വിലക്ക് അവസാനിച്ചു; രണ്ട് വർഷത്തിന് ശേഷം ഫേസ്ബുക്കിലേക്ക് തിരിച്ചെത്താൻ ട്രംപ്

വിലക്ക് അവസാനിച്ചു; രണ്ട് വർഷത്തിന് ശേഷം ഫേസ്ബുക്കിലേക്ക് തിരിച്ചെത്താൻ ട്രംപ്

ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് വർഷമായി സാമൂഹിക മാധ്യമങ്ങളിൽ ട്രംപിന് വിലക്കേർപ്പെടുത്തിയിരുന്നു
Updated on
1 min read

അമേരിക്കൻ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് സാമൂഹിക മാധ്യമങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി മെറ്റ. ഫേസ്ബുക്, ഇൻസ്റ്റഗ്രാം എന്നിവ ട്രംപിന് തുടർന്നും ഉപയോഗിക്കാമെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് വർഷമായി സാമൂഹിക മാധ്യമങ്ങളിൽ ഡോണൾഡ് ട്രംപിന് വിലക്കേർപ്പെടുത്തിയിരുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ ട്രംപിന്റെ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുമെന്ന് മെറ്റയുടെ ആഗോളകാര്യ പ്രസിഡന്റ് നിക് ക്ലെഗ് പ്രസ്താവനയിൽ അറിയിച്ചു. വിലക്ക് നീക്കിയെങ്കിലും തുടർന്ന് ഓരോ നിയമ ലംഘനങ്ങൾക്കും വീണ്ടും രണ്ട് മാസം മുതൽ രണ്ട് വർഷം വരെ വിലക്കേർപ്പെടുത്തുമെന്നും നിക്ക് ക്ലെഗ് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, ഫേസ്ബുക്കിലേക്ക് തിരിച്ചെത്തുമെന്ന് ട്രംപ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തന്റെ അഭാവത്തിൽ ഫേസ്ബുക്കിന് കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് ട്രംപ് അടുത്തിടെ പരിഹസിച്ചിരുന്നു. ഭരണത്തിലിരിക്കുന്ന മറ്റൊരാൾക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടാകരുതെന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രതികരിച്ചു.

നിരോധനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപിന്റെ അഭിഭാഷകൻ സ്കോട്ട് ഗാസ്റ്റ് കഴിഞ്ഞയാഴ്ച മെറ്റയ്ക്ക് അയച്ച കത്തിൽ, ചെറിയ ഒരു വിഷയത്തെ മെറ്റ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞിരുന്നു. ട്രംപിന്റെ വിലക്ക് നീക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ ഒരവസരം തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 2024ൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി മത്സരിക്കാൻ സാധ്യതയുള്ള ഒരു വ്യക്തിയാണ് ട്രംപ് എന്ന് ചൂണ്ടികാണിച്ചായിരുന്നു ആവശ്യം.

വിലക്ക് അവസാനിച്ചു; രണ്ട് വർഷത്തിന് ശേഷം ഫേസ്ബുക്കിലേക്ക് തിരിച്ചെത്താൻ ട്രംപ്
ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു; ഇനിയൊരു തിരിച്ചുവരവില്ലെന്ന് ട്രംപ്

നേരത്തെ ട്വിറ്ററും ട്രംപിനെ വിലക്കിയിരുന്നു. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷമാണ് ട്രംപിന് വീണ്ടും ട്വിറ്റർ അക്കൗണ്ട് തിരിച്ചുനൽകിയത്.

34 മില്യൺ ഫോളോവേഴ്സാണ് ട്രംപിന് ഫേസ്ബുക്കിലുള്ളത്. ഇൻസ്റ്റാഗ്രാമിൽ 23 മില്യൺ ആളുകളും.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് പരാജയപ്പെട്ടതിനെ തുടർന്ന് 2021 ജനുവരി ആറിനാണ് അമേരിക്കൻ നിയമ നിർമാണ സഭയായ ക്യാപിറ്റോൾ മന്ദിരത്തിന് നേരെ ആക്രമണം ഉണ്ടായത്. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന ട്രംപിന്റെ ആരോപണത്തിന് പിന്നാലെയായിരുന്നു സംഭവം. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്നത് തടയാനായി ട്രംപ് അനുകൂലികൾ ആക്രമണം നടത്തിയെന്നായിരുന്നു ആരോപണം. കലാപത്തിന് പിറ്റേ ദിവസം തന്നെ ട്രംപിന് ഫേസ്ബുക്ക് വിലക്കേർപ്പെടുത്തി. ക്യാപിറ്റോൾ ആക്രമണത്തിൽ ട്രംപിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് യുഎസ് കോൺഗ്രസ് കമ്മിറ്റി ഡിസംബറിൽ ആവശ്യപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in