കൃത്യമായി പണമടച്ചില്ലെങ്കിൽ റഷ്യക്ക് 'ക്വട്ടേഷൻ' കൊടുക്കും; നാറ്റോ അംഗരാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി ട്രംപ്
നാറ്റോ സഖ്യകക്ഷികൾ അവരുടെ സാമ്പത്തിക ബാധ്യതകൾ നിറവേറ്റിയില്ലെങ്കിൽ റഷ്യയോട് ആക്രമിക്കാൻ പറയുമെന്ന് അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രണ്ടാം തവണയും അമേരിക്കയുടെ പ്രസിഡന്റ് പദം ലക്ഷ്യം വയ്ക്കുന്ന റിപ്പബ്ലിക്കൻ നേതാവാണ് ഡോണൾഡ് ട്രംപ്. ഈ മാസം പ്രൈമറി നടക്കുന്ന സൗത്ത് കരോലിനയിൽ പ്രചാരണം നടത്തുന്നതിനിടെയായിരുന്നു ട്രംപിന്റെ പരാമർശം.
യുക്രെയ്ന് നൽകുന്ന സാമ്പത്തിക സഹായവും നാറ്റോയുടെ നിലനില്പിനെയും ട്രംപ് പലപ്പോഴായി ചോദ്യം ചെയ്തിരുന്നു. അത് ശനിയാഴ്ചയും അദ്ദേഹം ആവർത്തിച്ചിരുന്നു. റഷ്യയെ പ്രതിരോധിക്കാൻ വലിയ തുക ചെലവഴിക്കുന്നതിൽ ട്രംപ് ആശങ്കയും പ്രകടിപ്പിച്ചിരുന്നു. നാറ്റോയിൽ അംഗങ്ങളായ രാജ്യങ്ങൾ നൽകേണ്ട പണം നൽകാത്തവരെ റഷ്യ ആക്രമിച്ചാൽ സഹായിക്കാൻ അമേരിക്ക ഉണ്ടാകില്ലെന്ന് താൻ സഖ്യത്തിന്റെ ചർച്ചയിൽ പറഞ്ഞിട്ടുണ്ടെന്ന് ട്രംപ് സൗത്ത് കരോലിനയിലെ പ്രസംഗത്തിനിടെ പറഞ്ഞു. നാറ്റോയുടെ ഏത് ചർച്ചയിലാണ് ഇക്കാര്യം പറഞ്ഞതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
"തന്റെ നേതൃത്വത്തിന് കീഴിലുള്ള അമേരിക്ക 'കൃത്യവിലോപം' നടത്തുന്ന രാജ്യങ്ങളെ സംരക്ഷിക്കില്ല. പകരം അങ്ങനെയുള്ള രാജ്യങ്ങളെ ആക്രമിക്കാൻ റഷ്യയെ പ്രോത്സാഹിപ്പിക്കും" ട്രംപ് പറഞ്ഞു. ഒരിക്കൽ കൂടി ഭരണത്തിലേറുകയാണെങ്കിൽ ട്രംപിന്റെ നിലപാടുകൾ ഏതുവിധേനയാകുമെന്നതിന്റെ സൂചനയാണ് വാക്കുകളിൽ പ്രതിഫലിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കാതുകൾക്ക് മാധുര്യം പകരുന്നതാണ് ട്രംപിന്റെ വാക്കുകളെന്ന് രാഷ്ട്രീയ കമന്റേറ്ററായ അലീസ ഗ്രിഫിൻ പ്രതികരിച്ചു.
യുഎസ്-മെക്സിക്കോ അതിർത്തിയിലെ കുടിയേറ്റ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട് ജോ ബൈഡൻ സർക്കാർ അവതരിപ്പിച്ച നിയമനിർമാണം കോൺഗ്രസിൽ പരാജയപ്പെട്ടതും ട്രംപ് ആഘോഷിച്ചു. താൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ ദിവസംതന്നെ വലിയൊരു നാടുകടത്തൽ ഉണ്ടാകുമെന്നും ട്രംപ് പ്രതിജ്ഞയെടുത്തു. ഇതിലൂടെ തന്റെ കുടിയേറ്റ വിരുദ്ധ നിലപാട് ഒന്നുകൂടി കടുപ്പിക്കുകയായിരുന്നു ട്രംപ്.
2024 തിരഞ്ഞെടുപ്പിൽ ബൈഡനെക്കാൾ ജനപ്രീതി ഉള്ളത് നിലവിൽ ട്രംപിനാണ്. പല അഭിപ്രായ സർവേകളിലും ബൈഡന് പ്രസിഡന്റ് എന്ന നിലയിലുള്ള അംഗീകാരം കുറഞ്ഞതായാണ് കാണിക്കുന്നത്. അതേസമയം തൊണ്ണൂറിലധികം ക്രിമിനൽ ചാർജുകളാണ് ട്രംപിന്റെ മേലുള്ളത്.
നാല് വ്യത്യസ്ത കേസുകളിലായാണ് ട്രംപിനെതിരെ ഇത്രയധികം വകുപ്പുകൾ ചുമത്തിയിരിക്കുയാണത്. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിക്കുക, രഹസ്യ രേഖകൾ നിയമവിരിദ്ധമായി സൂക്ഷിക്കുക, പോൺ താരത്തിന് പണം നൽകാൻ അനധികൃത ഇടപാട് നടത്തുക തുടങ്ങിയവയാണ് കേസുകൾ. ഇതെല്ലാം നിലനിൽക്കുമ്പോഴും ഇതുവരെ നടന്ന രണ്ട് പ്രൈമറികളിലും ട്രംപാണ് മുന്നിൽ. നിക്കി ഹേലി മാത്രമാണ് നിലവിൽ ട്രംപിന്റെ എതിരാളി. ഫെബ്രുവരി 24നാണ് സൗത്ത് കരോലിനയിൽ പ്രൈമറി നടക്കുക.