സുഡാനിലെ ആഭ്യന്തര യുദ്ധത്തിന് ബക്രീദ് ദിനത്തിലും അയവില്ല; വെടിനിര്‍ത്തല്‍ പ്രഖ്യാപനം ലംഘിക്കപ്പെട്ടു
ഏഴുപത് ദിവസമായി തുടരുന്ന സുഡാനിലെ ആഭ്യന്തര യുദ്ധത്തിന് ബക്രീദ് ദിനത്തിലും അയവില്ല. ഈദ് അല്‍ അദ ആഘോഷങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായി 24 മണിക്കൂര്‍ വെടി നിര്‍ത്തുമെന്ന് ഇരു സൈന്യങ്ങളും അറിയിച്ചെങ്കിലും പ്രഖ്യാപനം നടപ്പായില്ല. ഈദിന് ഇരുപക്ഷവും വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും തലസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ കനത്ത വെടിവയ്പുണ്ടായതായി പ്രദേശവാസികൾ പറയുന്നു.
ബുധനാഴ്ച പുലർച്ചെ തലസ്ഥാനമായ ഖാര്‍ത്തൂന്റെ ചില ഭാഗങ്ങളിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്സിനെതിരെ സുഡാനീസ് സൈന്യം കനത്ത വെടിവയ്പ്പും പീരങ്കി ആക്രമണങ്ങളും വ്യോമാക്രമണങ്ങളും നടത്തിയതായും പ്രദേശവാസികൾ പറഞ്ഞു.
ഏപ്രില്‍ 15 ന് ആരംഭിച്ച ആഭ്യന്തര യുദ്ധത്തിനു ശേഷം പ്രഖ്യാപിക്കുന്ന 17ാംമത് വെടിനിര്‍ത്തല്‍ പ്രഖ്യാപനമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ സാഹചര്യം തുടരുകയാണെങ്കില്‍ ജീവനും ജീവിതത്തിനും യാതൊരു ഉറപ്പുമില്ലെന്നായിരുന്നു പ്രദേശവാസികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
വാര്‍ത്താകുറിപ്പിലൂടെയാണ് ആര്‍ എസ് എഫ് പ്രഖ്യാപനം നടത്തിയത്. പെരുന്നാളിനോടനുബന്ധിച്ച് പൗരന്‍മാര്‍ക്ക് പ്രശ്‌ന ബാധിത മേഖലയില്‍ ഒഴിയാനുള്ള മാനുഷിക ഇടനാഴി തുറക്കുകയാണെന്നായിരുന്നു വാര്‍ത്താക്കുറിപ്പില്‍ ആര്‍ എസ് എഫ് പ്രഖ്യാപനം. പര്‌സപരം കുടുംബങ്ങളെ കാണാനും ആശംസകള്‍ നേരാനുമുള്ള അവസരമാണിതെന്നുമായിരുന്നു വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചത്. ആര്‍ പി എഫിനു പിന്നാലെ ആര്‍മിയും വെടി നിര്‍ത്തുമെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ബക്രീദ് ദിനത്തിലും വെടിവെയ്പ്പും ആക്രമണങ്ങളും തുടര്‍ന്നതോടെ പ്രദേശവാസികള്‍ക്കും അമര്‍ഷം ശക്തമാണ്. ''കുടുംബത്തോടൊപ്പമുള്ള സന്താേഷകരമായ സമാധാനപരമായ ഈദ് നഷ്ടപ്പെട്ടു. സംഘര്‍ഷത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായവരും പലായനം ചെയ്തവരുമുണ്ട് . പലര്‍ക്കും അവധി ദിനം ആഘോഷിക്കാന്‍ കൈയില്‍ പണം പോലുമില്ല.'' പ്രദേശവാസി പറയുന്നു.
ഏപ്രില്‍ 13നാണ് സുഡാനിലെ തലസ്ഥാന നഗരമായി ഖാര്‍ത്തൂമില്‍ സുഡാന്‍ സൈന്യവും അര്‍ധസൈനിക വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സസും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടാകുന്നത്. രാജ്യത്തിന്റെ അധികാരമായിരുന്നു ഇരു സൈന്യത്തിന്റേയും ലക്ഷ്യം. ഇത് ഇരു കൂട്ടരും തമ്മിലുള്ള വെടിവെയ്പ്പിലും വ്യോമാക്രമണത്തിലേക്കും നയിച്ചു. 300 ലധികം ജനങ്ങള്‍ കൊല്ലപ്പെട്ടു. സുഡാനിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന മലയാളിയായ ആല്‍ബര്‍ട്ട് അഗസ്റ്റിനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ഏകദേശം രണ്ടു ലക്ഷത്തിലധികം പേരാണ് രാജ്യത്തിന്റെ വിവിധ ഇടങ്ങളിലേക്ക് പലായനം ചെയ്തത്. കൂടാതെ ആറ് ലക്ഷത്തിലധികം പേര്‍ സുഡാനില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്കും പലായനം ചെയ്തുവെന്നാണ് ഇന്റര്‍ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐ ഒ എം) കണക്കുകള്‍ സൂചിപ്പിക്കുന്നത്. സുഡാനിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി അമേരിക്കയുടേയും സൗദി അറേബ്യയുടേയും നേതൃത്വത്തില്‍ ഒരു യോഗം ചേര്‍ന്നെങ്കിലും പരാജയപ്പെട്ടു. അതിനു ശേഷം ശക്തമായി പോരാട്ടമായിരുന്നു ഇരുക്കൂട്ടരും നടത്തിയത്.