ക്ലസ്റ്റർ ബോംബ് എന്ന വിവാദ ആയുധം; രണ്ട് തട്ടിൽ നാറ്റോ

ക്ലസ്റ്റർ ബോംബ് എന്ന വിവാദ ആയുധം; രണ്ട് തട്ടിൽ നാറ്റോ

ക്ലസ്റ്റർ ബോംബുകൾ യുക്രെയ്ന് നൽകാനുള്ള അമേരിക്കൻ തീരുമാനത്തെ നാറ്റോ സഖ്യകക്ഷികൾ വരെ എതിർക്കുന്നത് എന്തുകൊണ്ട്?
Updated on
3 min read

യുക്രെയ്ന് ക്ലസ്റ്റർ ബോംബുകൾ നൽകാനുള്ള അമേരിക്കൻ തീരുമാനം നാറ്റോയിൽ വലിയ ഭിന്നതയുണ്ടാക്കിയിരിക്കയാണ്. യുകെ, കാനഡ, ന്യുസീലൻഡ്, സ്‌പെയിൻ എന്നീ രാജ്യങ്ങൾ തീരുമാനത്തിൽ എതിർപ്പറിയിച്ചു. നൂറിലധികം രാജ്യങ്ങളിൽ നിരോധിക്കപ്പെട്ട ക്ലസ്റ്റർ ബോംബുകളാണ് റഷ്യയ്ക്കെതിരായ യുദ്ധത്തിൽ അമേരിക്ക യുക്രെയ്ൻ നൽകുന്നത്.

ക്ലസ്റ്റർ ബോംബ് എന്ന വിവാദ ആയുധം; രണ്ട് തട്ടിൽ നാറ്റോ
യുക്രെയ്‌ന് ചെറുത്തുനിൽപ്പിനായി ക്ലസ്റ്റർ ബോംബുകൾ വിതരണം ചെയ്യുമെന്ന് അമേരിക്ക; പിന്മാറണമെന്ന ആവശ്യം ശക്തം

അമേരിക്ക യുക്രെയ്ന് പ്രഖ്യാപിച്ച 800 കോടി ഡോളര്‍ സഹായത്തിന്റെ ഭാഗമായാണ് ക്ലസ്റ്റര്‍ ബോംബുകള്‍ നല്‍കുന്നത്. വളരെ വിഷമം പിടിച്ച തീരുമാനം എന്നായിരുന്നു ഇതിനെ ജോ ബൈഡൻ വിശേഷിപ്പിച്ചത്. ക്ലസ്റ്റർ യുദ്ധോപകരണങ്ങളുടെ ഉപയോഗവും നിർമാണവും നിരോധിച്ചുകൊണ്ടുള്ള കൺവെൻഷനിൽ ഒപ്പുവച്ച 123 രാജ്യങ്ങളിൽ ഒന്നാണ് യുകെ എന്നായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്റെ പ്രതികരണം. ക്ലസ്റ്റർ ബോംബിന്റെ ഉപയോഗം നിരപരാധികളെ കൊലയ്ക്ക് കൊടുക്കുമെന്ന് ന്യുസീലൻഡ് പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസനും വ്യക്തമാക്കി.

നാറ്റോ ഉച്ചകോടിക്കായി തയ്യാറാക്കിയ പ്രചാരണ ബോർഡ്
നാറ്റോ ഉച്ചകോടിക്കായി തയ്യാറാക്കിയ പ്രചാരണ ബോർഡ്

ക്ലസ്റ്റർ ബോംബുകളല്ല യുക്രെയ്നിന്റെ നിയമപരമായ പ്രതിരോധമാണ് വേണ്ടതെന്നായിരുന്നു സ്‌പെയിനിന്റെ പ്രതിരോധ മന്ത്രി മാർഗരിറ്റ റോബിൾസിന്റെ പ്രതികരണം. ക്ലസ്റ്റർ ബോംബുകളുടെ ഉപയോഗത്തിന് എതിരാണെന്നും ക്ലസ്റ്റർ യുദ്ധോപകരണങ്ങളെക്കുറിച്ചുള്ള കൺവെൻഷനുമായി പൂർണമായും യോജിക്കുന്നുവെന്നും കാനഡ അറിയിച്ചു. അതേസമയം യുക്രെയ്‌നിന് ക്ലസ്റ്റർ ബോംബുകൾ നൽകില്ലെങ്കിലും അമേരിക്കയുടെ നിലപാട് മനസിലാക്കുന്നുവെന്നായിരുന്നു ഉടമ്പടിയിൽ ഒപ്പുവച്ച ജർമനിയുടെ പ്രതികരണം.

ക്ലസ്റ്റർ ബോംബ് എന്ന വിവാദ ആയുധം; രണ്ട് തട്ടിൽ നാറ്റോ
അനില്‍ അംബാനിയുടെ റിലയന്‍സ് ക്യാപിറ്റല്‍സ് വില്‍പനയ്ക്ക്; 9661 കോടി നല്‍കി വാങ്ങുന്നത് ഹിന്ദുജ ഗ്രൂപ്പ്‌

സഖ്യകക്ഷികളിൽ ഭിന്നസ്വരം ഉയർന്നതോടെ ലിത്വാനിയയിൽ നടക്കുന്ന ഉച്ചകോടി നാറ്റോയ്ക്ക് ഏറെ നിർണായകമാണ്. ഉച്ചകോടിയിൽ ജോ ബൈഡൻ കടുത്ത എതിർപ്പ് നേരിടേണ്ടി വരുമെന്നാണ് വ്യക്തമാകുന്നത്. നാറ്റോ അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും നിരോധിച്ച ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ യുക്രെയ്നിന് നൽകാൻ അനുമതി നൽകിയത് എന്തുകൊണ്ടാണെന്ന ചോദ്യം ബൈഡന് നേരിടേണ്ടിവരും.

നാറ്റോ സെക്രട്ടറി ജനറൽ
നാറ്റോ സെക്രട്ടറി ജനറൽ

എന്താണ് ക്ലസ്റ്റർ ബോംബ്?

ഒരു വലിയ പ്രദേശത്ത് ചെറിയ ബോംബുകൾ ചിതറിക്കാനാകും വിധം രൂപകൽപ്പന ചെയ്തിട്ടുള്ള ആയുധമാണ് ക്ലസ്റ്റർ ബോംബ്. ചെറിയ ബോംബുകളെ സബ്മ്യൂണിയൻസ് അല്ലെങ്കിൽ ബോംബ്‌ലെറ്റുകൾ എന്നാണ് വിളിക്കുന്നത്. ഇവയുടെ കൂട്ടമാണ് ക്ലസ്റ്റർ ബോംബിൽ ഉണ്ടാകുക.

ക്ലസ്റ്റർ ബോംബുകൾ എവിടെ നിന്നും പ്രയോഗിക്കാം. ഭൂമിയിൽ നിന്നോ കടലിൽ നിന്നോ ആകാശത്ത് നിന്നോ ക്ലസ്റ്റർ ബോംബ് പ്രയോഗിക്കാവുന്നതാണ്. അവ ചിതറിക്കുന്ന നൂറുകണക്കിന് ബോംബ്‌ലെറ്റുകൾക്ക് ഒരു വലിയ പ്രദേശത്തെ തന്നെ ഇല്ലാതാക്കാൻ സാധിക്കും. ഇങ്ങനെ വർഷിക്കപ്പെടുന്ന ബോംബുകളിൽ പലതും ഉടൻ പൊട്ടിത്തെറിക്കണമെന്നില്ല. ഭാവിയിൽ ഇത് വലിയ അപകടത്തിനും വഴിവച്ചേക്കാം. രണ്ടാം ലോക മഹായുദ്ധത്തിലാണ് ക്ലസ്റ്റർ ബോബുകൾ ആദ്യമായി പ്രയോഗിക്കുന്നത്.

ക്ലസ്റ്റർ ബോംബ് എന്ന വിവാദ ആയുധം; രണ്ട് തട്ടിൽ നാറ്റോ
നാറ്റോ അംഗത്വത്തിന് യുക്രെയ്ൻ ഇനിയും പാകമായിട്ടില്ലെന്ന് ജോ ബൈഡൻ

എന്തുകൊണ്ടാണ് ക്ലസ്റ്റർ ബോംബുകൾ വിവാദമാകുന്നത്?

പ്രത്യേകം ലക്ഷ്യം വയ്ക്കുന്ന കേന്ദ്രത്തിലല്ല ഒരു പ്രദേശത്താകെ അപകടമുണ്ടാക്കും എന്നത് തന്നെയാണ് ക്ലസ്റ്റർ ബോംബുകളുടെ പ്രധാന പ്രശ്നം. ബോംബുകളിൽ ഭൂരിഭാഗവും ആദ്യ ഘട്ടത്തിൽ പൊട്ടിത്തെറിക്കില്ല എന്നതും വലിയ പ്രതിസന്ധിയാണ്. പൊട്ടിത്തെറിക്കാത്ത ബോംബ്‌ലെറ്റുകൾ വ്യത്യസ്തമായ ആകൃതിയിലും നിറങ്ങളിലുമുള്ളതാകാം. അതിനാൽ കുട്ടികൾക്ക് ഇവ കളിപ്പാട്ടങ്ങൾ പോലെ തോന്നാം. ക്ലസ്റ്റർ ബോംബ് അവശിഷ്ടങ്ങളിൽ നിന്നുണ്ടായ അപകടം 2021ൽ മാത്രം 141 പേരുടെ ജീവനെടുത്തിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ 97 ശതമാനവും സാധാരണക്കാരാണ്. അവരിൽ മൂന്നിൽ രണ്ടും കുട്ടികളാണെന്നും ഗവേഷണ സ്ഥാപനമായ ലാൻഡ്‌മൈൻ ആൻഡ് ക്ലസ്റ്റർ മ്യൂണിയൻസ് മോണിറ്റർ വ്യക്തമാക്കുന്നു.

ക്ലസ്റ്റർ ബോംബ് പ്രവർത്തനം
ക്ലസ്റ്റർ ബോംബ് പ്രവർത്തനം

ക്ലസ്റ്റർ ബോംബുകളുടെ നിരോധനം

ക്ലസ്റ്റർ ബോംബുകൾ നിരോധിച്ചുകൊണ്ടുള്ള 2008 ലെ കൺവെൻഷനിൽ 123 രാജ്യങ്ങൾ ഒപ്പുവച്ചിട്ടുണ്ട്. 2010 ലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. ക്ലസ്റ്റർ യുദ്ധോപകരണങ്ങളുടെ ഉത്പാദനം, കൈമാറ്റം, സംഭരണം, ഉപയോഗം എന്നിവ ഉടമ്പടി പ്രകാരം നിരോധിച്ചിരുന്നു. റഷ്യയോ യുക്രെയ്നോ അമേരിക്കയോ ഉടമ്പടിയിൽ ഒപ്പുവച്ചിട്ടില്ല. ഗൾഫ് യുദ്ധകാലത്തും ചെച്‌നിയ, അഫ്ഗാനിസ്ഥാൻ, ഇറാഖ് യുദ്ധങ്ങളിലും ക്ലസ്റ്റർ ബോംബുകൾ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്.

ക്ലസ്റ്റർ ബോംബ് എന്ന വിവാദ ആയുധം; രണ്ട് തട്ടിൽ നാറ്റോ
ഖലിസ്ഥാൻ വിഷയത്തിൽ വഷളായി ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം; വാക്ക് പോര് മുറുകുന്നു

യുക്രെയ്നിൽ ക്ലസ്റ്റർ ബോംബുകൾ

യുക്രെയ്ൻ സൈനികർക്കെതിരെയും നഗരപ്രദേശങ്ങളിലും റഷ്യ പലതരം ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ് പ്രതിരോധ, സുരക്ഷാ ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തുർക്കിയിൽ നിന്നുള്ള കുറച്ച് ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ യുക്രെയ്‌ന്റെ പക്കലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അമേരിക്ക യുക്രെയ്ന് ഇതുവരെ നൽകാത്ത ക്ലസ്റ്റർ ബോംബുകൾ നൽകുന്നതോടെ യുക്രെയ്ൻ- റഷ്യ യുദ്ധം കൂടുതൽ രക്തരൂക്ഷിതമാകുമെന്ന് ഉറപ്പ്. യുദ്ധഭൂമി യുക്രെയ്ൻ അതിർത്തിക്കകത്ത് ആണെന്നിരിക്കെ ഇതിന്റെ ദുരിതം അനുഭവിക്കേണ്ടിവരിക യുക്രെയ്ൻ ജനതയും.

logo
The Fourth
www.thefourthnews.in