അമേരിക്കയില്‍ വോട്ടെണ്ണല്‍ ഔദ്യോഗികമായി പൂര്‍ത്തിയായി; അരിസോണയിലും 'ട്രംപിസം', റെക്കോഡ് തകര്‍ത്ത മുന്നേറ്റം
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഏറ്റവും ഒടുവില്‍ മുഴുവന്‍ ഫലവും വന്ന അരിസോണയിലും ട്രംപ് പ്രഭാവം. ഇന്ന് പുലര്‍ച്ചെ അരിസോണയിലെ ഫലവും പുറത്തുവന്നതോടെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഔദ്യോഗികമായി പൂര്‍ത്തിയായി. അന്തിമ ഫലം അനുസരിച്ച് 312 ഇലക്ടറല്‍ വോട്ടുകളാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡോണള്‍ഡ് ട്രംപ് നേടിയത്. എതിരാളിയും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയുമായ കമലാ ഹാരിസിന് 226 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് നേടാനായത്.
2016-ല്‍ നേടിയ ജയത്തെക്കാള്‍ മികച്ച വിജയമാണ് ഇക്കുറി ട്രംപ് സ്വന്തമാക്കിയിരിക്കുന്നത്. 2016-ല്‍ അദ്ദേഹത്തിന് 304 ഇലക്ടറല്‍ വോട്ടുകളായിരുന്നു ലഭിച്ചത്. ഏറ്റവും ഒടുവില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായ അരിസോണയിലെ 11 ഇലക്ടറല്‍ വോട്ടുകളും ട്രംപ് സ്വന്തമാക്കി.
ഇത് രണ്ടാം തവണയാണ് അരിസോണയിലെ ജനങ്ങള്‍ ട്രംപില്‍ വിശ്വാസമര്‍പ്പിക്കുന്നത്. 2016-ല്‍ ട്രംപിനെ തിരഞ്ഞെടുത്ത അവര്‍ പക്ഷേ, 2020-ല്‍ ഡെമോക്രാറ്റിങ് സ്ഥാനാര്‍ഥി ജോ ബൈഡനൊപ്പം നിന്നു. അന്ന് 70 വര്‍ഷത്തിനു ശേഷം ആദ്യമായാണ് അരിസോണയില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിജയക്കൊടി നാട്ടിയത്.
അരിസോണയിലും ജയം നേടിയതോടെ സ്വിങ് സ്‌റ്റേറ്റുകളായി കരുതിയിരുന്ന ഏഴിടത്തും സമ്പൂര്‍ണ ജയം സ്വന്തമാക്കാന്‍ ട്രംപിന് കഴിഞ്ഞു. നേരത്തെ ജോര്‍ജിയ, പെന്‍സില്‍വാനിയ, മിഷിഗന്‍, വിസ്‌കോന്‍സിന്‍, നോര്‍ത്ത് കരോളിന, നെവാഡ എന്നീ സംസ്ഥാനങ്ങളില്‍ ട്രംപ് മിന്നുന്ന ജയം നേടിയിരുന്നു.
അതേസമയം അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ട്രംപ് വിദേശരാജ്യത്തലവന്മാരുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടഒുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രസിഡന്റ് പദം ഏറ്റെടുക്കുക ജനുവരിയിലാണെങ്കിലും നിയുക്ത പ്രസിഡന്റ് എന്ന നിലയിലാണ് ട്രംപ് വിദേശരാജ്യത്തലവന്മാരുമായി വീണ്ടും സൗഹൃദം പുതുക്കുന്നത്.