ട്രംപ് മടങ്ങിയെത്തുന്നു; റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാകാനുള്ള ആദ്യ മത്സരത്തില്‍ ജയം, അയോവ കോക്കസില്‍ വന്‍ മുന്നേറ്റം
2024 അമേരിക്കൻ പൊതു തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാനുള്ള ആദ്യ ഉൾപാർട്ടി വോട്ടെടുപ്പിൽ ഡോണൾഡ് ട്രംപിന് നിര്‍ണായക മുന്നേറ്റം. അയോവ കോക്കസിൽ നടത്തിയ തിരഞ്ഞെടുപ്പിലാണ് ട്രംപ് വിജയം കരസ്ഥമാക്കിയത്. ഒന്നിലധികം ഫെഡറൽ കേസുകളിൽ വിചാരണ നേരിടുന്നതിനിടയിലാണ് ട്രംപിന്റെ വിജയം. 77 കാരനായ ട്രംപ് 50 ശതമാനത്തോളം വോട്ടുകൾക്ക് മുന്നിലാണ്. നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിനായി യുഎസിൽ ആദ്യ ഘട്ട തയ്യാറെടുപ്പുകൾ നടന്നുവരികയാണ്.
മുൻ യുഎൻ അംബാസിഡർ നിക്കി ഹേലിയും ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസും തമ്മിൽ രണ്ടാം സ്ഥാനത്തിനായി കടുത്ത മത്സരങ്ങൾ നടക്കുകയാണെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടാം സ്ഥാനത്ത് ഡിസാന്‌റിസ് ഹേലിയെക്കാള്‍ മുന്നിലാണ്. അതേസമയം ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമി പ്രസിഡന്റ് സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറി. ഏഴ് ശതമാനം വോട്ടുകളോടെ നാലാം സ്ഥാനത്താണ് വിവേക് രാമസ്വാമി.
കടുത്ത ശൈത്യത്തെ അവഗണിച്ച് അയോവയിലുടനീളമുള്ള റിപ്പബ്ലിക്കൻ പ്രൈമറി കോക്കസ് മീറ്റിംഗുകളിൽ പങ്കെടുക്കാൻ നൂറുകണക്കിന് ട്രംപ് അനുകൂലികൾ ആണെത്തിയത്. നേരത്തെയുള്ള മാർജിനുകളിൽ മികച്ച ലീഡ് നേടിയതിനെ തുടർന്ന് ട്രംപിനെ ഉടൻതന്നെ അയോവയിൽ വിജയിയായി പ്രഖ്യാപിച്ചു. അയോവ വോട്ടർമാരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾക്കായി ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും 44,000 ഡോളർ ആയിരുന്നു ട്രംപ് ചെലവഴിച്ചത്.
ട്രംപിന് 25813 , ഡി സാന്റിസിന് 10,036 , നിക്കി ഹാലെയ്ക്ക് 9,387 വോട്ടുമാണ് ലഭിച്ചത്. വിവേക് രാമസ്വാമിക്ക് 3,805 എന്നിങ്ങനെയാണ് അയോവയിലെ വോട്ടുനില. എന്നാൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിത്വം ഉറപ്പിക്കാൻ ട്രംപിന് ഇനിയും ഒരുപാട് കടമ്പകൾ കടക്കേണ്ടതുണ്ട്.
അയോവയിലെ ജനങ്ങൾ കൃത്യമായ സന്ദേശം നൽകിയിരിക്കുന്നു എന്നാണ് ട്രംപിന്റെ പ്രചാരണ ക്യാമ്പ് വിജയത്തോട് പ്രതികരിച്ചിട്ടുള്ളത്. " പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അടുത്ത റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് ആയിരിക്കും. അദ്ദേഹം അമേരിക്കയുടെ അടുത്ത പ്രസിഡന്റാക്കാനുള്ള സമയമാണിത്," ട്രംപിന്റെ പ്രചാരണ ക്യാമ്പയിൻ വ്യക്തമാക്കി.
എന്താണ് അയോവ കോക്കസ്?
അമേരിക്കൻ പൊതു തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർഥികളെ കണ്ടെത്താനായി റിപ്പബ്ലിക്കൻ, ഡെമോക്രാറ്റ് പാർട്ടികൾ സ്വീകരിക്കുന്ന രണ്ട് മാർഗങ്ങളാണ് കോക്കസും പ്രൈമറികളും. യുഎസിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും പ്രൈമറികൾ നടത്തുമ്പോൾ അയോവ പോലുള്ള ചില പരമ്പരാഗത റിപ്പബ്ലിക്കൻ സംസ്ഥാനങ്ങൾ പ്രതിനിധികളെ തിരഞ്ഞെടുക്കാൻ കോക്കസുകൾ നടത്തുന്നു. കോക്കസുകളിലും പ്രൈമറികളിലും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പിന്നീട് കൺവെൻഷനിൽ വോട്ട് ചെയ്യുന്നു.
അയോവയിലെ ഓരോ പാർട്ടിയുടെയും വോട്ടർമാർ നടത്തുന്ന വ്യക്തിപരമായ യോഗങ്ങളാണ് അയോവ കോക്കസുകൾ. സ്ഥാനാർഥികളെ പ്രതിനിധീകരിച്ച് പിന്തുണ ശേഖരിക്കുന്നതിനായി ഇവിടെ പൊതു പ്രസംഗങ്ങൾ നടത്തുന്നു. രജിസ്റ്റർ ചെയ്ത റിപ്പബ്ലിക്കൻമാർ രഹസ്യ പേപ്പർ ബാലറ്റിലൂടെയാണ് വോട്ട് രേഖപ്പെടുത്തുക. പോസ്റ്റൽ ബാലറ്റ് അനുവദിക്കില്ല. തുടർന്ന് വോട്ടുകൾ എണ്ണി ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിജയികളെ പ്രഖ്യാപിക്കും.
അയോവയിലെ നിയമപരമായ താമസക്കാരായ രജിസ്റ്റർ ചെയ്ത റിപ്പബ്ലിക്കൻ വോട്ടർമാർ കോക്കസ് ആരംഭിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് തന്നെ കോക്കസ് പരിസരങ്ങളിൽ ഒത്തുകൂടും. നവംബറിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ വോട്ടർമാർക്ക് 18 വയസ്സ് തികഞ്ഞിരിക്കണം എന്നതാണ് മാനദണ്ഡം.സ്കൂൾ കെട്ടിടങ്ങൾ, ചർച്ചുകൾ, സ്‍കോമ്മ്യൂണിറ്റി സെന്ററുകൾ തുടങ്ങിയ ഇടങ്ങളാണ് വോട്ടെടുപ്പിനായി തിരഞ്ഞെടുക്കുക. ഈ വർഷം, അത്തരം 1,600-ലധികം വേദികൾ ഉണ്ട്. രാജ്യത്ത് ആകെയുള്ള ഡെലിഗേറ്റുകളിൽ രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ് അയോവയിലുള്ളത്.
അമേരിക്കൻ തിരഞ്ഞെടുപ്പുകളിൽ എന്തുകൊണ്ടാണ് അയോവ കോക്കസ് നിർണായകമാവുന്നത് ?
പ്രസിഡന്റ് സ്ഥാനാർഥികൾ അയോവ കോക്കസിനെ തിരഞ്ഞെടുപ്പിലേക്കുള്ള പ്രവേശന പോയിന്റായി കണക്കാക്കുന്നു. കോക്കസ് ഫലങ്ങൾ പ്രസിഡൻഷ്യൽ മത്സരത്തെ ചില സമയങ്ങളിൽ രൂപപ്പെടുത്തുന്നു. ഇത് സ്ഥാനാർഥികളെ അവരുടെ പ്രകടനത്തെ വിലയിരുത്തി പുറത്തുകടക്കാനോ പ്രചാരണങ്ങൾക്ക് ആക്കം കൂട്ടാനോ സഹായിക്കുന്നു. എന്നാൽ അയോവ എപ്പോഴും കൃത്യമായ സൂചന കാണിക്കണമെന്നുമില്ല. റോണാള്‍ഡ് റീഗനെയും ജോര്‍ഡ് ഡബ്ല്യൂ ബുഷിനെയും പോലുള്ള വിജയികൾ അയോവയിൽ പരാജയപ്പെട്ടപ്പോൾ ട്രംപ് ഉൾപ്പെടെയുള്ള മറ്റ് പരാജിതർ വിജയിച്ചിട്ടുണ്ട്.