അതിശൈത്യത്തില്‍ വലഞ്ഞ് അമേരിക്കയും കാനഡയും; മരണം 38, താപനില -45 ഡിഗ്രി

അതിശൈത്യത്തില്‍ വലഞ്ഞ് അമേരിക്കയും കാനഡയും; മരണം 38, താപനില -45 ഡിഗ്രി

ബോംബ് സൈക്ലോണ്‍ എന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങള്‍ നീണ്ടേക്കാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്
Updated on
2 min read

ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ശൈത്യത്തില്‍ വലഞ്ഞ് അമേരിക്കയും കാനഡയും. അതിശൈത്യം മൂലം മരിച്ചവരുടെ എണ്ണം 38ആയി. അമേരിക്കയില്‍ മാത്രം ഇതുവരെ 34 പേരാണ് മരിച്ചത്. ന്യൂയോർക്ക്, ബഫലോ നഗരങ്ങളിലാണ് സ്ഥിതി സങ്കീർണമായത്. കാനഡയിൽ, ബ്രിട്ടീഷ് കൊളംബിയയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ മെറിറ്റ് പട്ടണത്തിന് സമീപം മഞ്ഞുമൂടിയ റോഡിൽ ബസ് മറിഞ്ഞ് നാല് പേർ മരിച്ചു. കനത്ത ശീതക്കാറ്റിനെ തുടർന്നുണ്ടായ വൈദ്യുതി മുടക്കം രണ്ട് ലക്ഷത്തിലധികം പേരെ ബാധിച്ചതായാണ് റിപ്പോർട്ട്. ബോംബ് സൈക്ലോണ്‍ എന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങള്‍ നീണ്ടേക്കാമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

അതിശൈത്യവും ശീതക്കാറ്റും കാരണം അമേരിക്കയിലെ പല സംസ്ഥാനങ്ങളും തണുത്തുറഞ്ഞ് കിടക്കുകയാണ്. അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി 2.5 കോടി ജനങ്ങളെയാണ് ശൈത്യം ബാധിച്ചത്. കാനഡയിലെ ഒന്റാറിയോ, ക്യൂബെക്ക് പ്രവിശ്യകളിലും ശീതകാറ്റ് നാശനഷ്ട്ങ്ങള്‍ വരുത്തി. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശൈത്യമാവും ഈ വര്‍ഷം രാജ്യത്ത് അനുഭവപ്പെടുകയെന്ന് കഴിഞ്ഞയാഴ്ച തന്നെ അമേരിക്കന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ ഈ വാരാന്ത്യത്തോടെ പല സംസ്ഥാനങ്ങളിലും അതിശൈത്യത്തിന് കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കാലാവസ്ഥാ നിരീക്ഷകർ.

മഞ്ഞുമൂടിയ ഹോക്ക് റെസ്റ്റോറന്റ്
മഞ്ഞുമൂടിയ ഹോക്ക് റെസ്റ്റോറന്റ്

കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ആയിരക്കണക്കിന് വിമാനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കിയത്. ക്രിസ്മസ് ദിനത്തിൽ ഉച്ചവരെ മാത്രം 1700 വിമാനങ്ങളാണ് അമേരിക്കയിൽ റദ്ദാക്കിയത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം -50 ഡിഗ്രി സെൽഷ്യസ് വരെ താപനിലയാണ് രേഖപ്പെടുത്തുന്നത്.
അമേരിക്കയുടെ 60 ശതമാനത്തിലധികം അളുകളെ ഇതുവരെ ശൈത്യ കൊടുങ്കാറ്റ് ബാധിച്ചുവെന്നാണ് നാഷണല്‍ വെതര്‍ സര്‍വീസ് പറയുന്നത്. പല സംസ്ഥാനങ്ങളിലും കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

കാനഡയിലെ ഗ്രേറ്റ് തടാകങ്ങള്‍ മുതല്‍ മെക്‌സിക്കോയുടെ അതിര്‍ത്തിയില്‍ റിയോ ഗ്രാന്‍ഡെ വരെ കൊടുങ്കാറ്റ് വ്യാപിക്കുകയാണ്. യുഎസ് വ്യോമയാന സംവിധാനം വലിയ ബുദ്ധിമുട്ടിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഗതാഗത സെക്രട്ടറി പീറ്റ് ബട്ടിഗീഗ് സിഎന്‍എന്‍ മീഡിയ നെറ്റ്വര്‍ക്കിനോട് പറഞ്ഞു. അമേരിക്കയുടെ പടിഞ്ഞാറന്‍ സംസ്ഥാനമായ മൊന്റാനയിലും ശൈത്യം രൂക്ഷമാണ്. മൈനസ് 45 ഡിഗ്രി ആയിരുന്നു കഴിഞ്ഞ ദിവസത്തെ താപനില. ഫ്ലോറിഡ, ജോര്‍ജിയ, ടെക്‌സസ്, ലോവ, വിസ്‌കോന്‍സിന്‍, മിഷിഗന്‍ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്.

logo
The Fourth
www.thefourthnews.in