യുക്രെയ്ന് നല്‍കുന്ന ഇന്റർനെറ്റ് സേവനത്തിൽ നിയന്ത്രണം വരുത്തി ഇലോൺ മസ്കിന്റെ സ്‌പേസ് എക്സ്
റഷ്യയുടെ അധിനിവേശത്തിന് ശേഷം യുക്രെയ്നിന് സ്റ്റാർ ലിങ്ക്സ് നൽകി വന്നിരുന്ന ഇന്റർനെറ്റ് ലഭ്യതയിൽ നിയന്ത്രണം വരുത്തി ഇലോൺ മസ്കിന്റെ സ്‌പേസ് എക്സ്. കീവ് ആസ്ഥാനമാക്കിയാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഇന്റർനെറ്റ് ഉപയോഗത്തിന് യുക്രെയ്‌നിന് സ്‌പേസ് എക്സ് നൽകിയിരുന്നു. എന്നാല്‍, യുദ്ധാവശ്യങ്ങള്‍ക്കായി സ്റ്റാർലിങ്ക് ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. ഡ്രോണുകളുടെ പ്രവർത്തനത്തിനും സ്റ്റാർലിങ്ക് ഉപയോഗപ്പെടുത്തിയെന്ന് കാണിച്ചാണ് സ്പേസ് എക്സ് നിയന്ത്രണമേർപ്പെടുത്തിയത്. സ്ഥാപനത്തിന്റെ നിയമത്തിന് വിരുദ്ധമായതിനാലാണ് നീക്കമെന്നാണ് വിശദീകരണം.
കമ്പനിക്ക് ആരുടെ ഭാഗത്ത് നിൽക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം ഉണ്ടെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോദിമർ സെലൻസ്കിയുടെ ഉപദേശകൻ മിഖൈലോ പൊഡോലിയാക് പ്രതികരിച്ചു. ഒന്നുകിൽ അവർക്ക് സ്വാതന്ത്ര്യത്തിന്റെ പക്ഷമായ യുക്രെയ്‌നിൽ ചേരാം, അല്ലെങ്കിൽ കൊല്ലുകയും പ്രദേശങ്ങൾ പിടിച്ചടക്കുകയും ചെയ്യുന്ന റഷ്യയുടെ ഒപ്പം ചേരാം. എന്നാൽ, വാഷിംഗ്ടണിൽ നടന്ന ഒരു പരിപാടിയിൽ സ്‌പേസ് എക്‌സ് പ്രസിഡന്റ് ഗ്വിൻ ഷോട്ട്‌വെൽ, സ്റ്റാർലിങ്ക് സാങ്കേതികവിദ്യ ഒരിക്കലും ആയുധങ്ങള്‍ക്ക് തുല്യമാക്കാൻ ഉദ്ദേശിച്ചുള്ള ഒന്നല്ലെന്നും മനുഷ്യരുടെ നന്മയ്ക്ക് വേണ്ടിയുള്ളതാണെന്നും വിശദീകരിച്ചു. സ്റ്റാർ ലിങ്കിന്റെ സിഗ്നലുകൾ പ്രവർത്തനരഹിതമാക്കാൻ റഷ്യ ശ്രമിച്ചെന്ന് ഇലോൺ മസ്ക് ആരോപിച്ചിരുന്നു.
ഒക്ടോബറിൽ യുക്രെയ്‌നിന് സ്റ്റാർ ലിങ്ക്സിന്റെ സേവനത്തിന് വേണ്ടിയുള്ള സാമ്പത്തിക സഹായം ഇനി തുടരുകയില്ലെന്ന് ഇലോൺ മസ്‌ക് വ്യക്തമാക്കിയിരുന്നു
റഷ്യ യുക്രെയ്ൻ യുദ്ധം ആരംഭിച്ചപ്പോള്‍ ഇന്റർനെറ്റ് സേവനങ്ങൾ എല്ലാം തടസപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് സ്‌പേസ് എക്സ്, സ്റ്റാർ ലിങ്ക്സ് ഡിഷുകൾ യുക്രെയ്‌നിന് ലഭ്യമാക്കിയത്. ലോ-എർത്ത് ഓർബിറ്റിലെ ഉപഗ്രഹങ്ങളുമായി ബന്ധിപ്പിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. എന്നാൽ, കഴിഞ്ഞ ഒക്ടോബറിൽ യുക്രെയ്‌നിന് സ്റ്റാർ ലിങ്ക്സിന്റെ സേവനത്തിന് വേണ്ടിയുള്ള സാമ്പത്തിക സഹായം ഇനി തുടരുകയില്ലെന്ന് ഇലോൺ മസ്‌ക് വ്യക്തമാക്കിയിരുന്നു.