറ്റവും ഗൗരവകരമായ കുറ്റം. ഇരുപത് വർഷംവരെ തടവുലഭിക്കാവുന്ന കുറ്റമാണിത്. മാഫിയ പോലുള്ള സംഘടിത ക്രിമിനൽ സിൻഡിക്കേറ്റുകളെ തകർക്കാൻ സഹായിക്കുന്നതിന് വേണ്ടി രൂപം നൽകിയതാണ് ഈ നിയമം - നിയമങ്ങൾ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ പാർട്ടിയുടെ മുൻനിര സ്ഥാനാർഥിയാണ് ട്രംപ്. കേസ് കെട്ടിച്ചമച്ചതാണെന്നും താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നുമാണ് ട്രംപിന്റെ വാദം.