ബൈഡന്‍ തുടരുന്നതില്‍ എതിര്‍പ്പ്; ഡെമോക്രാറ്റുകളോട് മുഖം തിരിച്ച് വരുമാന സ്രോതസുകൾ, പ്രതിസന്ധി രൂക്ഷം

ബൈഡന്‍ തുടരുന്നതില്‍ എതിര്‍പ്പ്; ഡെമോക്രാറ്റുകളോട് മുഖം തിരിച്ച് വരുമാന സ്രോതസുകൾ, പ്രതിസന്ധി രൂക്ഷം

ഡെമോക്രാറ്റിക് പാര്‍ട്ടിയ്ക്ക് ലഭിക്കേണ്ട ഏകദേശം 9 കോടി ഡോളറിന്റെ സംഭാവനകൾ പിന്‍വലിച്ചു
Updated on
2 min read

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ ഡെമോക്രാറ്റിക് ക്യാംപിന് ആശങ്കയേറ്റി ജോ ബൈഡന്റെ ആരോഗ്യ നിലയുമായി ബന്ധപ്പെട്ട പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. ബൈഡന്‍ പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നുതന്നെ മുറവിളി ഉയരുകയാണ്. ഇതിനിടെ പ്രധാന വരുമാന സ്രോതസുകളും ഡെമോക്രാറ്റിക് പാര്‍ട്ടിയോട് മുഖം തിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

Summary

ഹോളിവുഡില്‍ നിന്നുയരുന്ന എതിര്‍ ശബ്ദങ്ങള്‍ പാടെ തള്ളാന്‍ പാര്‍ട്ടിയ്ക്ക് കഴിയില്ല. കാരണം ഹോളിവുഡിലെ അഭിപ്രായങ്ങള്‍ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ ചര്‍ച്ച ചെയ്യുമെന്ന ബോധ്യം ഡെമോക്രാറ്റുകള്‍ക്കുണ്ട്

ന്യൂയോര്‍ക് ടൈംസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയ്ക്ക് ലഭിക്കേണ്ട ഏകദേശം 9 കോടി ഡോളറിന്റെ സംഭാവനകളെങ്കിലും പിന്‍വലിച്ചെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് ജോ ബൈഡന്‍ പിന്‍മാറണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് ആദ്യം രംഗത്തെത്തിയത് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും സിനിമാ താരവുമായ ജോര്‍ജ് ക്ലൂണിയായിരുന്നു. പ്രമുഖ വ്യവസായി കൂടിയായ ജോര്‍ജ് ക്ലൂണി ഡെമോക്രാറ്റുകളുടെ പ്രധാന ഫണ്ട് സ്രോതസ്സുകൂടിയാണ്. താന്‍ ബൈഡനെ ഇഷ്ടപ്പെടുന്നുണ്ടെന്നും എന്നാല്‍ അദ്ദേഹമാണ് പാര്‍ട്ടിയ നയിക്കുന്നതെങ്കില്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നും ജോര്‍ജ് ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍, സ്ഥാനാര്‍ഥിത്വത്തില്‍ തുടരുമെന്ന് കാട്ടി കഴിഞ്ഞ ദിവസം ബൈഡന്‍ നടത്തിയ വാര്‍ത്താസമ്മേളനം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്. വാഷിങ്ടണില്‍ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷമുള്ള പത്രസമ്മേളനത്തില്‍ ബൈഡന്‍ നടത്തിയ പരാമര്‍ശങ്ങളാണ് വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തി. യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെന്നും, അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ വൈസ് പ്രസിഡന്റ് ട്രംപ് എന്നുമായിരുന്നു ബൈഡന്‍ അഭിസംബോധന ചെയ്തത്. ഇതോടെ ബൈഡന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ചര്‍ച്ചകളും കൂടുതല്‍ സജീവമായി.

ബൈഡന്‍ തുടരുന്നതില്‍ എതിര്‍പ്പ്; ഡെമോക്രാറ്റുകളോട് മുഖം തിരിച്ച് വരുമാന സ്രോതസുകൾ, പ്രതിസന്ധി രൂക്ഷം
കമല ഹാരിസ് ട്രംപായി, സെലെൻസ്കി പുടിനും; വീണ്ടും വെട്ടിലായി ബൈഡൻ, സ്ഥാനാർഥിത്വത്തില്‍ ആശങ്ക ശക്തം

ഹോളിവുഡിലെ പ്രമുഖരാണ് പ്രധാനമായും ബൈഡന്റെ സ്ഥാനാര്‍ഥിത്വത്തോട് മുഖം തിരിച്ചിരിക്കുന്നത്. ഹോളിവുഡില്‍ നിന്നുള്ള ഡെമോക്രാറ്റുകളുടെ എ-ലിസ്റ്റ് സംഭാവന ദാതാക്കളില്‍ ഭൂരിഭാഗവും ബൈഡന്റെ പ്രായം ചൂണ്ടിക്കാട്ടി വിയോജിപ്പുകള്‍ പരസ്യമാക്കിക്കഴിഞ്ഞു. നോവലിസ്റ്റും തിരക്കഥാകൃത്തുമായ എയ്ലെറ്റ് വാള്‍ഡ്മാന്‍ ബൈഡനോടുള്ള വിയോജിപ്പിന്റെ പേരില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കു സംഭാവന കൊടുക്കുന്നത് അവസാനിപ്പിച്ചതായി അറിയിച്ചു. പ്രതിഷേധമെന്ന നിലയിലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് വാള്‍ഡ്മാന്‍ പറയുന്നു. ബൈഡന്‍ പിന്മാറ്റം പ്രഖ്യാപിക്കപ്പെടും വരെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും സംഭാവന നല്‍കുന്നത് നിര്‍ത്തിവയ്ക്കുമെന്ന് തിരക്കഥാകൃത്ത് ഡാമെന്‍ ലിന്‍ഡലോഫും മുന്നറിയിപ്പ് നല്‍കിയിരുന്നു. റോബ് റെയ്നര്‍, അബിഗേല്‍ ഡിസ്നി, ജോണ്‍ കുസാക്ക്, സ്റ്റീഫന്‍ കിങ് തുടങ്ങിയവരും ബൈഡന്‍ വിഷയത്തില്‍ ഡെമോക്രാറ്റുകളോട് മുഖം തിരിച്ചുകഴിഞ്ഞു. ഈ നിലപാടിനെ പാടെ തള്ളാന്‍ പാര്‍ട്ടിയ്ക്ക് കഴിയില്ല. കാരണം ഹോളിവുഡിലെ അഭിപ്രായങ്ങള്‍ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ ചര്‍ച്ച ചെയ്യുമെന്ന ബോധ്യം അവര്‍ക്കുണ്ടാകും.

ബൈഡന്‍ തുടരുന്നതില്‍ എതിര്‍പ്പ്; ഡെമോക്രാറ്റുകളോട് മുഖം തിരിച്ച് വരുമാന സ്രോതസുകൾ, പ്രതിസന്ധി രൂക്ഷം
'ബൈഡന്‍ പിന്‍മാറണം, ഇല്ലെങ്കില്‍ പരാജയം ഉറപ്പ്'; ഡെമോക്രാറ്റിക് പാർട്ടിയിൽ എതിര്‍പ്പ് ശക്തമാകുന്നു

അതേസമയം, ഡെമോക്രാറ്റും ന്യൂനപക്ഷ നേതാവുമായ പ്രതിനിധി ഹക്കീം ജെഫ്രീസ് കഴിഞ്ഞ ദിവസം ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പാര്‍ട്ടിയ്ക്കുള്ളിലെ നിലവിലെ സാഹചര്യങ്ങള്‍ ബൈഡനെ ബോധിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെ നേതാക്കള്‍ക്കുള്ള ആശങ്ക അദ്ദേഹം ബൈഡനെ ബോധിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡെമോക്രാറ്റിക് നേതാക്കളെ ഓരോരുത്തരെയും നേരിട്ട് കണ്ട് അഭിപ്രായം ആരാഞ്ഞ ശേഷമാണ് ഹക്കീം ബെഡനുമായി കൂടിക്കാഴ്ച നടത്തിയതെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in