ഇലോൺ മസ്ക്
ഇലോൺ മസ്ക്

പകുതി ജീവനക്കാരേയും പിരിച്ചുവിടാന്‍ ട്വിറ്റര്‍ ?

ട്വിറ്റര്‍ മേധാവിയുടെ പുതിയ നീക്കത്തെ കുറിച്ച് വിശ്വസ്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്
Updated on
1 min read

ട്വിറ്ററിലെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിടാൻ ഇലോണ്‍ മസ്ക് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ട്വിറ്റര്‍ മേധാവിയുടെ നീക്കമെന്ന് വിശ്വസ്ത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 3700ലധികം പേര്‍ക്കാകും ഇതോടെ ജോലി നഷ്ടമാകുക. നവംബര്‍ നാലിന് തന്നെ ഇക്കാര്യം ജീവനക്കാരെ അറിയിക്കുമെന്നാണ് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട്.

എവിടെ നിന്നും ജോലി ചെയ്യാമെന്ന കമ്പനിയുടെ നിലവിലെ രീതി മാറ്റിയേക്കും. ഇതുപ്രകാരം മുഴുവൻ ജീവനക്കാരും ഇനി മുതൽ നേരിട്ട് ഓഫീസിൽ ഹാജരാകണം. അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമാകും ഇക്കാര്യത്തില്‍ മാറ്റം കൊണ്ടുവരിക. പിരിച്ചുവിടുന്ന ജീവനക്കാർക്ക് രണ്ട് മാസത്തെ ശമ്പളം നൽകുമെന്നും സൂചനകളുണ്ട്. ട്വിറ്റര്‍ ആസ്ഥാനത്ത് ഇത് സംബന്ധിച്ച് അവസാനഘട്ട ചര്‍ച്ചകള്‍ നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. എന്നാൽ റിപ്പോർട്ടുകളോട് ട്വിറ്റർ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഇലോൺ മസ്ക്
ട്വിറ്റർ ബ്ലൂ ടിക്കിന് ഇനി മുതൽ എട്ട് ഡോളർ വരിസംഖ്യ; തുക അടച്ചാല്‍ വെരിഫിക്കേഷന്‍

അതിനിടെ ട്വിറ്ററിൽ ബ്ലൂ ടിക്ക് സ്വന്തമാക്കാൻ വരിസംഖ്യ ഏർപ്പെടുത്തിയതിന് എതിരായ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ഇലോൺ മസ്ക് രംഗത്തെത്തി. " നിങ്ങൾ പണം ചിലവഴിച്ചതിനുള്ളത് നിങ്ങൾക്ക് ലഭിക്കും " എന്നാണ് വിമർശകർക്കുള്ള മറുപടിയായി മസ്ക് ട്വിറ്ററിൽ കുറിച്ചത്. ഇടത് നിന്നും വലത് നിന്നും ഒരേസമയം ആക്രമിക്കപ്പെടുന്നത് നല്ല അടയാളമാണെന്നും മസ്ക് ട്വീറ്റ് ചെയ്തു. ട്വിറ്റര്‍ ബ്ലൂ ടിക്കിന് ഇനി മുതൽ 8 ഡോളർ വരിസംഖ്യ ഈടാക്കുമെന്ന് മസ്ക് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. വെരിഫൈഡ് ആയ അക്കൗണ്ടുകളുടെ ഉപയോക്താക്കൾക്ക് ചില മുൻഗണനകൾ നൽകുമെന്നും മസ്ക് ഇതോടൊപ്പം അറിയിച്ചിരുന്നു. ട്വിറ്ററിന്റെ വരുമാനം വർധിപ്പിക്കാനും പരസ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ലക്ഷ്യമിട്ടായിരുന്നു പുതിയ നടപടി. ഇതുപ്രകാരം പ്രമുഖരുടെ അക്കൗണ്ടുകൾക്ക് പുറമെ വരിസംഖ്യ അടയ്ക്കുന്നവര്‍ക്കെല്ലാം ബ്ലൂടിക്ക് ലഭ്യമാകുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുമെന്നാണ് സൂചന. ഓരോ രാജ്യത്തിലും വരിസംഖ്യയില്‍ മാറ്റമുണ്ടായേക്കാമെന്ന സൂചനയും മസ്ക് നല്‍കുന്നു.

ഇലോൺ മസ്ക്
ട്വിറ്റര്‍ ഏറ്റെടുത്ത് ഇലോണ്‍ മസ്ക്, സിഇഒ പരാഗ് അഗര്‍വാൾ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി

ട്വിറ്റര്‍ ഔദ്യോഗികമായി ഏറ്റെടുത്ത് ഒരാഴ്ച തികയുന്നതിനു മുന്‍പേ തന്നെ സിഇഒ ആയിരുന്ന പരാഗ് അഗര്‍വാള്‍, പോളിസി ചീഫ് വിജയ് ഗഡ്ഡെ ഉള്‍പ്പെടെയുള്ളവരെ മസ്ക് പിരിച്ചുവിട്ടിരുന്നു. പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിനായി 75 ശതമാന‍ം ജീവനക്കാരെ പുറത്താക്കാന്‍ മസ്‌ക് പദ്ധതിയിടുന്നതായും അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം മസ്ക് നിഷേധിച്ചിരുന്നു.

logo
The Fourth
www.thefourthnews.in