കടുത്ത സാമ്പത്തിക പ്രതിസന്ധി; കസേരയും കംപ്യൂട്ടറുമടക്കം വിൽപനയ്ക്ക് വെച്ച് ഇലോൺ മസ്ക്
ട്വിറ്ററിന്റെ ആസ്തി വകകള്‍ ലേലത്തില്‍ വില്‍ക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്. സാന്‍ഫ്രാന്‍സിസ്‌കോയിലെ ട്വിറ്റർ ആസ്ഥാനത്തുള്ള അടുക്കള സാധനങ്ങളടക്കം സ്വന്തമാക്കാനുള്ള അവസരമാണ് ഇതോടെ പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നത്. ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം ആവശ്യമില്ലാതെ വന്ന വസ്തുക്കളാണ് ലേലത്തിനായി തിരഞ്ഞെടുത്തിരിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം
അടുത്ത വര്‍ഷം ജനുവരി 17 നാണ് ലേലം നിശ്ചയിച്ചിരിക്കുന്നത്
ട്വിറ്റര്‍ ഇലോണ്‍ മസ്‌ക് ഏറ്റെടുത്തതോടെ നിരവധി വിവാദങ്ങള്‍ ഉണ്ടായിരുന്നു. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത് വലിയ ചർച്ചയായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ സ്ഥാപനത്തിലെ വസ്തു വകകള്‍ വില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ട്വിറ്റര്‍ ചിഹ്നത്തിന്റെ വലിയ പ്രതിമ, ഐ മാക് സക്രീനുകള്‍, മെഷീനുകള്‍, കസേരകള്‍, അടുക്കള ഉപകരണങ്ങള്‍, പ്രൊജക്ടറുകള്‍, പിസ്സ ഓവനുകള്‍ തുടങ്ങി അത്യാധുനിക ഉപകരണങ്ങളടക്കം ലേലത്തില്‍ ഉള്‍പ്പെടുന്നുണ്ട്. അടുത്ത വര്‍ഷം ജനുവരി 17 നാണ് ലേലം. ഹെറിറ്റേജ് ഗ്ലോബല്‍ കമ്പനിയാണ് ലേലത്തിന് നേതൃത്വം നല്‍കുന്നത്.
20 മുതല്‍ 50 ഡോളര്‍ വരെയാണ് ലേലത്തിൽ തുടക്കത്തിലെ വില നിശ്ചയിച്ചിരിക്കുന്നത്
ആവശ്യമില്ലാത്ത ആസ്തികളാണ് വില്‍ക്കുന്നത് എന്നാണ് മസ്‌കിന്റെ വാദം. എന്നാല്‍ ഇതിനെതിരെ സ്ഥാപനത്തിലെ ജീവനക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. ചെലവ് ചുരുക്കലിന്റെ ഭാഗമായി നടപടിയെ കാണാന്‍ ആകില്ലെന്നാണ് ജീവനക്കാര്‍ അഭിപ്രായപ്പെടുന്നത്. വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ട്വിറ്റര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വാദവും ഉയരുന്നുണ്ട്. എന്നാല്‍ അതിനെയെല്ലാം നിരാകരിക്കുകയാണ് ഹെറിറ്റേജ് ഗ്ലോബല്‍ കമ്പനി രംഗത്തെത്തി. ലേലത്തിന് ട്വിറ്ററിന്റെ സാമ്പത്തിക അവസ്ഥകളുമായി ഒരു ബന്ധവുമില്ലെന്ന് അവര്‍ വ്യക്തമാക്കി. 20 മുതല്‍ 50 ഡോളര്‍ വരെയാണ് ലേലത്തിൽ അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്.
ഭക്ഷണത്തിനായി ട്വിറ്റര്‍ ചിലവിടുന്നത് 13 മില്ല്യണ്‍ ഡോളറാണെന്ന പരാമര്‍ശവുമായി ഇതിന് മുൻപ് ഇലോൺ മസ്ക് രംഗത്തെത്തിയിരുന്നു. ജീവനക്കാര്‍ ആരും സ്ഥാപനത്തില്‍ ഇല്ലായിരുന്നിട്ടും കഴിഞ്ഞ 12 മാസമായി ഉച്ചഭക്ഷണത്തിന് മാത്രമായി ട്വിറ്റര്‍ ചിലവാക്കിയത് 400 ഡോളറാണെന്ന് മസ്ക് ട്വീറ്റ് ചെയ്യുന്നതോടെയാണ് തർക്കങ്ങൾക്ക് തുടക്കമാകുന്നത്. ഇതിനെതിരെ മുൻ ട്വിറ്റര്‍ വൈസ് പ്രസിഡന്റ് ട്രേസി ഹോക്കിന്‍സ് തന്നെ രംഗത്തെത്തിയിരുന്നു.