മുസോളിനിയ്ക്ക് ശേഷം
തീവ്ര വലതുപക്ഷം അധികാരത്തിലേക്ക്; ഇറ്റലിയുടെ പ്രഥമ വനിതാ പ്രധാനമന്ത്രിയാകാന്‍  ജോര്‍ജിയ മെലോനി

മുസോളിനിയ്ക്ക് ശേഷം തീവ്ര വലതുപക്ഷം അധികാരത്തിലേക്ക്; ഇറ്റലിയുടെ പ്രഥമ വനിതാ പ്രധാനമന്ത്രിയാകാന്‍ ജോര്‍ജിയ മെലോനി

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇറ്റലിയില്‍ വീണ്ടും തീവ്ര വലതുപക്ഷം അധികാരത്തിലെത്തുന്നു എന്ന പ്രത്യേകതയും തെരഞ്ഞെടുപ്പ് ഫലത്തിനുണ്ട്.
Updated on
2 min read

ഇറ്റലിയില്‍ വീണ്ടും തീവ്ര വലതുപക്ഷം അധികാരത്തിലേക്ക്. രാജ്യത്തെ പാര്‍ലമെന്റ് സീറ്റുകളില്‍ ഭൂരിഭാഗവും സ്വന്തമാക്കി ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാര്‍ട്ടി വന്‍ മുന്നേറ്റം കാഴ്ച വച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ബ്രദേഴ്‌സ് പാര്‍ട്ടി നേതാവ് ജോര്‍ജിയ മെലോനി ഇറ്റാലിയന്‍ പ്രധാനമന്ത്രിയാവുമെന്ന് ഉറപ്പായി. ഇറ്റലിയുടെ ചരിത്രത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രിയെ ഖ്യാതിയോടെയാണ് ജോര്‍ജിയ അധികാരത്തിലെത്തുക. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇറ്റലിയില്‍ വീണ്ടും തീവ്ര വലതുപക്ഷം അധികാരത്തിലെത്തുന്നു എന്ന പ്രത്യേകതയും തെരഞ്ഞെടുപ്പ് ഫലത്തിനുണ്ട്.

ജോര്‍ജിയ മെലോനിയുടെ പാര്‍ട്ടി 26 ശതമാനം വോട്ട് നേടിയേക്കുമെന്നാണ് വിലയിരുത്തല്‍.

ഞായറാഴ്ച അവസാനിച്ച വോട്ടെടുപ്പിന് ശേഷം പുറത്തുവന്ന എക്സിറ്റ് പോളുകള്‍ പ്രകാരം തീവ്ര വലതുപക്ഷ നേതാവ് ജോര്‍ജിയ മെലോനിയുടെ പാര്‍ട്ടി 26 ശതമാനം വോട്ട് നേടിയേക്കുമെന്നാണ് വിലയിരുത്തല്‍. ഇടതുപക്ഷ സ്വഭാവമുള്ളതും മധ്യപക്ഷ നിലപാടുകളുമുള്ള പാര്‍ട്ടികളുമായി വിശാലസഖ്യം രൂപീകരിക്കുന്നതില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പരാജയപ്പെട്ടതോടെയാണ് തീവ്ര വലത് പക്ഷ സര്‍ക്കാറിന് അധികാരത്തിലേക്കുള്ള വഴിയൊരുങ്ങിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 18.3 ശതമാനം വോട്ടുകളായിരിക്കും ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് നേടാനാവുക. എന്നാല്‍ അപ്രസക്തമാവുമെന്ന് പ്രതീക്ഷിച്ചിരുന്ന ഫൈവ് സ്റ്റാര്‍ മൂവ്മെന്റ് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും എക്‌സിറ്റ് പോളുകള്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടി 16.6 ശതമാനം വോട്ട് നേടുമെന്നാണ് വിലയിരുത്തല്‍.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍ലമെന്റില്‍ ഒറ്റ അക്കം മാത്രമായിരുന്നു ബ്രദേഴ്‌സ് പാര്‍ട്ടി.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം ഇറ്റാലിയന്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും ജോര്‍ജിയ മെലോനിയുടെ പാര്‍ട്ടി ഭൂരിപക്ഷം പിടിക്കുമെന്ന് ബിബിസി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാര്‍ലമെന്റില്‍ ഒറ്റ അക്കം മാത്രമായിരുന്നു ബ്രദേഴ്‌സ് പാര്‍ട്ടി. ഇന്ന് അധികാരം പിടിക്കുന്ന നിലയിലേക്ക് പാര്‍ട്ടി വളര്‍ന്നതില്‍ ജോര്‍ജിയ മെലോനിയുടെ നിലപാടുകള്‍ക്ക് വലിയ പങ്കുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മരിയോ ഡ്രാഗി നയിച്ച സര്‍ക്കാറിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന ജോര്‍ജിയ മെലോനിയുടെ തീരുമാനം ഉള്‍പ്പെടെ പാര്‍ട്ടിയുടെ മുന്നേറ്റത്തെ സഹായിച്ചു. തീവ്ര വലത് ആശയങ്ങളില്‍ ഊന്നിക്കൊണ്ടുള്ള പ്രചാരണങ്ങളായിരുന്നു ബ്രദേഴ്‌സ് പാര്‍ട്ടി മുന്നോട്ട് വച്ചത്. നികുതികള്‍ കുറയ്ക്കുമെന്നും 'അനധികൃത കുടിയേറ്റം' തടയാന്‍ നടപടി സ്വീകരിക്കും, യൂറോപ്യന്‍ യൂണിയനില്‍ ഇറ്റലിക്കാരുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നുള്‍പ്പെടെയുള്ള വാഗ്ദാനങ്ങളും ബ്രദേഴ്‌സ് പാര്‍ട്ടി മുന്നോട്ട് വച്ചിരുന്നു.

എന്നാല്‍, ഇറ്റലി നേരിടുന്ന സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ മറികടക്കുക എന്നതായിരിക്കും മെലോനിക്ക് മുന്നിലുള്ള വെല്ലുവിളി. ഊര്‍ജ പ്രതിസന്ധി, കുതിച്ചുയരുന്ന പണപ്പെരുപ്പം, വരാനിരിക്കുന്ന ശൈത്യകാലത്ത് ഇറ്റലി എങ്ങനെ മറികടക്കുമെന്നത് പ്രധാനമാണെന്നും ബിബിസി ചൂണ്ടിക്കാട്ടുന്നു.

തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും

അതേസമയം, ബ്രദേഴ്‌സ് പാര്‍ട്ടിയുടെ വന്‍ വിജയം നേടുമെന്ന് വിലയിരുത്തുമ്പോഴും ജോര്‍ജിയ മെലോനിയുടെ മുന്നണി 70 ശതമാനം സീറ്റുകള്‍ നേടിയേക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യം ഭരണഘടനാ ഭേദഗതിയുള്‍പ്പെടെ നടപ്പാക്കുന്നതില്‍ ജോര്‍ജിയ മെലോനിക്ക് മുന്നില്‍ വെല്ലുവിളിയാവും. ഭരണഘടനാ പരിഷ്‌കാരങ്ങള്‍ പാസാക്കാന്‍ ജനഹിതപരിശോധന മറികടക്കേണ്ട സാഹചര്യം ഉണ്ടാകും.

തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ഉണ്ടാകുമെങ്കിലും നവംബര്‍ പകുതിയോടെ മാത്രമേ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയുള്ളു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാര്‍ലമെന്റില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ചേംബര്‍ പ്രസിഡന്റുമാരെ നിയമിക്കുക എന്നതാണ് തെരഞ്ഞെടുപ്പ് നടപടികളുടെ അടുത്ത ഘട്ടം.

logo
The Fourth
www.thefourthnews.in