ജെ കെ റൗളിങ്
ജെ കെ റൗളിങ്

'അടുത്തത് നിങ്ങളാണ്'; ജെ കെ റൗളിങ്ങിന് വധഭീഷണി

സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച് ട്വീറ്റ് ചെയ്തതാണ് പ്രകോപനം
Updated on
1 min read

സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച് ട്വീറ്റ് ചെയ്തതിന് എഴുത്തുകാരി ജെ കെ റൗളിങ്ങിനും വധഭീഷണി. ഭീഷണി സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ട് റൗളിങ്‌ ട്വിറ്ററില്‍ പങ്കുവെച്ചു. 'ഈ വാർത്ത എന്നെ ഭയപ്പെടുത്തുന്നു, ഈ നിമിഷം ഞാന്‍ അസ്വസ്ഥയാണ്, അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ' എന്ന റൗളിങിന്റെ ട്വീറ്റിന് മറുപടിയായാണ് 'വിഷമിക്കേണ്ട, നിങ്ങളാണ് അടുത്തത്' എന്ന ഭീഷണി സന്ദേശം ലഭിച്ചത്.

മീർ ആസിഫ് അസീസ് എന്ന ട്വിറ്റർ അക്കൗണ്ടില്‍ നിന്നാണ് ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നത്. റുഷ്ദിയെ ആക്രമിച്ച ഹാദി മറ്റാറിനെ ഇയാള്‍ പ്രശംസിക്കുകയും ചെയ്തു. 'ആയത്തുള്ള റൂഹുള്ള ഖൊമെനിയുടെ ഫത്വ പിന്തുടരുന്ന ഷിയ വിപ്ലവ പോരാളി' എന്നാണ് മറ്റാറിനെ വിശേഷിപ്പിച്ചിരിക്കുന്നത്. വിഖ്യാത നോവല്‍ സിരീസായ ഹാരിപോട്ടറിന്റെ രചയിതാവാണ് ജെ കെ റൗളിങ്‌. റൗളിങിന്റെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി.

ന്യൂയോർക്കില്‍ സാഹിത്യ പരിപാടിക്കിടെയാണ് കഴിഞ്ഞദിവസം സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റത്. ലെബനീസ് വംശജനായ ഹാദി മറ്റാർ വേദിയിലേക്ക് അതിക്രമിച്ചു കയറി ശേഷം, റുഷ്ദിയെ കത്തി കൊണ്ട് കുത്തി പരുക്കേല്പിക്കുകയായിരുന്നു. ന്യൂയോർക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇയാള്‍ കോടതിയിൽ കുറ്റം നിഷേധിച്ചു. ആക്രമണത്തിന്റെ പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

logo
The Fourth
www.thefourthnews.in