ട്രംപിന് നേരെ നടന്നത് വധശ്രമമെന്ന് എഫ് ബി ഐ; ആരാണ് പിടിയിലായ പ്രതി റയാൻ റൂത്ത്?
അമേരിക്കൻ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന് നേരെ നടന്നത് വധശ്രമമെന്ന് എഫ്ബിഐ. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ഗോൾഫ് ക്ലബ്ബിൽ വച്ചായിരുന്നു ട്രംപിന് നേരെ റയാൻ റൂത്ത് എന്ന അൻപത്തിയെട്ടുകാരൻ വെടിയുതിർത്തത്. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒൻപത് ആഴ്ചകൾ മാത്രം ശേഷിക്കെയാണ് ട്രംപിന് നേരെ വീണ്ടും വധശ്രമമുണ്ടാകുന്നത്.
ഡോണൾഡ് ട്രംപ് എത്തിയതിനെ തുടർന്ന് ഗോൾഫ് ക്ലബ് ഭാഗികമായി അടച്ചിരുന്നെങ്കിലും സമീപത്തുള്ള കുറ്റിക്കാട്ടിൽ മറഞ്ഞിരുന്ന പ്രതി റയാൻ റൂത്ത് വെടിയുതിർക്കുകയായിരുന്നു. ഒന്നിലേറെ തവണ വെടിവച്ചുവെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ട്രംപിന് വെടിയേൽക്കുകയോ പരുക്കേൽക്കുകയോ ചെയ്‌തിട്ടിട്ടില്ല. താൻ സുരക്ഷിതാണെന്ന് സംഭവത്തിന് ശേഷം ട്രംപ് സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചു. താൻ ഒരിക്കലും കീഴടങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.
നോർത്ത് കരോളിന നിവാസിയായ റയാൻ വെസ്ലി റൂത്ത് നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയാണ്
ട്രംപ് ഗോൾഫ് കളിക്കുന്നതിന് ഏകദേശം 365 മീറ്റർ അകലെയുള്ള വേലിക്കെട്ടുകൾക്ക് സമീപത്തെ കുറ്റിച്ചെടികൾക്കിടയിൽനിന്ന് ഒരു എകെ-47 മോഡലിലുള്ള റൈഫിൾ പുറത്തേക്ക് വരുന്നതാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ ആദ്യം പെടുന്നത്. തുടർന്ന് ട്രംപിന് സമീപത്ത് വെടിയുണ്ടകൾ പതിച്ചതുമൂലമുണ്ടായ ദ്വാരങ്ങളും കണ്ടെത്തിയിരുന്നു. ഇതോടെ തോക്കും രണ്ട് ബാഗുകളും ഗോ പ്രോ ക്യാമറയും ഉൾപ്പെടെ സംഭവസ്ഥലത്ത് ഉപേക്ഷിച്ച് ഒരു എസ് യു വി മോഡൽ കാറിൽ കയറി റയാൻ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പക്ഷെ വെസ്റ്റ് പാം ബീച്ചിന് അടുത്തുള്ള സ്ഥലത്ത് വച്ച് കാർ തടഞ്ഞ് പോലീസ് റയാനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ നടക്കവേ, രണ്ടാം തവണയാണ് ട്രംപിന് നേരെ വെടിവയ്പ്പ് ഉണ്ടാകുന്നത്. നേരത്തെ ജൂലൈ 13ന് പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന റാലിക്കിടെ ട്രംപിന് നേരെയുണ്ടായ ആക്രമണത്തിൽ അദ്ദേഹത്തിന്റെ ചെവിക്ക് പരുക്കേറ്റിരുന്നു. അന്നത്തെ സംഭവത്തിന് ശേഷം, ട്രംപിനുള്ള സുരക്ഷ വർധിപ്പിച്ചെങ്കിലും ആവർത്തിക്കുന്ന വധശ്രമങ്ങൾ നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്.
ആരാണ് റയാൻ?
നോർത്ത് കരോളിന നിവാസിയായ റയാൻ വെസ്ലി റൂത്ത് നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയാണ്. വർഷങ്ങളായി ഡെമോക്രാറ്റ് പാർട്ടിയെ പിന്തുണച്ചിരുന്ന റയാൻ, റിപ്പബ്ലിക്കൻ പ്രൈമറികളിൽ ട്രംപിനെതിരെ മത്സരിച്ചിരുന്ന വിവേക് രാമസ്വാമിയെയും നിക്കി ഹേലിക്കും വേണ്ടി നിലകൊണ്ടിരുന്നു. നേരത്തെ 2020ൽ ട്രംപിനെ വീണ്ടും തിരഞ്ഞെടുക്കണമെന്ന ആഹ്വാനങ്ങളും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
2023ൽ അമേരിക്കൻ മാധ്യമമായ ന്യൂയോർക് ടൈംസിന് നൽകിയ അഭിമുഖ പ്രകാരം, റഷ്യക്ക് വേണ്ടി യുദ്ധം ചെയ്യുന്നതിന് അഫ്‌ഗാൻ പട്ടാളക്കാരെ റിക്രൂട്ട് ചെയ്യാൻ മാസങ്ങളോളം റയാൻ യുക്രെയ്നിൽ താമസിച്ചിരുന്നു. കൂടാതെ യാതൊരു സൈനിക മുൻപരിചയുമില്ലാത്ത റയാൻ, യുക്രെയ്ന് വേണ്ടി യുദ്ധം ചെയ്യാനുള്ള തന്റെ പൂർണസന്നദ്ധതയും സമൂഹമാധ്യമങ്ങളിൽ വഴി പങ്കുവച്ചിരുന്നു. എന്നാൽ ട്രംപിന്റെ വധശ്രമത്തിന് പിന്നിലെ ഉദ്ദേശ്യം ഇതുവരെയും വ്യക്തമായിട്ടില്ല.