രണ്ട് ഇസ്രയേലി വിനോദസഞ്ചാരികളെ ഈജിപ്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ വെടിവച്ചു കൊന്നു
ഈജിപ്തില്‍ രണ്ട് ഇസ്രയേലി പൗരന്മാരെ പോലീസ് ഉദ്യോഗസ്ഥന്‍ വെടിവച്ചുകൊന്നു. മെഡിറ്റെറേനിയന്‍ നഗരമായ അലെക്സാന്‍ഡ്രിയയില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ പോലീസ് ഉദ്യോഗസ്ഥന്‍ വെടിവയ്ക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലികള്‍ക്ക് പുറമെ ഒരു ഈജിപ്ഷ്യന്‍ പൗരനും കൊല്ലപ്പെട്ടിട്ടുണ്ട്.
വെടിവയ്പ്പില്‍ മറ്റൊരാള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും എക്സ്ട്രാ ന്യൂസ് ടെലിവിഷന്‍ ചാനല്‍ ഒരു സുരക്ഷ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അക്രമിയെന്ന് സംശയിക്കുന്ന വ്യക്തിയെ കസ്റ്റഡിയിലെടുത്തതായും സുരക്ഷാ ഉദ്യോഗസ്ഥന്‍ പറയുന്നു. അലക്സാന്‍ഡ്രിയയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഇസ്രയേലിന്റെ സക റെസ്ക്യു സര്‍വീസും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈജിപ്തിലെ സംഭവം. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഇതുവരെ 313 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് പലസ്തീന്‍ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഘര്‍ഷത്തില്‍ ഇതുവരെ രണ്ടായിരത്തോളം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗാസയിലെ 'തീവ്രവാദകേന്ദ്രങ്ങളില്‍' തങ്ങള്‍ ആക്രമണം തുടരുകയാണെന്ന് ഇസ്രയേലി വ്യോമസേന സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചിരുന്നു. ഹമാസിന്റെ രഹസ്യാന്വേഷണ വിഭാഗം തലവന്റെ കേന്ദ്രത്തിലാണ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയതെന്നും വ്യോമസേന അവകാശപ്പെട്ടു. ഗാസയിലും തെക്കന്‍ ഇസ്രയേലിലും നടന്ന ഏറ്റുമുട്ടലില്‍ നൂറിലധികം തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും നിരവധി പേരെ തടവിലാക്കിയതായും ഇസ്രയേലി സൈന്യം അറിയച്ചതായി വാര്‍ത്ത ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഹമാസിന്റെ പ്രവര്‍ത്തകര്‍ ഇന്നലെ ഇസ്രയേലി നഗരങ്ങളില്‍ ആക്രമണങ്ങള്‍ നടത്തുകയും 250ഓളം പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. അരനൂറ്റാണ്ടിന് മുന്‍പ് യോം കിപ്പൂര്‍ യുദ്ധത്തിന് ശേഷം ഇസ്രയേല്‍ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ആക്രമണം കൂടിയാണ് ശനിയാഴ്ച നടന്നത്.