മസ്കിന്റെ 'കിളി' തിരിച്ചെത്തി; ലോഗോ പുനഃസ്ഥാപിച്ച് ട്വിറ്റർ

മസ്കിന്റെ 'കിളി' തിരിച്ചെത്തി; ലോഗോ പുനഃസ്ഥാപിച്ച് ട്വിറ്റർ

നീലക്കിളിയെ പുനഃസ്ഥാപിച്ചതിന് തൊട്ട്പിന്നാലെ ഡോഗികോയിന്റെ മൂല്യം ഒമ്പത് ശതമാനം ഇടിഞ്ഞു
Updated on
1 min read

ട്വിറ്ററിന്റെ ഔദ്യോഗിക ലോഗോ പുനഃസ്ഥാപിച്ച് സിഇഒ ഇലോൺ മസ്‌ക്. കഴിഞ്ഞ ദിവസം ട്വിറ്ററിന്റെ ഔദ്യോഗിക ലോഗോയായ നീലക്കിളിയുടെ ചിത്രം നീക്കി ഷിബ ഇനു എന്ന നായയുടെ മുഖമാക്കി കമ്പനി മാറ്റിയിരുന്നു. ഇത് വലിയ വാർത്തയായതിന് പിന്നാലെ മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് ലോഗോ മസ്‌ക് പുനഃസ്ഥാപിച്ചത്.

ട്വിറ്ററിന്റെ ഡെസ്‌ക്ടോപ് വേര്‍ഷനില്‍ മാത്രമായിരുന്നു പുതിയ മാറ്റം വന്നിരുന്നത്. ഡോഗി കോയിന്‍ ക്രിപ്‌റ്റോ കറന്‍സിയുടെ മീം ആണ് ഷിബ ഇനു എന്ന നായ. ട്വിറ്ററിന്റെ പരമ്പരാഗത നീലക്കിളിയെ മാറ്റി ഈ നായയുടെ ചിത്രം വെക്കാനുള്ള കാരണം വ്യക്തമല്ല. എങ്കിലും ഡോഗ്‌കോയിന്റെ മൂല്യം മനഃപൂര്‍വം വര്‍ധിപ്പിച്ചെന്ന് ആരോപിച്ച് ഇലോണ്‍ മസ്‌കിനെതിരെ ക്രിപ്‌റ്റോകറന്‍സിയുടെ നിക്ഷേപകര്‍ നടത്തുന്ന കേസിന്റെ പശ്ചാത്തലത്തിലാണ് കിളിയെ തിരികെ എത്തിച്ചത് എന്നാണ് വിലയിരുത്തുന്നത്.

ഡോഗ്‌കോയിനെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു പിരമിഡ് സ്കീം നടത്തിയെന്ന് ആരോപിച്ച് 258 ബില്യണ്‍ ഡോളർ നഷ്ടപരിഹാരമാണ് നിക്ഷേപകർ ആവശ്യപ്പെട്ടിരിക്കുന്നത്. ഉപയോക്താക്കളെ ഏപ്രിൽ ഫൂൾ ആക്കാന്‍ വേണ്ടി മാത്രമാണ് ലോഗോ മാറ്റിയതെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.

ട്വിറ്ററിന്റെ വെബ് ലോഗോ മാറ്റിയതിന് ശേഷം ഡോഗി കോയിന്റെ മൂല്യം 20 ശതമാനം ഉയർന്നിരുന്നു. എന്നാൽ നീലക്കിളിയെ പുനഃസ്ഥാപിച്ചതിന് തൊട്ട്പിന്നാലെ ഡോഗ്കോയിന്റെ മൂല്യം ഒമ്പത് ശതമാനം ഇടിഞ്ഞതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോ കറന്‍സികളെ പരിഹസിക്കുന്നതിന് 2013ല്‍ തുടക്കമിട്ടതാണ് ഡോഗി കോയിന്‍ എന്ന ക്രിപ്‌റ്റോ കറന്‍സി.ഡോഗി മീമിന്റെ സൂപ്പർ ഫാനാണ് ഇലോണ്‍ മസ്‌ക്. കഴിഞ്ഞ വർഷം ട്വിറ്ററിൽ 'സാറ്റർഡേ നൈറ്റ് ലൈവ്' ഹോസ്റ്റ് ചെയ്തപ്പോൾ ഡോഗി കോയിനെ പിന്തുണച്ചിരുന്നു.

ലോഗോ മാറ്റത്തിന് പിന്നാലെ മസ്‌ക് പങ്കുവച്ച ട്വീറ്റും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ട്വിറ്ററിന്റെ പുതിയ ലോഗോയിലുള്ള നായ കാറിനുള്ളിൽ ഇരുന്നുകൊണ്ട് പട്രോളിങ്ങിനെത്തിയ ഉദ്യോഗസ്ഥന് ലൈസൻസ് കൈമാറുന്നതും, ഇത് പഴയ ഫോട്ടോയാണെന്ന് പറയുന്നതുമായ രസകരമായൊരു ചിത്രമാണ് മസ്‌ക് ട്വീറ്റ് ചെയ്തത്. 2022 മാർച്ച് 26ന് നീലപക്ഷിയുടെ ലോഗോയ്ക്ക് പകരം നായയെയാക്കണമെന്ന് ആവശ്യപ്പെട്ട് മസ്കിന്റെ ഔദ്യോഗിക അക്കൗണ്ടിൽ ഒരു അജ്ഞാത സന്ദേശമെത്തിയിരുന്നു. അതിന്റെ സ്ക്രീൻഷോട്ടിനൊപ്പം വാക്ക് പാലിച്ചുവെന്നും അദ്ദേഹം കുറിച്ചിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ശതകോടീശ്വരനും ടെസ്ല മേധാവിയുമായ ഇലോൺ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. ചിലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ടതും ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്‌ഷന് പണം ഏർപ്പെടുത്തിയതുമടക്കം സൈറ്റ് വാങ്ങിയതിന് പിന്നാലെ നിരവധി മാറ്റങ്ങളും പരിഷ്കാരങ്ങളും മസ്‌ക് നടപ്പാക്കിയിട്ടുണ്ട്. 44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം മസ്കിന്റെ ആസ്തിയെ അത് വൻതോതിൽ ബാധിച്ചിരുന്നു. നിലവിൽ 171 ബില്യൺ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനാണ് ഇലോൺ മസ്‌ക്.

logo
The Fourth
www.thefourthnews.in