അമേരിക്കയുടെ സ്വന്തം ഇസ്രയേല്‍; പതിറ്റാണ്ടുകളായുള്ള പിന്തുണയ്ക്ക് കാരണമെന്ത്?

അമേരിക്കയുടെ സ്വന്തം ഇസ്രയേല്‍; പതിറ്റാണ്ടുകളായുള്ള പിന്തുണയ്ക്ക് കാരണമെന്ത്?

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷങ്ങള്‍ മുഴുവന്‍ പരിശോധിച്ചാല്‍ ഇസ്രയേല്‍ പക്ഷമാണ് അമേരിക്കയുടെ ഇഷ്ട പക്ഷമെന്ന് മനസിലാക്കാം.
Updated on
3 min read

'പലസ്തീനികള്‍ നൂറ്റാണ്ടുകളായി അനുഭവിക്കുന്ന ക്രൂരതകള്‍ക്കുള്ള മറുപടി'യാണെന്ന് പ്രഖ്യാപിച്ചാണ് ഹമാസ് കഴിഞ്ഞ ദിവസം ഓപ്പറേഷന്‍ അല്‍ അഖ്‌സ ഫ്‌ളഡ് പ്രഖ്യാപിച്ചത്. ഹമാസിന്റെയും ഇസ്രയേലിന്റെ ഓപ്പറേഷന്‍ അയേണ്‍ സ്വോര്‍ഡ്‌സെന്ന പ്രത്യാക്രമണത്തിലൂടെയും പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം ഇതുവരെ 313 പലസ്തീനുകാര്‍ക്കും 300 ഓളം ഇസ്രയേലികള്‍ക്കുമാണ് ജീവന്‍ നഷ്ടപ്പെട്ടത്.

ഹമാസ് ആരംഭിച്ച യുദ്ധത്തില്‍ ലോകരാജ്യങ്ങള്‍ ഇസ്രയേലിനെയും പലസ്തീനെയും പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇറാനും താലിബാനും പലസ്തീനെ പിന്തുണയ്ക്കുമ്പോള്‍ അമേരിക്കയും ഇന്ത്യയും ഫ്രാന്‍സും യുക്രെയ്‌നും അടക്കമുള്ള രാജ്യങ്ങള്‍ ഇസ്രയേലിനൊപ്പമാണ്.

''തീവ്രവാദത്തെ ഒരു തരത്തിലും ന്യായീകരിക്കില്ല. ഇസ്രയേല്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഐക്യദാര്‍ഢ്യം. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇസ്രയേലി ജനതയ്ക്ക് അനുശോചനം അറിയിക്കുന്നു'' എന്നാണ് അമേരിക്കയ്ക്ക് വേണ്ടി ഔദ്യോഗികമായി അമേരിക്കന്‍ സ്്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ അറിയിച്ചിരിക്കുന്നത്. ഇസ്രയേല്‍ സര്‍ക്കാരിനും ജനതയ്ക്കും എല്ലാ പിന്തുണയും നല്‍കുന്നതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ നേരിട്ട് വിളിച്ച് അറിയിച്ചിട്ടുമുണ്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷങ്ങള്‍ മുഴുവന്‍ പരിശോധിച്ചാല്‍ ഇസ്രയേല്‍ പക്ഷമാണ് അമേരിക്കയുടെ ഇഷ്ട പക്ഷമെന്ന് മനസിലാക്കാം. എന്തുകൊണ്ടായിരിക്കാം അമേരിക്ക ഇസ്രയേലിനെ പിന്തുണച്ച് കൊണ്ട് എല്ലായ്‌പ്പോഴും രംഗത്ത് വരുന്നത്?

ഇസ്രയേല്‍- അമേരിക്കന്‍ ബന്ധം

ഇസ്രയേല്‍ രൂപീകൃതമായ അത്രയും കാലപ്പഴക്കമുണ്ട് ഇസ്രയേല്‍ അമേരിക്കന്‍ ബന്ധത്തിന്. 1948ല്‍ ഇസ്രയേല്‍ രൂപീകൃതമായപ്പോള്‍ തന്നെ അതിനെ അംഗീകരിച്ച ആദ്യത്തെ ലോക നേതാവ് യുഎസ് മുന്‍ പ്രസിഡന്റ് ഹാരി ട്രൂമാന്‍ ആയിരുന്നു. വ്യക്തിപരവും നയപരവുമായ ഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ട്രൂമാന്റെ മുന്‍ ബിസിനസ് പങ്കാളിയായ എഡ്വാര്‍ഡ് ജേക്കബ്‌സണിനും ഇതില്‍ പ്രധാന പങ്കുണ്ട്.

ലോകയുദ്ധത്തിന് ശേഷം അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുളള ശീതയുദ്ധം ആരംഭിച്ചതിന് പിന്നാലെയായിരുന്നു ഈ പിന്തുണ പ്രഖ്യാപിക്കുന്നത്. ശീതയുദ്ധത്തില്‍ എണ്ണ ശേഖരങ്ങളും തന്ത്രപ്രധാനമായ ജലപാതകളുമുള്ള മിഡില്‍ ഈസ്റ്റ് പ്രധാനപ്പെട്ട ഒരു യുദ്ധക്കളമായിരുന്നു.

അമേരിക്കയുടെ സ്വന്തം ഇസ്രയേല്‍; പതിറ്റാണ്ടുകളായുള്ള പിന്തുണയ്ക്ക് കാരണമെന്ത്?
ബുൾഡോസർ മുതൽ ബൈക്ക് വരെ, ഇസ്രയേലിന്റെ സുരക്ഷാകവാടങ്ങൾ ഹമാസ് കടന്നതെങ്ങനെ?

1967ലെ യുദ്ധത്തിന് ശേഷമാണ് ഇസ്രയേലിനുള്ള അമേരിക്കയുടെ പിന്തുണ കൂടുതല്‍ ശക്തമാകുന്നത്. ഈജിപ്ത്, സിറിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ നേതൃത്വം നല്‍കുന്ന സൈന്യത്തെ പരാജയപ്പെടുത്തിയ ഇസ്രയേല്‍, ചരിത്രപരമായ പലസ്തീനിന്റെ ബാക്കി ഭാഗങ്ങളും സിറിയയില്‍ നിന്നും ഈജിപ്തില്‍ നിന്നുമുള്ള ചില പ്രദേശങ്ങളും കൈവശപ്പെടുത്തിയിരുന്നു. അന്ന് മുതല്‍ ഇസ്രയേലിന്റെ സൈനിക മേധാവിത്വത്തെ അമേരിക്ക അസന്നിഗ്ധമായി പിന്തുണക്കുകയാണ്. അറബ് രാജ്യങ്ങള്‍ ഇസ്രയേലിനെതിരെ നടത്തുന്ന ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ തടയാനും അമേരിക്ക മുന്‍പന്തിയില്‍ തന്നെയുണ്ട്.

1973ലെ യുദ്ധത്തിലും ഇസ്രയേല്‍ ഈജിപ്ത്യന്‍, സിറിയന്‍ സൈന്യത്തെ തോല്‍പ്പിച്ചു. ഈജിപ്തിനും സിറിയക്കുമിടയില്‍ വിള്ളല്‍ വീഴ്ത്താനും സോവിയേറ്റ് സ്വാധീനം തടയാനും സാധിച്ച 1973ലെ യുദ്ധം മുഖേന ഇസ്രയേലും ഈജിപ്തും തമ്മിലുള്ള സമാധാന കരാറുണ്ടാക്കാനും അമേരിക്കയ്ക്ക് സാധിച്ചു. ഈ കരാര്‍ 1979ല്‍ ഉറപ്പിക്കുകയും ചെയ്തു.

പിന്നീട് രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള കാലത്ത് അമേരിക്കയുടെ സാമ്പത്തിക സഹായം ഏറ്റവും കൂടുതല്‍ സ്വീകരിക്കുന്ന രാജ്യമായി ഇസ്രയേല്‍ മാറുകയും ചെയ്തു. 2016ല്‍ അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ ഇസ്രയേലുമായുള്ള പ്രതിരോധ കരാറിലും ഒപ്പ് വെച്ചിരുന്നു. അയേണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനത്തിനുള്ള ധനസഹായമുള്‍പ്പെടെ 10 വര്‍ഷം വരെ നില്‍ക്കുന്ന 38 ബില്യണ്‍ ഡോളറിന്റെ സൈനിക പിന്തുണയാണ് കരാറിലൂടെ അന്ന് ഒപ്പുവെച്ചത്. ഹൈടെക് മേഖലയിലടക്കം ഉയര്‍ന്ന വരുമാനമുള്ള ഇസ്രയേലിന് ഇത്രയും സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ലായിരുന്നുവെന്നതാണ് വാസ്തവം. വിദേശ നയത്തില്‍ ഉള്‍പ്പെടുന്നത് പോലെ പൊതുജനാഭിപ്രായത്തിനും പണത്തിനും രാഷ്ട്രീയത്തിനുമെല്ലാം അമേരിക്കയിലെ ഇസ്രയേല്‍ പലസ്തീന്‍ ബന്ധത്തിലും സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടുണ്ട്.

അമേരിക്കയുടെ സ്വന്തം ഇസ്രയേല്‍; പതിറ്റാണ്ടുകളായുള്ള പിന്തുണയ്ക്ക് കാരണമെന്ത്?
തുടക്കം സേവന സംഘടനയായി, ഒടുവിൽ പലസ്തീൻ വിമോചനത്തിനുള്ള സായുധസംഘം; എന്താണ് ഹമാസ് ?

ശേഷം വന്ന നെതന്യാഹുവിന്റെ സമാന ചിന്താഗതിക്കാരനായ ഡൊണാള്‍ഡ് ട്രംപ് തന്റെ നാല് വര്‍ഷത്തെ ഭരണകാലത്ത് ഇസ്രയേലിനു വേണ്ടി നിലകൊണ്ടു. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികളിലെ ഭൂരിപക്ഷം പേരും ഇസ്രയേല്‍ അനുകൂലികളാണ്. ഇപ്പോള്‍ ജോ ബൈഡനും സമാനമായ പാതയാണ് ഇസ്രയേലിന്റെ കാര്യത്തില്‍ പിന്തുടരുന്നത്.

അമേരിക്കന്‍ ജനത ഇസ്രയേലിനൊപ്പം

അമേരിക്കയുടെ പൊതുജനാഭിപ്രായം എപ്പോഴും ഇസ്രയേലിന് അനുകൂലവും പലസ്തീന് എതിരുമാണ്. ഇസ്രയേലിന്റെ പിആര്‍ ഉപകരണങ്ങള്‍ക്ക് അതിന് പങ്കുണ്ട് താനും. കൂടാതെ 11 ഇസ്രയേല്‍ ഒളിമ്പിക് താരങ്ങളുടെ മരണത്തിലേക്ക് നയിച്ച 1972ലെ മ്യുണീക്ക് കൂട്ടക്കൊലയും ഇസ്രയേലികളോട് അമേരിക്കയ്ക്കുള്ള സഹതാപത്തിന് കാരണമായിട്ടുണ്ട്.

എന്നാല്‍ അമേരിക്കന്‍ ജനതയ്ക്ക് ഇസ്രയേലിനോട് ഇപ്പോഴും ഈ സഹതാപം നിലനില്‍ക്കുന്നുണ്ടോ എന്നതില്‍ സംശയമുണ്ട്. 2021ലെ അല്‍ജസീറയിലെ റിപ്പോര്‍ട്ട് അനുസരിച്ച് ആ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയ സര്‍വേയില്‍ 25 ശതമാനം അമേരിക്കക്കാര്‍ക്കും പലസ്തീനോടാണ് സഹതാപം. ഇത് മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടിവരുന്നുവെന്ന നിരീക്ഷണവും അല്‍ജസീറ നടത്തുന്നുണ്ട്.

ഇസ്രയേലിന് വേണ്ടി വാദിക്കുന്ന സംഘടനകള്‍

അമേരിക്കയില്‍ ഇസ്രയേലിനെ പിന്തുണക്കുന്നതിന് വേണ്ടി നിരവധി സംഘടനകള്‍ നിലവിലുണ്ട്. ഏറ്റവും വലുതും രാഷ്ട്രീയപരമായി അധികാരവുമുള്ള സംഘടനയാണ് അമേരിക്കന്‍ ഇസ്രയേല്‍ പബ്ലിക് അഫയെര്‍സ് കമ്മിറ്റിയായ എഐപിഎസി. അടിത്തട്ടിലുള്ള സംഘടനകള്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ മുഖേന അമേരിക്കയിലെ ജൂത വിഭാഗങ്ങള്‍, ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ പള്ളികള്‍ എന്നിവര്‍ക്കിടയില്‍ എഐപിഎസിയിലെ അംഗങ്ങള്‍ക്ക് സ്വാധീനം ചെലുത്താന്‍ സാധിക്കുന്നുണ്ട്.

ഇസ്രയേലിന്റെയും പലസ്തീന്റെയും അവകാശങ്ങളെ പിന്തുണക്കുന്ന ജെ സ്ട്രീറ്റ് എന്ന ചെറിയ ഇസ്രയേല്‍ അനുകൂല സംഘടനയും അമേരിക്കയില്‍ നിലവിലുണ്ട്. ഇസ്രയേല്‍ അനുകൂല സംഘടനകള്‍ തിരഞ്ഞെടുപ്പ് സമയങ്ങളില്‍ ഫെഡറല്‍ രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍ക്ക് ദശലക്ഷക്കണക്കിന് പണമാണ് സംഭാവനയായി നല്‍കുന്നത്. അമേരിക്കയിലെ അവസാന തിരഞ്ഞെടുപ്പില്‍ 30.95 ദശലക്ഷം ഡോളറാണ് ഇസ്രയേല്‍ അനുകൂല സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്തത്. അതില്‍ 63 ശതമാനം ഡെമോക്രാറ്റുകള്‍ക്കും 36 ശതമാനം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുമായിരുന്നു. ഓപ്പണ്‍ സീക്രട്ട്‌സ് ഓര്‍ഗനൈസേഷന്‍ പ്രകാരം 2016ല്‍ നല്‍കിയതിനേക്കാള്‍ കൂടുതല്‍ സംഭവാനയാണ് 2020ല്‍ നല്‍കിയത്.

അമേരിക്കയുടെ സ്വന്തം ഇസ്രയേല്‍; പതിറ്റാണ്ടുകളായുള്ള പിന്തുണയ്ക്ക് കാരണമെന്ത്?
'ഓപ്പറേഷന്‍ അല്‍ അഖ്സ ഫ്ലഡ്': ഹമാസ് ആക്രമണത്തിന് പിന്നിലെന്ത്? ഇസ്രയേലിന് പ്രതിരോധം പിഴച്ചതെവിടെ?

പലസ്തീന് വേണ്ടിയുള്ള ചെറു ശബ്ദങ്ങള്‍

1980ല്‍ ആരംഭിച്ച അമേരിക്കന്‍ അറബ് ആന്റി ഡിസ്‌ക്രിമിനഷന്‍ കമ്മിറ്റിയാണ് അമേരിക്കയില്‍ കാലങ്ങളായി പലസ്തീനു വേണ്ടി നിലകൊള്ളുന്നത്. എന്നാല്‍ ഇസ്രയേല്‍ അനുകൂല സംഘടനകളെ പോലെ പലസ്തീന്‍ അനുകൂല സംഘടനകള്‍ അമേരിക്കയില്‍ വലിയ സ്വാധീനം ചെലുത്തുന്നില്ലെന്നത് വസ്തുതയാണ്. എന്നിരുന്നാലും ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ പലസ്തീന്‍ അനുകൂല മനോഭാവമുള്ളവര്‍ ഉയര്‍ന്നു വരുന്ന കാഴ്ചയും കാണാം. അലക്‌സാന്‍ട്രിയ ഒക്കാഷിയോ കോര്‍ട്ടെസ്, ഇല്‍ഹാന്‍ ഒമര്‍, അയന്ന പ്രെസ്ലി, റാഷിദ ത്‌ലയ്ബ് തുടങ്ങിയ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ പലസ്തീന്‍ അമേരിക്കനുകളുടെ ശബ്ദം പലസ്തീന് വേണ്ടി ഉയര്‍ന്നുവരുന്നുണ്ട്.

logo
The Fourth
www.thefourthnews.in