ഗാസയിൽ നാല് വയസുകാരൻ കൊല്ലപ്പെട്ട സംഭവം: 'അത് മൃതദേഹമല്ല, പാവ'യാണെന്ന ഇസ്രയേല്‍ വാദം തെറ്റ്
ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട നാലുവയസുള്ള പലസ്തീന്‍ കുട്ടിയുടെ മൃതദേഹം മാതാപിതാക്കള്‍ ഏറ്റുവാങ്ങുന്ന വീഡിയോ രാജ്യാന്തര തലത്തില്‍ വൈറലായിരുന്നു. സംഭവം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതോടെ അത് വ്യാജ വീഡിയോ ആണെന്നും ദൃശ്യങ്ങളില്‍ കാണുന്നത് കുട്ടിയുടെ മൃതദേഹമല്ല, പാവയാണെന്നായിരുന്നു ഇസ്രയേലിന്റെ വാദം.
സമൂഹമാധ്യമമായ 'എക്സിൽ' ഔദ്യോഗിക പേജിലൂടെയാണ് പാവ വാദം ഇസ്രയേൽ ഉയർത്തിയത്. നിരവധി ഹമാസ് വിദ്വേഷ കമന്റുകളാണ് ഈ പോസ്റ്റിനു താഴെ നിറഞ്ഞത്. 'ഹമാസ് ഒരു പാവയെ കൊല്ലപ്പെട്ട കുട്ടിയായി ചിത്രീകരിക്കുന്നു' എന്ന അവകാശവാദം വളരെ പെട്ടെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപക ശ്രദ്ധ നേടി. പ്രമുഖർ ഉൾപ്പെടെ നിരവധി പേർ ഈ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. എന്നാല്‍ ഇസ്രയേല്‍ പറഞ്ഞത് വാസ്തവ വിരുദ്ധമാണെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.
"ഐഡിഎഫ് ആക്രമണം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ ഭാഗമാണെന്ന് സൂചിപ്പിക്കുന്ന ഒരു പാവയുടെ (അതെ, ഒരു പാവ) വീഡിയോ അബദ്ധത്തിൽ ഹമാസ് പോസ്റ്റ് ചെയ്തു,” എന്ന അടിക്കുറിപ്പോടെ ഒരു കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യവും പാവയെന്ന് അവകാശപ്പെടുന്ന വെള്ള തുണിയിൽ പൊതിഞ്ഞ ജീവനില്ലാത്ത കുട്ടിയുടെ ചിത്രവും ചേർത്താണ് ഇസ്രയേൽ എക്‌സിൽ പങ്കുവച്ചത്.
ഫ്രാൻസിലെ ഇസ്രയേൽ എംബസിയും ഓസ്ട്രിയയിലെ ഇസ്രയേൽ എംബസിയും ഉൾപ്പടെ മറ്റ് ഔദ്യോഗിക ഇസ്രായേലി സോഷ്യൽ മീഡിയ അക്കൗണ്ടുകളും വൈറലായ വീഡിയോയിൽ അവതരിപ്പിച്ച കുട്ടി പാവയെന്ന് പരാമർശിച്ചുകൊണ്ട് പോസ്റ്റ് ഷെയർ ചെയ്തിരുന്നു.
ഇസ്രായേൽ ആക്ടിവിസ്റ്റായ യോസെഫ് ഹദ്ദാദാണ് ഈ അവകാശവാദം ആദ്യമായി സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. പൊതുജനങ്ങളെ കബളിപ്പിക്കാൻ ഹമാസ് ശ്രമിക്കുന്നുവെന്നും ഈ സംഭവം ഹമാസിന്റെയും പലസ്തീനികളുടെയും നുണയും അപവാദ പ്രചരണവും എത്ര കഠിനമായാണ് പ്രവർത്തിക്കുന്നതെന്ന് തുറന്നുകാട്ടുന്നുവെന്നും പറഞ്ഞുകൊണ്ടാണ് ഹദ്ദാദ് വീഡിയോ പങ്കുവച്ചത്.
ഇതോടൊപ്പം നിരവധി മാധ്യമപ്രവർത്തകരും പല രാജ്യങ്ങളിൽ നിന്നുള്ളവരും ഹമാസിന്റെ പ്രവർത്തിയെ പരിഹസിച്ചുകൊണ്ടും വിമർശിച്ചുകൊണ്ടും എക്‌സിലൂടെ രംഗത്തെത്തി. പല പ്രമുഖ വാർത്ത മാധ്യമങ്ങളും പ്രചരിച്ച വീഡിയോയുടെ പശ്ചാത്തലത്തിൽ ഹമാസിനെതിരെ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു.
പ്രചരിക്കുന്ന വാദത്തിനു പിന്നിലെ വസ്തുത
എഎഫ്‌പി ഫോട്ടോ ജേണലിസ്റ്റായ മുഹമ്മദ് ആബേദ് ഒക്ടോബർ 12ന് പകർത്തിയ ചിത്രവും വീഡിയോയുമാണ് യഥാര്‍ത്ഥത്തില്‍ ഇത്. ഗാസ മുനമ്പിൽ യുദ്ധത്തിന്റെ ആറാം ദിനം ഒരു ശവസംസ്‌കാര വേളയില്‍ പലസ്തീനിയന്‍ കുട്ടിയുടെ മൃതദേഹം സംസ്‌കാരിക്കുന്നതിനു മുമ്പ് പൊതിഞ്ഞു നെഞ്ചോടു ചേര്‍ക്കുന്ന ബന്ധുവിന്റെ ചിത്രവും വീഡിയോയുമാണ് ആബേദ് എടുത്തത്.
2023 ഒക്ടോബർ 12ന് ഗാസ സിറ്റിയിലെ അൽ ഷിഫ ഹോസ്പിറ്റലിന്റെ മോർച്ചറിക്ക് പുറത്ത് ഇസ്രായേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾക്കരികിൽ വ്യക്തികൾ ഒത്തുകൂടിയിരിക്കുന്ന രംഗങ്ങളാണ് ഈ ചിത്രങ്ങൾ.
പലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങൾ ചിത്രീകരിക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന പലസ്തീനിയൻ ഫോട്ടോഗ്രാഫറായ മൊമെൻ എൽ ഹലാബിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഹലാബിയുടെ സ്ഥിരീകരണവും വീഡിയോയുടെ പശ്ചാത്തലവും പരിശോധിക്കുമ്പോൾ യഥാർത്ഥത്തിൽ വീഡിയോയിലുള്ളത് നാല് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണെന്ന് വ്യക്തമാണ്.