ഇമ്രാൻ ഖാനെതിരെ പുതിയ കേസ്; തീവ്രവാദ, കൊലപാതക കുറ്റങ്ങള്‍ ചുമത്തി

ഇമ്രാൻ ഖാനെതിരെ പുതിയ കേസ്; തീവ്രവാദ, കൊലപാതക കുറ്റങ്ങള്‍ ചുമത്തി

പിഎംഎല്‍-എന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിന്റെ പതിനൊന്ന് മാസത്തെ ഭരണത്തിനിടെ ഇമ്രാന്‍ ഖാനെതിരെ രജിസ്റ്റര്‍ ചെയ്ത 80-ാമത്തെ കേസാണിത്
Updated on
1 min read

പാകിസ്താൻ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ കൊലപാതകം, തീവ്രവാദം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്ത് ലാഹോര്‍ പോലീസ്. പാകിസ്താൻ തെഹരിഖ്- ഇ- ഇന്‍സാഫ് പാര്‍ട്ടിയുടെ റാലിക്കിടെ പോലീസുമായുള്ള സംഘർഷത്തില്‍ പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ട കേസിലാണ് നടപടി. ഇമ്രാന്‍ ഖാനോടൊപ്പം റാലിയില്‍ പങ്കെടുത്ത 400 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പാകിസ്താൻ മുസ്ലീം ലീഗ്-നവാസി(പിഎംഎല്‍-എന്‍)ന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിന്റെ പതിനൊന്ന് മാസത്തെ ഭരണത്തിനിടെ ഇമ്രാന്‍ ഖാനെതിരെ രജിസ്റ്റര്‍ ചെയ്ത 80-ാമത്തെ കേസാണിത്.

റാലിയില്‍, പോലീസും പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘർഷത്തില്‍ പിടിഐ പ്രവര്‍ത്തകനായ അലി ബിലാലിനെ പോലീസുകാര്‍ കൊല്ലപ്പെടുത്തുകയും നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. റാലിയില്‍ പങ്കെടുത്ത നൂറിലധികം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍, ലാഹോര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആർ പിടിഐ പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിയുകയും 11 പോലീസുകാരെ പരിക്കേല്‍പ്പിക്കുകയും ചെയ്തെന്നാണ്. ആറ് പിടിഐ പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കുപറ്റിയതായും എഫ്‌ഐആറില്‍ പറയുന്നു.

ലാഹോര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആർ പിടിഐ പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിയുകയും 11 പോലീസുകാരെ പരിക്കേല്‍പ്പിക്കുകയും ചെയ്തെന്നാണ്

പിടിഐ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണം ഇമ്രാന്‍ ഖാന്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. 'ഇതാണ് അഴിമതിക്കാരും കൊലപാതകികളുമായ സംഘം രാഷ്ട്രത്തിന് മേല്‍ അടിച്ചേല്‍പ്പിച്ചത്. അവര്‍ നമ്മുടെ ഭരണഘടനയും മൗലികാവകാശങ്ങളും നിയമവാഴ്ചയും ലംഘിച്ചു. സ്ത്രീകളുള്‍പ്പെടെ നിരപരാധികളായ, നിരായുധരായ പാർട്ടി പ്രവര്‍ത്തകര്‍, പോലീസ് അക്രമത്തിനും ക്രൂരതയ്ക്കും ഇരയായി, കസ്റ്റഡിയിലുണ്ടായിരുന്ന ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തു.' എന്നായിരുന്നു ട്വീറ്റ്.

കൊലപ്പെട്ട പിടിഐ പ്രവര്‍ത്തകന്റെ കുടുംബത്തിന്റെ പരാതിയില്‍ പോലീസുകാര്‍ക്കും അവരുടെ നേതാക്കള്‍ക്കുമെതിരെ കേസെടുക്കുന്നതിന് പകരം പോലീസ് ഇമ്രാന്‍ ഖാനും 400 പേര്‍ക്കുമെതിരെ കുറ്റം ചുമത്തിയിരിക്കുകയാണെന്ന് മുതിര്‍ന്ന പിടിഐ നേതാവ് ഫവാദ് ചൗദരി ആരോപിച്ചു. ഫവാദ് ചൗദരി, ഫറൂക് ഹബീബ്, ഹമ്മദ് അസര്‍, മഹമൂദൂര്‍ റഷീദ് എന്നിവരാണ് എഫ്‌ഐആറില്‍ പേരു ചേര്‍ക്കപ്പെട്ടിട്ടുള്ള മറ്റ് നേതാക്കന്മാര്‍.

logo
The Fourth
www.thefourthnews.in