പാകിസ്താന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുന്നു; റെക്കോര്‍ഡിട്ട് ഇന്ധന വില
സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്താനൊരുങ്ങി പാകിസ്താന്‍. ഊര്‍ജ പ്രതിസന്ധിയാണ് രാജ്യത്തെ തകര്‍ക്കുന്ന വില്ലനായി മാറിയത്. പെട്രോളിന്റേയും ഡീസലിന്റേയും വര്‍ധിച്ചു വരുന്ന വിലയാണ് രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വീണ്ടും 14 രൂപ പെട്രോളിന് വര്‍ധിച്ചത്.പെട്രോള്‍ വിലയും വൈദ്യുതിചാര്‍ജും വര്‍ധിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു.ബില്ലുകള്‍ കത്തിച്ചു കൊണ്ടും ഹൈവേകളിലെ ഗതാഗതം തടസപ്പെടുത്തികൊണ്ടും വൈദ്യുത കമ്പനികളുടെ ഓഫീസുകള്‍ ആക്രമിച്ചുകൊണ്ടുമായിരുന്നു പ്രതിഷേധം.
കഴിഞ്ഞദിവസം 14 രൂപയാണ് പെട്രോളിന് വര്‍ധിച്ചത്. അന്താരാഷ്ട്ര വിപണിയല്‍ പെട്രോളിന് വില വര്‍ധിക്കുന്നതും വിനിമയ നിരക്കിലെ വ്യതിയാനങ്ങളുമാണ് ഇതിനുള്ള കാരണമായി ധനകാര്യ വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് 305 .36 പികെആർ ആണ് നല്‍കേണ്ടത്. അതേ സമയം ഹൈസ്പീഡ് ഡീസലിന് വില ലിറ്ററിന് 18.44 പികെആർ ആയിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ 311.84 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന് പാകിസ്താനില്‍ ഈടാക്കുന്നത്.പാകിസ്താനിലെ ഊര്‍ജ പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും വില വെട്ടിക്കുറയ്ക്കാന്‍ താത്കാലിക പ്രധാനമന്ത്രിയായ അന്‍വാരുല്‍ ഹഖ് കാക്കറിന്റെ സര്‍ക്കാര്‍ തയ്യാറാവാത്തതും ജനങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട് . ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ടില്‍ നിന്നും രാജ്യമെടുത്ത വായ്പ തിരിച്ചടക്കുന്നതിന്റെ ഭാഗമായാണ് ഇന്ധനവിലയും വൈദ്യുത വിലയും വെട്ടിക്കുറയ്ക്കാൻ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതെന്നാണ് നിരീക്ഷണം
രണ്ടാഴ്ച്ച മുന്‍പാണ് രാജ്യത്ത് പെട്രോളിന് 17.8 രൂപ വര്‍ധിപ്പിച്ചത്. കഴിഞ്ഞ ദിവസം പിന്നെയും 14 രൂപ കൂടി വര്‍ധിപ്പിച്ചു. രണ്ടാഴ്ച്ക്കിടെ 31.41 രൂപയാണ് പാകിസ്താനില്‍ പെട്രോള്‍ വിലയില്‍ റിപ്പോര്‍ട്ട് ചെയ്ത മാറ്റം. പാകിസ്താനിലെ സാമ്പത്തിക തകര്‍ച്ചയാണ് ഇന്ധനവിലയുടെ കുതിപ്പ് കാണിക്കുന്നതെന്നാണ് അടുത്തിടെ ഒരു വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ജനജീവിതം ദുസഹമാകുകയാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം ജിയോ ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ട്. പാകിസ്താനില്‍ സര്‍ക്കാർ പെട്രോളിയത്തിന്റേയും ഡീസലിന്റേയും വില വര്‍ധിപ്പിക്കുന്നത് ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ധന വിലയും വൈദ്യുതി വിലയും രാജ്യത്ത് അശാന്തി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നത്. പ്രതിസന്ധി തുടരുകയാണെങ്കില്‍ പ്രശ്‌നം കൂടുതല്‍ വഷളാകാനാണ് സാധ്യത. നിയന്ത്രിത ഇറക്കുമതിയില്‍ ഒരു മാസത്തെ വിദേശ കരുതല്‍ ശേഖരം മാത്രമാണ് പാകിസ്താന്റെ കൈവശമുള്ളതെന്നാണ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് . ശ്രീലങ്കയെ പോലെ പാകിസ്താനും പാപ്പരത്തത്തിലേക്ക് നീങ്ങുകയാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.