ഒമിക്രോണിന് പിന്നാലെ എറിസ്; ബ്രിട്ടനിൽ പുതിയ കോവിഡ് വകഭേദത്തിന്റെ വ്യാപനം
ഒമിക്രോണിന് ശേഷം കോവിഡ് വൈറസിന്റെ പുതിയ വകഭേദം പടരുന്നതായി റിപ്പോർട്ട്. അതിവേഗം പടരുന്ന ഒമിക്രോണിൽ നിന്ന് രൂപംകൊണ്ട ഇ ജി 5.1 എന്ന വകഭേദം യുകെയില് ആദ്യമായി കണ്ടെത്തിയത് കഴിഞ്ഞ മാസമാണ്. എറിസ് എന്ന് വിളിപ്പേരുള്ള വൈറസ് രാജ്യത്ത് അതിവേഗം പടരുന്നതായാണ് റിപ്പോർട്ടുകൾ.
രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ ഏഴുപേർ എറിസ് ബാധിതരാണെന്ന് യു കെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. 14.6 ശതമാനം കേസുകളിൽ എറിസ് വേരിയന്റിനെ കണ്ടെത്താനായിട്ടുണ്ട്. യു കെയിൽ ഈ ആഴ്ച കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. റെസ്പിറേറ്ററി ഡാറ്റാമാർട്ട് സിസ്റ്റത്തിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ട 4,396 ശ്വസനഗ്രന്ഥി സാമ്പിളുകളിൽ 5.4 ശതമാനവും കോവിഡ്-19 വൈറസാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇത് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്ത കേസുകളെക്കാൾ 1.7 ശതമാനം അധികമാണ്.
ഏഷ്യയിൽ വർധിച്ചുവരുന്ന കോവിഡ് കേസുകളിൽ വൈറസിനെ കണ്ടെത്തിയ ശേഷം ജൂലൈ 31നാണ് എറിസിനെ കോവിഡ് വേരിയന്റായി യുകെ പ്രഖ്യാപിക്കുന്നത്. ഈ ആഴ്ചത്തെ കോവിഡ്-19 കേസുകളുടെ റിപ്പോർട്ടിൽ വർധന കാണുന്നുണ്ടെന്ന് യുകെഎച്ച്എസ്എയുടെ പ്രതിരോധ കുത്തിവയ്പ്പ് മേധാവി ഡോ. മേരി റാംസെ പറഞ്ഞു. പ്രായമായവരെ ആശുപത്രികളിൽ പ്രവേശിക്കുന്നതിന്റെ നിരക്കും ഉയർന്നു. പുതിയ കേസുകളുടെ സ്വഭാവം ആരോഗ്യവിഭാഗം നിരീക്ഷിച്ചുവരികയാണ്.
വൈറസിനെ പ്രതിരോധിക്കാൻ ആളുകൾ ശുചിത്വവും മറ്റ് മുൻകരുതലുകളും സ്വീകരിക്കണമെന്നും യുകെഎച്ച്എസ്എ പറഞ്ഞു. വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടാൽ മറ്റുള്ളവരിൽ നിന്ന് പരമാവധി അകലം പാലിക്കണമെന്നതടക്കമുള്ള നിർദേശങ്ങൾ വീണ്ടും പ്രാബല്യത്തിൽവന്നു. ആരോഗ്യപ്രവർത്തകരും വിദഗ്ധരും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
ഇ ജി 5.1 വകഭേദത്തെ രണ്ടാഴ്ചയായി ലോകാരോഗ്യ സംഘടന നിരീക്ഷിച്ചുവരികയാണ്. ആളുകൾ വാക്സിൻ സ്വീകരിച്ചാൽ പ്രതിരോധ ശേഷി ലഭിക്കുമെങ്കിലും രാജ്യങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഡബ്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനം മുന്നറിയിപ്പ് നൽകിയിരുന്നു.