ഇന്ത്യൻ കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; ഗാംബിയ സർക്കാരിനെതിരെ കോടതിയെ സമീപിച്ച് മാതാപിതാക്കൾ
ഇന്ത്യയിൽ നിർമിച്ച വിഷലിപ്തമായ കഫ് സിറപ്പുകൾ കഴിച്ച് മരിച്ച 20 കുട്ടികളുടെ രക്ഷിതാക്കൾ ഗാംബിയ സർക്കാരിനെതിരെ നിയമനടപടിക്കൊരുങ്ങുന്നു. മരുന്ന് ഇറക്കുമതി തെറ്റായി കൈകാര്യം ചെയ്തുവെന്നാരോപിച്ചാണ് മാതാപിതാക്കൾ കോടതിയെ സമീപിച്ചത്. ഓരോ കുട്ടിക്കും ഏകദേശം 250,000 ഡോളർ നഷ്ടപരിഹാരം വേണമെന്നും രക്ഷിതാക്കളുടെ ആവശ്യം.
ജൂലൈ 17ന് കേസിൽ ആദ്യ വാദം കേൾക്കും. തുടർന്ന് പ്രതികൾക്ക് മറുപടി നൽകാൻ അനുവദിക്കുന്നതിനായി കേസ് 30 ദിവസത്തേക്ക് മാറ്റിവയ്ക്കുമെന്ന് കോടതി വക്താവ് അറിയിച്ചു. ഗാംബിയയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ മരുന്നുകളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തേണ്ട നിയമങ്ങൾ പാലിക്കാൻ അധികാരികൾ പരാജയപ്പെട്ടുവെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ആരോപിക്കുന്നു. ആരോഗ്യ മന്ത്രാലയം, മരുന്ന് നിർമാണ മേഖല എന്നിവയ്ക്കെതിരെ രാജ്യത്ത് ഉന്നയിക്കപ്പെട്ട ഏറ്റവും ഉയർന്ന ആരോപണങ്ങളാണിവ. ഗാംബിയ പോലുള്ള രാജ്യങ്ങളിൽ, ഇറക്കുമതി ചെയ്യുന്ന മരുന്നുകൾ ടെസ്റ്റ് ചെയ്യാൻ പ്രത്യേക മാർഗങ്ങൾ ഒന്നും തന്നെയില്ല. ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ പരിശോധനകൾ നടത്താൻ സംവിധാനങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ഇത് കൂടുതൽ അപകടങ്ങൾക്ക് കരണമാകുയാണെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.
വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഗാംബിയയില്‍ കഴിഞ്ഞ വർഷം 70 കുട്ടികളാണ് മരിച്ചത്. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഹരിയാന അസ്ഥാനമായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡിന്‌റെ നാല് കഫ് സിറപ്പുകളില്‍ അനുവദനീയമായതിലും കൂടുതല്‍ അളവില്‍ ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍, എത്തിലീന്‍ ഗ്ലൈക്കോള്‍ എന്നീ പദാര്‍ത്ഥങ്ങള്‍ അടങ്ങിയതായി കണ്ടെത്തിയിരുന്നു. തുടർന്ന് പ്രോമെത്താസിന്‍ ഓറല്‍ സൊല്യൂഷന്‍, കൊഫേക്സാമലിന്‍ ബേബി കഫ് സിറപ്പ്, മക്കോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ്, എന്നിവയ്‌ക്കെതിരെ ലോകാരോഗ്യ സംഘടന ജാഗ്രത പുറപ്പെടുവിച്ചിരുന്നു.
വിപണിയിൽ തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന രാപദാർത്ഥങ്ങളാണ് ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍, എത്തിലീന്‍ ഗ്ലൈക്കോള്‍ എന്നിവ. അതിനാൽ ചില മരുന്ന് നിർമാണ കമ്പനികൾ ഈ അപകടകാരികളായ പദാർത്ഥങ്ങൾ മരുന്നുകളിൽ ഉപയോഗിക്കുന്നതായാണ് വിദഗ്‌ധർ പറയുന്നത്. കഴിഞ്ഞ വർഷം, ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍, എത്തിലീന്‍ ഗ്ലൈക്കോള്‍ എന്നിവ ചേർത്ത മരുന്നുകൾ കഴിച്ച് ഇന്തോനേഷ്യയിലും ഉസ്ബെക്കിസ്ഥാനിലും 200 ഓളം കുട്ടികൾ മരിച്ചിരുന്നു. അതേസമയം, സിറപ്പുകൾ സുരക്ഷിതമാണെന്ന് പരിശോധനകൾ തെളിയിച്ചതായി ഇന്ത്യ പറഞ്ഞു.
കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ രോഗികൾക്ക് അടിയന്തര ചികിത്സ ലഭിക്കുന്നതിന് കാലതാമസം നേരിട്ടതായി പറയപ്പെടുന്നതായി റോയിട്ടഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഗുണ നിലവാരമുള്ള മരുന്നുകൾ പരീക്ഷിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പോർട്ടബിൾ ഓക്സിജന്റെ അഭാവവും കുട്ടികളുടെ മരണത്തിന് ഇടയാക്കി എന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഗാംബിയയുടെ ആരോഗ്യ മന്ത്രാലയം ഇതുവരെയും പ്രതികരിച്ചിട്ടില്ല. മരണം റിപ്പോർട്ട് ചെയ്തതിന് ശേഷം ലോക ബാങ്ക് ഗാംബിയയ്ക്ക് ഒരു മരുന്ന് പരിശോധന ലാബ് നിർമിക്കുന്നതിന് ധനസഹായം അനുവദിച്ചിരുന്നു.
വിപണിയിലെത്തുന്ന മരുന്നുകളുടെ ഗുണനിലവാര സൂചിക പരിശോധിക്കാനുള്ള യാതൊരു മാർഗങ്ങളും ഇപ്പോൾ നിലവിലില്ലെന്ന് ഹർജിക്കാരുടെ അഭിഭാഷകർ പറയുന്നു. മാത്രമല്ല ആരോഗ്യമേഖലയിലടക്കം ക്രമക്കേടുകൾക്കെതിരെ ശക്തമായ നിയന്ത്രണ സംവിധാനങ്ങളുടെ അഭാവം ആഫ്രിക്കയിലെ പല രാജ്യങ്ങളിലും നിലനിൽക്കുന്നുണ്ട്.
ഡബ്ല്യൂഎച്ച്ഒ അംഗീകാരമുള്ളവയാണ് ചുമ മരുന്ന് നിർമിച്ച മെയ്ഡൻ കമ്പനിയുടെ ഉത്പന്നങ്ങൾ എന്ന് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കമ്പനി വ്യക്തമാക്കി. എന്നാൽ ആരോഗ്യ മന്ത്രാലയത്തിന്റെ ഭാഗമായ ഡ്രഗ്‌സ് റെഗുലേറ്റർ, മെഡിസിൻസ് കൺട്രോൾ ഏജൻസി എന്നിവർ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രതികരണങ്ങൾക്ക് തയ്യാറായിട്ടില്ല.