സ്വീഡന്റെ നാറ്റോ അംഗത്വം: തുര്‍ക്കിയുടെ പിന്തുണ പ്രതീക്ഷിക്കേണ്ടെന്ന് എർദോഗാൻ
സ്വീഡന്റെ നാറ്റോ അംഗത്വത്തിൽ നിലപാട് കടുപ്പിച്ച് തുർക്കി പ്രസിഡന്റ് ത്വയ്യിബ് എർദോഗാൻ. നാറ്റോ അംഗത്വത്തിന് തുർക്കിയുടെ പിന്തുണ സ്വീഡൻ ഇനി പ്രതീക്ഷിക്കേണ്ടതില്ലെന്ന് എർദോഗാൻ വ്യക്തമാക്കി. സ്വീഡന്‍ നാറ്റോയുടെ ഭാഗമാകുന്നത് അനുവദിക്കണമെങ്കില്‍ ചില ഉപാധികള്‍ അംഗീകരിക്കണമെന്ന് തുര്‍ക്കി അറിയിച്ചിരുന്നു. അതിനെതിരെ സ്റ്റോക്ക്ഹോമിൽ നടന്ന പ്രതിഷേധത്തിൽ ഖുറാന്റെ പകർപ്പ് കത്തിച്ചതാണ് തുര്‍ക്കി നിലപാട് കടുപ്പിക്കാന്‍ കാരണം. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന് പിന്നാലെയായിരുന്നു സ്വീഡനും ഫിൻലൻഡും വർഷങ്ങളായി തുടർന്നുപോന്ന നിഷ്പക്ഷത അവസാനിപ്പിച്ച് നാറ്റോ അംഗത്വത്തിന് അപേക്ഷിച്ചത്.
നാറ്റോയിൽ പുതിയൊരു രാജ്യത്തിന് അംഗത്വം ലഭിക്കണമെങ്കിൽ സഖ്യത്തിലെ 30 അംഗങ്ങളുടെയും ഏകകണ്ഠമായ അംഗീകാരം ആവശ്യമാണ്. എന്നാല്‍, കുർദ് ഗ്രൂപ്പുകളെ സ്വീഡനും ഫിൻലൻഡും പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ച് തുർക്കി സർക്കാർ ഇരു രാജ്യങ്ങളുടെയും അംഗത്വം അംഗീകരിച്ചിരുന്നില്ല. തീവ്രവാദവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തികളെ കൈമാറിയാൽ മാത്രമേ അംഗീകാരം നൽകൂ എന്ന നിലപാടാണ് തുർക്കി സ്വീകരിച്ചത്. ഇത് സ്വീഡനിൽ തുർക്കി വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് കാരണമായി. ഈ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ശനിയാഴ്ച സ്വീഡനിലെ തുർക്കി എംബസിയുടെ മുൻപിൽ തീവ്ര വലതുപക്ഷ ഡാനിഷ് നേതാവ് ഖുറാന്റെ പകർപ്പ് കത്തിച്ചത്. സംഭവത്തെ അപലപിച്ച് സൗദി അറേബ്യ, പാകിസ്താൻ, ജോർദാൻ, കുവൈറ്റ് എന്നിങ്ങനെ പല മുസ്ലീം രാജ്യങ്ങളും രംഗത്തെത്തിയിരുന്നു.
തുർക്കി എംബസിക്ക് മുൻപിൽ ഇത്തരമൊരു അധിക്ഷേപ പ്രവർത്തനം നടത്തിയവർ യാതൊരു ദയയും പ്രതീക്ഷിക്കേണ്ടതില്ലെന്ന് എർദോഗാൻ പറഞ്ഞു. ഖുറാൻ കത്തിച്ചുള്ള പ്രതിഷേധത്തെ അഭിപ്രായ സ്വാതന്ത്ര്യം കൊണ്ട് പ്രതിരോധിക്കാൻ ആകില്ല. നടന്നത് ദൈവനിന്ദയാണ്, തീവ്രവാദ സംഘടനകളിലെ അംഗങ്ങളെയും ഇസ്ലാമിന്റെ ശത്രുക്കളെയും സ്നേഹിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുകയാണെങ്കിൽ രാജ്യ സുരക്ഷയ്ക്കും അവരെ തന്നെ ആശ്രയിച്ചോളൂ -എർദോഗാൻ പറഞ്ഞു.
പ്രതിഷേധം നടത്താന്‍ അനുവദിച്ച സ്വീഡിഷ് സർക്കാരിന്റെ തീരുമാനം അംഗീകരിക്കാനാകില്ല. "വിശുദ്ധമായതിനെ അപമാനിക്കാൻ ആർക്കും അവകാശമില്ല," തിങ്കളാഴ്ച ടെലിവിഷൻ പ്രസംഗത്തിൽ എർദോഗാൻ പറഞ്ഞു. അതേസമയം, ഖുറാന്‍ കത്തിച്ചതിനെതിരെ സ്വീഡിഷ് സർക്കാരും രംഗത്ത് വന്നു. പ്രതിഷേധത്തിന്റെ പേരിൽ നടന്ന സംഭവത്തെ സ്വീഡിഷ് സർക്കാർ പിന്തുണയ്ക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രി തോബിയാസ് ബിൽസ്‌ട്രോം പറഞ്ഞു.