'ലക്ഷ്യം എസ്എഫ്ഐ വേട്ട'; ആർഷൊയ്ക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്
മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷൊയ്ക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. എഴുതാത്ത പരീക്ഷയുടെ മാർക്ക് ലിസ്റ്റ് ഇറങ്ങുകയും അത് മാധ്യമവാർത്തയാകുകയും കള്ളം പ്രചരിപ്പിക്കപ്പെടുകയും ചെയ്തത് എന്തിനാണെന്ന് സാമാന്യ ബോധമുള്ള ആർക്കും മനസിലാകും. ലക്ഷ്യം എസ്എഫ്ഐ വേട്ടയാണെന്നും സനോജ് ആരോപിച്ചു.
ഫേസ്ബുക്കിൽ എസ്എഫ്ഐ സെക്രട്ടറിയുടെ ഫോട്ടോ അടിച്ചു വിട്ടാൽ പ്രസ്ഥാനം തകരില്ല. വാർത്തകൾ സൃഷ്ടിക്കുന്ന മാധ്യമ മുതലാളിമാരും മാധ്യമ പ്രവർത്തകരും വിചാരിച്ചാൽ തകർന്ന് പോകുന്ന പ്രസ്ഥാനമല്ല എസ്എഫ്ഐ. അമൽ ജ്യോതി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുളള മനപ്പൂർവമായ ശ്രമമാണ് ആർഷൊയ്ക്ക് എതിരെയുണ്ടായതെന്നും വി കെ സനോജ് ആരോപിച്ചു.
2020ലാണ് ആർക്കിയോളജി വിഭാഗത്തിൽ പി എം ആർഷൊ അഡ്മിഷൻ നേടിയത്. 2020 ബാച്ച് വിദ്യാർഥിയായ ആർഷൊ മൂന്നാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തെങ്കിലും പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. ഇപ്പോൾ റിസൾട്ട് വന്നത് 2021 ബാച്ചിലെ മൂന്നാം സെമസ്റ്ററിന്റതാണ്. എന്നാൽ, ഈ ബാച്ചിനൊപ്പം ആർഷൊ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും സനോജ് പറഞ്ഞു. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്എഫ്ഐയുടെ ആശയത്തിന് ഇപ്പോഴും സ്വാധീനമുണ്ട്. എന്നാൽ, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ആശയമാണ് ഇപ്പോൾ പടർന്നുപിടിക്കുന്നത്. സംഘപരിവാർ മാധ്യമങ്ങളെ ഏറ്റെടുക്കുന്നു. ജനാധിപത്യതിന്റെ കാവൽ ഭടന്മാരാകേണ്ട മാധ്യമങ്ങളെ കേന്ദ്രസർക്കാർ വിലയ്ക്കെടുത്തു. അപകടകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നതുകൊണ്ട് നമ്മൾ തന്നെ മാധ്യമ പ്രവർത്തകരായി മാറണമെന്നും സോഷ്യൽമീഡിയ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ റെയിൽ വേണ്ടെന്ന് വാദിക്കുന്നവർ ഏത് കാലത്താണ് ജീവിക്കുന്നതെന്ന് സനോജ് ചോദിച്ചു. ജപ്പാനിൽ 50 വർഷം മുൻപ് തന്നെ അതിവേഗ പാത ഉണ്ടായി. ഇവിടെ അർധ അതിവേഗ പാത പോലുംവരാൻ അനുവദിക്കുന്നില്ലെന്നും സനോജ് കുറ്റപ്പെടുത്തി.