തിരഞ്ഞെടുപ്പ് റാലിക്കിടെ വെടിവയ്പ്; ഇക്വഡോറില്‍ പ്രസിഡന്റ് സ്ഥാനാർഥി കൊല്ലപ്പെട്ടു
ഇക്വഡോർ പ്രസിഡന്റ് സ്ഥാനാർഥി ഫെർണാണ്ടോ വില്ലാവിസെന്‍ഷിയോ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച ഇക്വഡോറിന്റെ തലസ്ഥാനമായ ക്വിറ്റോയിൽ നടന്ന റാലിയ്ക്ക് ഇടയിലാണ് അദ്ദേഹത്തിന് വെടിയേറ്റത്. മരണവാർത്ത ആഭ്യന്തര മന്ത്രി ജുവാൻ സപാറ്റയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നാലെ, ഇക്വഡോർ പ്രസിഡന്റ് ഗില്ലെർമോ ലാസോ മരണം സ്ഥിരീകരിച്ച് എക്സിൽ പ്രതികരിച്ചു. കുറ്റവാളിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അയാള്‍ ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഇക്വഡോറില്‍ മയക്കുമരുന്ന് കടത്തും അക്രമാസക്തമായ കൊലപാതകങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഞെട്ടിച്ച സംഭവത്തില്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരുടെ അടിയന്തര മീറ്റിങ് വിളിച്ചതായും കൂടിവരുന്ന സംഘടിത കുറ്റകൃത്യങ്ങളിൽ നിയമപരമായി കടുത്ത ശിക്ഷ നടപ്പാക്കുമെന്നും ലാസോ കൂട്ടിച്ചേർത്തു. ആക്രമണത്തില്‍ നിരവധിപ്പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ഓഗസ്റ്റ് 20 ന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിലെ എട്ട് സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു 59കാരനായ ഫെർണാണ്ടോ. 2007 മുതൽ 2017 വരെ മുൻ പ്രസിഡന്റ് റാഫേൽ കൊറിയയുടെ ഭരണകാലത്ത് അഴിമതിക്കെതിരായ ഏറ്റവും നിർണായക ശബ്ദങ്ങളിലൊന്നായിരുന്നു അദ്ദേഹം. കൊറിയ സർക്കാരിലെ ഉന്നത അംഗങ്ങൾക്കെതിരെ അദ്ദേഹം നിരവധി പരാതികൾ ഫയൽ ചെയ്തിട്ടുണ്ട്.