13 മണിക്കൂര്‍ പറന്നു, അവസാനം പുറപ്പെട്ടിടത്ത് തന്നെ തിരിച്ചിറക്കി എമിറേറ്റ്‌സ് വിമാനം
കഴിഞ്ഞ ദിവസം ദുബായിയിൽ നിന്ന് ന്യുസീലൻഡിലേക്ക് പുറപ്പെട്ട എമിറേറ്റ് വിമാനത്തിലുണ്ടായവർക്ക് നേരിട്ടത് അപൂർവ അനുഭവം. 13 മണിക്കൂർ യാത്രയ്ക്ക് ശേഷം വിമാനം ലാൻഡ് ചെയ്തത് പുറപ്പെട്ട അതേ വിമാനത്താവളത്തിൽ. അപ്രതീക്ഷിത മഴയിൽ ഓക്‌ലന്‍ഡ് വിമാനത്താവളം വെള്ളത്തിലായതാണ് തിരിച്ചടിയായത്.
ദുബായില്‍ നിന്ന് വെള്ളിയാഴ്ച രാവിലെയാണ് ഓക്‌ലന്‍ഡിലേക്കുള്ള എമിറേറ്റ്‌സ് വിമാനം പുറപ്പെട്ടത്. എന്നാല്‍ 13 മണിക്കൂര്‍ യാത്ര ചെയ്ത ശേഷം വിമാനം പുറപ്പെട്ടിടത്ത് തന്നെ തിരിച്ചിറക്കി. EK448 വിമാനമാണ് പാതിവഴിയില്‍ യാത്ര മതിയാക്കി തിരിച്ചെത്തിയത്. ന്യൂസിലന്‍ഡിലെ ഓക്‌ലന്‍ഡ് വിമാനത്താവളത്തം വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിടേണ്ടി വന്നതാണ് യാത്ര മതിയാക്കി തിരിച്ചു പോകാന്‍ കാരണം. പ്രാദേശികസമയം രാവിലെ 10.30 ഓടെ പറന്നുയര്‍ന്ന വിമാനം 9000 മൈല്‍ യാത്ര ചെയ്ത ശേഷമാണ് നിര്‍ദേശങ്ങളെ തുടര്‍ന്ന് യാത്ര റദ്ദാക്കിയത്. അര്‍ദ്ധരാത്രിയില്‍ ദുബായി വിമാനത്താവളത്തിൽ തന്നെ തിരിച്ചെത്തി.
ഓക്‌ലന്‍ഡിൽ വെള്ളിയാഴ്ച ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് പെയ്തത്. വിമാനത്താവളം പൂര്‍ണമായും വെള്ളത്തിനടിയിലായിരുന്നു എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകള്‍ വ്യക്തമാക്കുന്നത്. സംഭവിച്ചത് അങ്ങേയറ്റം നിരാശാജനകമായ കാര്യമാണെങ്കിലും ജനങ്ങളുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കിയതെന്ന് ഓക്‌ലന്‍ഡ് എയര്‍പോര്‍ട്ട് ട്വീറ്റ് ചെയ്തു.
ഓക്‌ലന്‍ഡിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിമാനത്താവളം ഞായറാഴ്ച വരെ അടച്ചിട്ടിരുന്നു. വിമാനത്താവളത്തിലെ വെള്ളപ്പൊക്കം മൂലമുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ എമിറേറ്റ്‌സ് ക്ഷമാപണം നടത്തി. ഓക്‌ലന്‍ഡിലുണ്ടായ വെള്ളപ്പൊക്കത്തില്‍ നാലോളം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.