ഭക്ഷണത്തിലും കയ്യിട്ട് മസ്ക്; ട്വിറ്റർ ആസ്ഥാനത്ത് ഭക്ഷണത്തിനായി പ്രതിവര്‍ഷം ചിലവഴിക്കുന്നത്13 മില്ല്യണെന്ന് ആരോപണം
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കി രണ്ടാഴ്ച പിന്നിട്ടിട്ടും കമ്പനിയിലെ വിവാദങ്ങള്‍ തുടരുകയാണ്. സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ ട്വിറ്റര്‍ ആസ്ഥാനത്ത് ഭക്ഷണത്തിനായി ട്വിറ്റര്‍ ചിലവിടുന്നത് 13 മില്ല്യണ്‍ ഡോളറാണെന്ന പരാമര്‍ശവുമായി ഇലോണ്‍ മസ്‌ക് രംഗത്തെത്തി. മുന്‍ വൈസ് പ്രസിഡന്റ് ട്രേസി ഹോക്കിന്‍സുമായി നടത്തിയ ട്വിറ്റര്‍ വാഗ്വാദങ്ങള്‍ക്കിടെയായിരുന്നു മസ്‌കിന്റെ പരാമര്‍ശം.
ജീവനക്കാര്‍ ആരും സ്ഥാപനത്തില്‍ ഇല്ലായിരുന്നിട്ടും കഴിഞ്ഞ 12 മാസമായി ഉച്ചഭക്ഷണത്തിന് മാത്രമായി ട്വിറ്റര്‍ ചിലവാക്കിയത് 400 ഡോളറാണെന്നായിരുന്നു മസ്‌കിന്റെ ആദ്യത്തെ ട്വീറ്റ്. എന്നാല്‍ ഇത് കള്ളമാണെന്ന് ചൂണ്ടികാട്ടി മുന്‍ ട്വിറ്റര്‍ വൈസ് പ്രസിഡന്റ് ട്രേസി ഹോക്കിന്‍സ് രംഗത്തെത്തി.
കഴിഞ്ഞയാഴ്ച വരെ ട്വിറ്റര്‍ ജീവനക്കാരുടെ ഭക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്റെ ചുമതലയില്‍ ആയിരുന്നു. ഇലോണ്‍ മസ്‌കിന്റെ കൂടെ ജോലി ചെയ്യാന്‍ താല്‍പര്യമില്ലാത്തതിനെ തുടര്‍ന്നാണ് ജോലി ഉപേക്ഷിച്ചത്. പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഒരാള്‍ക്ക് ഒരു ദിവസം 20 മുതല്‍ 25 ഡോളറാണ് ചിലവഴിച്ചിരുന്നതെന്നും ട്രേസി ഹോക്കിന്‍സ് ട്വീറ്റ് ചെയ്തു.
മീറ്റിങ്ങുകള്‍ക്കിടയിലും ഉച്ചഭക്ഷണ സമയത്തും ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ ഇതിലൂടെ കഴിഞ്ഞിരുന്നു എന്നും അവര്‍ വ്യക്തമാക്കി. എല്ലാ സമയത്തും 20 മുതല്‍ 50 ശതമാനം വരെ ഹാജര്‍ നില ഉണ്ടായിരുന്നെന്നും ഹോക്കിന്‍സ് വ്യക്തമാക്കി.
എന്നാല്‍ പ്രതിവര്‍ഷം 13 മില്ല്യണ്‍ ഡോളറാണ് ഭക്ഷണത്തിനായി മാത്രം സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ ട്വിറ്ററിന്റെ ആസ്ഥാനത്ത് ചെലവിടുന്നതെന്ന് പറഞ്ഞ മസ്‌ക് മുന്‍ വൈസ് പ്രസിഡന്റിന്റെ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞു. പ്രഭാത ഭക്ഷണം തയ്യാറാക്കാന്‍, കഴിക്കുന്നവരേക്കാള്‍ കൂടുതല്‍ ആളുകളെത്തി. ഓഫീസില്‍ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ പലപ്പോഴും അത്താഴം വിളമ്പേണ്ടി വന്നതേ ഇല്ലെന്നും മസ്‌ക് ട്വീറ്റ് ചെയ്തു.ട്വിറ്റര്‍ ജീവനക്കാരുടെ സൗജന്യ ഉച്ചഭക്ഷണം മസ്‌ക് റദ്ദാക്കിയെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദങ്ങള്‍ ഉയര്‍ന്നത്
ശതകോടീശ്വരനും സംരംഭകനുമായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഔദ്യോഗികമായി ഏറ്റെടുത്ത് ഒരാഴ്ച തികയുന്നതിനു മുന്‍പേ തന്നെ സിഇഒ ആയിരുന്ന പരാഗ് അഗര്‍വാള്‍, പോളിസി ചീഫ് വിജയ് ഗഡ്ഡെ ഉള്‍പ്പെടെയുള്ളവരെ പിരിച്ചുവിട്ടിരുന്നു. പ്രവര്‍ത്തനച്ചെലവ് കുറയ്ക്കുന്നതിനായി 75 ശതമാനം ജീവനക്കാരെ പുറത്താക്കാന്‍ മസ്‌ക് പദ്ധതിയിടുന്നതായും അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം മസ്ക് നിഷേധിച്ചിരുന്നു.