'അഭിപ്രായ സ്വാതന്ത്ര്യം തകർക്കപ്പെടുന്നു'; ട്രൂഡോയ്ക്കെതിരെ മസ്ക്
കാനഡയിലെ ജസ്റ്റിൻ ട്രൂഡോ സർക്കാരിനെതിരെ ആഞ്ഞടിച്ച് ടെസ്ല, എക്സ് മേധാവി ഇലോൺ മസ്‌ക്. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം തകർക്കപ്പെടുന്നു എന്നാണ് മസ്കിന്റെ ആരോപണം. ഓൺലൈൻ സ്ട്രീമിങ് സേവനങ്ങൾക്കായുള്ള റെഗുലേറ്ററി നിയന്ത്രണങ്ങൾക്ക് സർക്കാരിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യണമെന്നത് കാനഡ നിർബന്ധമാക്കിയതിന് പിന്നാലെയാണ് മസ്കിന്റെ പ്രതികരണം. വിധിയെ കുറിച്ച് അഭിപ്രായപ്പെട്ട മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഗ്ലെൻ ഗ്രീൻവാൾഡിന്റെ എക്സ് പോസ്റ്റിന് മറുപടിയായാണ് മസ്ക് ഇക്കാര്യം പറഞ്ഞത്.
"അടിച്ചമർത്തപ്പെട്ട ഓൺലൈൻ സെൻസർഷിപ്പ് സ്കീമുകളിൽ ഏറ്റവും മുന്നിലാണ് കാനഡ. എല്ലാ ഓൺലൈൻ സ്ട്രീമിങ് സേവനങ്ങൾക്കും റെഗുലേറ്ററി നിയന്ത്രണങ്ങൾ അനുവദിച്ച് കിട്ടുന്നതിന് ഗവൺമെന്റിൽ രജിസ്റ്റർ ചെയ്യണമെന്ന് പ്രഖ്യാപിക്കുന്നു," ഗ്രീൻവാൾഡ് എക്സിൽ പോസ്റ്റ് ചെയ്തു. ഇതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു മസ്‌കിന്റെ കുറിപ്പ്. “കാനഡയിലുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ട്രൂഡോ തകർക്കാൻ ശ്രമിക്കുകയാണ്. ലജ്ജാവഹം," മസ്ക് കുറിച്ചു.
അഭിപ്രായസ്വാതന്ത്ര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് ട്രൂഡോ സർക്കാർ വിമർശിക്കപ്പെടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, വാക്സിൻ ഉത്തരവുകളെ എതിർത്തിരുന്ന ട്രക്കർ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചതും പ്രതിഷേധത്തിന് കാരണമായിരുന്നു.
കനേഡിയൻ മണ്ണിൽ ഖലിസ്ഥാനി ഭീകരൻ ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെ ഇന്ത്യ - കാനഡ ബന്ധത്തില്‍ വാദപ്രതിവാദങ്ങള്‍ പുരോഗമിക്കുകയാണ്. 2020-ൽ ഇന്ത്യ ഒരു തീവ്രവാദിയായി പ്രഖ്യാപിച്ച നിജ്ജാറിനെ ജൂണിൽ കനേഡിയൻ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് രണ്ട് അജ്ഞാത അക്രമികൾ വെടിവച്ചു കൊല്ലുകയായിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തെക്കുറിച്ചുള്ള അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും കാനഡ ഇതുവരെ പുറത്തുവിട്ടിട്ടില്ല.