റഫ ബോർഡർ ക്രോസിങ്
റഫ ബോർഡർ ക്രോസിങ്

ഗാസയുടെ അവസാന പിടിവള്ളി; റഫ ക്രോസിങ് തുറക്കാതെ ഈജിപ്ത്

സിനായിൽ പലസ്തീനികളെ പുനരധിവസിപ്പിക്കാനായി ഇസ്രയേൽ പദ്ധതിയിടുന്നുണ്ടെന്നാണ് ഈജിപ്ഷ്യൻ അധികാരികളുടെ പ്രധാന ആശങ്ക
Updated on
3 min read

ഇസ്രയേല്‍ ഹമാസിനെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങളില്‍ തകര്‍ന്നടിയുകയാണ് ഗാസ. കൂട്ടക്കുരുതികളാണ് ഗാസയില്‍ അരങ്ങേറുന്നത്. ആശുപത്രിയ്ക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ഞൂറിലധികം പേര്‍ കൊല്ലപ്പെട്ടത് ഇതിലെ ഏറ്റവും ഒടുവിലെ സംഭവമാണ്. ഗാസ ഒരു തുറന്ന ജയിലായാണ് അറിയപ്പെടുന്നത്. എന്നാല്‍ ഇന്നത് രണ്ട് ദശലക്ഷത്തിന് അധികം വരുന്ന ജനങ്ങള്‍ക്ക് മരണഭൂമിയായി മാറുകയാണ്. ഗാസയില്‍ നിന്നും പുറത്തുകടക്കാനാകാരെ യുദ്ധത്തിന്റെയും പട്ടിണിയുടെയും ദുരിതം പേറി ലക്ഷക്കണക്കിന് പേരാണ് ഗാസയില്‍ കഴിയുന്നത്.

ഗാസയ്ക്ക് വേണ്ടി ഇസ്രയേലിന്റെ സഹായമില്ലാതെ എന്തെങ്കിലും ചെയ്യാന്‍ കഴിയുക ഈജിപ്തിന് മാത്രമാണ്

പടിഞ്ഞാറ് മെഡിറ്ററേനിയന്‍ കടല്‍, വടക്കും കിഴക്കും ഇസ്രയേല്‍, തെക്ക് ഈജിപ്ത്. ഇതാണ് ഗാസ മുനമ്പിന്റെ അതിര്‍ത്തികള്‍. ഗാസയില്‍ നിന്ന് പുറം ലോകത്തേക്ക് മൂന്ന് വഴികള്‍ മാത്രം. കരേം അബു സലേം ക്രോസിംഗ്, എറെസ് ക്രോസിംഗ് എന്നിവ ഇസ്രയേല്‍ നിയന്ത്രിക്കുന്നു. റഫ ക്രോസിംഗ് ഈജിപ്തിന്റെ നിയന്ത്രണത്തിലും. ഇസ്രയേല്‍ ഗാസയ്ക്ക് മുകളില്‍ ആക്രമണം കടുപ്പിക്കുമ്പോള്‍ ലോകത്തിനും, ഗാസ നിവാസികള്‍ക്കും ഏക ആശ്രയം റഫ ക്രോസിങ് മാത്രമാണ്. എന്നാല്‍, ഒക്‌ടോബർ ഏഴിലെ ഇസ്രായേലിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ റഫ അതിർത്തി ഈജിപ്ത് അടച്ചു.

ഇതോടെ, ഇസ്രയേല്‍ ഉപരോധത്തില്‍ നിന്നും ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള ഏക വഴികൂടിയാണ് ഗാസയ്ക്ക് മുന്നില്‍ അടയ്ക്കപ്പെട്ടത്. ഗാസയ്ക്ക് വേണ്ടി ഇസ്രയേലിന്റെ സഹായമില്ലാതെ എന്തെങ്കിലും ചെയ്യാന്‍ കഴിയുക ഈജിപ്തിന് മാത്രമാണ്. എന്നാൽ സ്ഥിതി ഗതികൾ രൂക്ഷമായിട്ടും ഇത് തുറക്കാൻ ഈജിപ്ത് തയ്യാറാകാതെ വരുന്നതോടെ പലസ്തീൻ ജനതയുടെ ജീവൻ നിലനിർത്താനുള്ള ഏക വഴിയും അടഞ്ഞിരിക്കുകയാണ്.

റഫ ബോർഡർ തുറന്നാൽ ഈജിപ്തിലേക്ക് കടക്കാൻ തയ്യാറായി നിൽക്കുന്ന പലസ്തീനികൾ
റഫ ബോർഡർ തുറന്നാൽ ഈജിപ്തിലേക്ക് കടക്കാൻ തയ്യാറായി നിൽക്കുന്ന പലസ്തീനികൾ
റഫ ബോർഡർ ക്രോസിങ്ങിന് മുന്നിൽ കാത്ത് നിൽക്കുന്ന പലസ്തീനി
റഫ ബോർഡർ ക്രോസിങ്ങിന് മുന്നിൽ കാത്ത് നിൽക്കുന്ന പലസ്തീനി

റഫ ക്രോസിങിന്റെ പ്രാധാന്യം

ഈജിപ്തിലെ സിനായ് പെനിൻസുലയുമായി ഗാസ മുനമ്പിന്റെ തെക്ക് ഭാഗം കൂടിച്ചേരുന്നിടത്താണ് റഫ ക്രോസിങ്‌ ഉള്ളത്. ഗാസയിലെ ജനങ്ങൾക്കാവശ്യമായ മരുന്ന്, ഭക്ഷണം, വെള്ളം, മറ്റ് മാനുഷിക സഹായങ്ങൾ എന്നിവയുമായി നൂറു കണക്കിന് ട്രക്കുകളാണ് ഈ ബോർഡർ ക്രോസിങ്ങിൽ കാത്ത് കിടക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കനുസരിച്ച്, 300,000 ആളുകൾക്കുള്ള അവശ്യ സാധനങ്ങൾ എപ്പോൾ വേണമെങ്കിലും ഗാസയിലേക്ക് പ്രവേശിക്കാൻ തയ്യാറാണ്. ഒരു വശത്ത് ഇരട്ട പൗരത്വമുള്ളവരടക്കം ആയിരകണക്കിന് പലസ്തീനികൾ ഈജിപ്തിലേക്ക് സുരക്ഷിതമായ പാത തുറക്കുമെന്ന് പ്രതീക്ഷിച്ച് ദിവസങ്ങളായി കാത്തിരിക്കുകയാണ്.

ഈജിപ്തിന്റെ ആശങ്ക

സിനായിൽ പലസ്തീനികളെ പുനരധിവസിപ്പിക്കാനായി ഇസ്രയേൽ പദ്ധതിയിടുന്നുണ്ടെന്നാണ് ഈജിപ്ഷ്യൻ അധികാരികളുടെ പ്രധാന ആശങ്ക. മാസങ്ങൾ നീണ്ട ഉപരോധത്തെത്തുടർന്ന് ഭക്ഷണവും സാധനങ്ങളും തേടി 2008-ൽ ഗാസക്കാർ റഫ ക്രോസിംഗ് ആക്രമിച്ചതിന്റെ ഓർമ്മയും ഈജിപ്തിനെ പിന്നോട്ട് വലിക്കുന്നുണ്ടാകും എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. എന്ത് വില കൊടുത്തും ഇത്തരം രംഗങ്ങൾ ഒഴിവാക്കുക എന്നതാവും ഈജിപ്തിന്റെ മുൻ‌ഗണന.

തൽഫലമായി, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി ദേശീയ സുരക്ഷ തന്റെ പ്രാഥമിക ഉത്തരവാദിത്തം ആണെന്ന് ഊന്നിപ്പറയുകയും അവരവരുടെ ഭൂമിയിൽ തുടരാൻ ഗാസയിലെ പലസ്തീനികളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഗാസയിൽ നിന്നുള്ള അഭയാർത്ഥികളിൽ ആരാണ് ഹമാസിനെ പിന്തുണച്ചതെന്ന് അറിയാൻ പ്രയാസമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഗാസയിലെ ജനങ്ങൾക്കാവശ്യമായ മരുന്ന്, ഭക്ഷണം, വെള്ളം, മറ്റ് മാനുഷിക സഹായങ്ങൾ എന്നിവയുമായി റഫ ബോർഡറിൽ കാത്ത് കിടക്കുന്ന ട്രക്കുകൾ
ഗാസയിലെ ജനങ്ങൾക്കാവശ്യമായ മരുന്ന്, ഭക്ഷണം, വെള്ളം, മറ്റ് മാനുഷിക സഹായങ്ങൾ എന്നിവയുമായി റഫ ബോർഡറിൽ കാത്ത് കിടക്കുന്ന ട്രക്കുകൾ

ഈജിപ്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ഡിസംബറില്‍ രാജ്യം പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് കടക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ രാജ്യത്തേക്ക് ഉണ്ടാകാനിടയുള്ള വലിയ അഭയാര്‍ത്ഥി പ്രവാഹം പ്രതിസന്ധി സൃഷ്ടിക്കുമെന്ന ഭയവും ഈജിപ്ത് സര്‍ക്കാരിനുണ്ട്. ഗാസയിലേക്ക് സഹായങ്ങൾ എത്തിക്കാനും പലസ്തീനികളെ ഈജിപ്തിലെത്താനും സഹായിക്കുന്ന റഫ ബോർഡർ തുറക്കുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒരു സുപ്രധാന പങ്കു വഹിക്കും എന്നാണ് വിലയിരുത്തൽ.

 റഫ ബോർഡർ ക്രോസിങ്
ഗാസ ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിൽ ആയതെങ്ങനെ?

ആഗോള സമ്മര്‍ദം

ഇസ്രയേലിന്റെ ഗാസ ഉപരോധം മൂലം വെള്ളം, ഭക്ഷണം, ഇന്ധന വിതരണങ്ങൾ എന്നിവ തടസപ്പെട്ടത് വലിയ ദുരന്തത്തിന് വഴി വയ്ക്കുമെന്നാണ് ലോകാരോഗ്യ സംഘടന ഉള്‍പ്പെടെയുള്ളവയുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ബോർഡർ തുറക്കാൻ ഇസ്രയേലിന്റെ ഏറ്റവും അടുത്ത സഖ്യ കക്ഷിയായ അമേരിക്ക ഈജിപിതിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. നിലവിൽ വിദേശ കറൻസി ക്ഷാമം നേരിടുന്ന ഈജിപ്തിന് പകരം കടാശ്വാസം വാഗ്ദാനം ചെയ്തുമാണ് അമേരിക്ക സമ്മർദ്ദം ചെലുത്തുന്നത്.

ബോർഡർ തുറന്നാലും എത്ര പലസ്തീനികൾക്ക് ഈജിപ്തിൽ ഏതാണ് സാധിക്കും എന്നും വ്യക്തമല്ല. ചൊവ്വാഴ്ച ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി നടത്തിയ സംയുക്ത പത്രസമ്മേളനത്തിൽ ജോർദാനിലെ രാജാവ് അബ്ദുല്ല രണ്ടാമൻ ജോർദാനോ ഈജിപ്തോ കൂടുതൽ പലസ്തീനികളെ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഈജിപ്തിലേക്ക് പലസ്തീനിൽ നിന്ന് ആരും കുടിയേറില്ലെന്നാണ് ഹമാസിന്റെ നിലപാട്.

ഗാസയിലേക്കുള്ള ആംബുലൻസുകൾ
ഗാസയിലേക്കുള്ള ആംബുലൻസുകൾ

ഈജിപ്ത്, ബോർഡർ ക്രോസിംഗിനോട് ചേർന്ന് 14 കിലോമീറ്റർ (8.7 മൈൽ) ബഫർ സോണിൽ കൂടാരങ്ങളും സുരക്ഷാ വലയങ്ങളും സ്ഥാപിക്കുന്നതായി ഈജിപ്തിലെ മാധ്യമങ്ങൾ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഈജിപ്ത് അഭയാർത്ഥികളെ സ്വീകരിക്കാൻ തയ്യാറെടുക്കുകയാണെന്നും ഇത് സൂചന നൽകുന്നുണ്ട്.ഗാസയിലും പുറത്തും വൈദ്യുതി, വെള്ളം, ഇന്റർനെറ്റ്, ഇന്ധനം, ഭക്ഷണം എന്നിവ നിരോധിക്കാനുള്ള ഇസ്രായേൽ അധികൃതരുടെ തീരുമാനം പിൻവലിക്കണമെന്നും റഫ ക്രോസിംഗ് ഉടൻ തുറക്കണമെന്നും ആഗോള തലത്തിൽ ആവശ്യം ഉയർന്നിട്ടുണ്ട്.

logo
The Fourth
www.thefourthnews.in