റഷ്യയ്ക്ക് തിരിച്ചടി; ഫിന്‍ലന്‍ഡ് ഔദ്യോഗികമായി നാറ്റോയില്‍
വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഔദ്യോഗികമായി നാറ്റോയുടെ ഭാഗമായി ഫിന്‍ലന്‍ഡ്. ലോകത്തെ ഏറ്റവും വലിയ സൈനിക സഖ്യമായ നാറ്റോയിൽ ചേരുന്ന 31-ാമത്തെ അംഗമാണ് ഫിന്‍ലന്‍ഡ്. യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തിന് ശേഷമാണ് ഫിന്‍ലന്‍ഡ് നാറ്റോയില്‍ ചേരാന്‍ അപേക്ഷ നല്‍കിയത്. തുര്‍ക്കിയുടെ നിലപാടുകളായിരുന്നു ഫിന്‍ലന്‍ഡിന്റെ നാറ്റോ പ്രവേശനത്തിന് എതിരായി നിന്നത്. തുര്‍ക്കി പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പ്രമേയത്തിന് അനുമതി ലഭിച്ചതോടെയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായത്. ഫിന്‍ലന്‍ഡ് വിദേശകാര്യമന്ത്രി രേഖകള്‍ കൈമാറിയതോടെ നാറ്റോ ആസ്ഥാനത്ത് ഫിന്‍ലന്‍ഡിന്റെ പതാക ഉയർന്നു.
ഫിന്‍ലന്‍ഡ് റഷ്യയുമായി 1,340 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്
യുക്രെയ്നെതിരെ റഷ്യ നടത്തിയ അധിനിവേശത്തിന് ശേഷം സ്വീഡനോടൊപ്പം നാറ്റോയില്‍ ചേരാന്‍ ഫിന്‍ലന്‍ഡും അപേക്ഷിച്ചിരുന്നു. കാലാകാലങ്ങളായി എല്ലാ രാജ്യങ്ങളുമായി നിഷ്പക്ഷ നിലപാടാണ് ഫിന്‍ലന്‍ഡ് സ്വീകരിച്ചിരുന്നത്. എന്നാല്‍ യുക്രെയ്ന്‍ അധിനിവേശത്തിന് ശേഷം തീരുമാനം മാറുകയായിരുന്നു. ഫിന്‍ലന്‍ഡ് റഷ്യയുമായി 1,340 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്. യുക്രെയിനില്‍ റഷ്യന്‍ അധിനിവേശം ഫിന്‍ലന്‍ഡിലെ ജനങ്ങളിലും ഭീതി ഉയര്‍ത്തിയിരുന്നു. ജനങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ ഏകദേശം 80 ശതമാനം പേരും നാറ്റോയില്‍ ചേരണമെന്ന ആവശ്യമാണ് ഉന്നയിച്ചത്.
മുഴുവന്‍ അംഗരാജ്യങ്ങളുടെയും അനുമതി ഉണ്ടെങ്കില്‍ മാത്രമാണ് പുതിയൊരു രാജ്യത്തിന് നാറ്റോയില്‍ ചേരാന്‍ സാധിക്കുക. ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോയില്‍ ചേരുന്നതിനെ നാറ്റോയിലെ 29 അംഗരാജ്യങ്ങളും പിന്തുണച്ചപ്പോള്‍ തുര്‍ക്കി മാത്രം എതിര്‍ത്തു. കുര്‍ദിഷ് വിഷയത്തില്‍ സ്വീഡനും ഫിന്‍ലന്‍ഡും സ്വീകരിച്ച നിലപാടാണ് തുര്‍ക്കിയെ പ്രകോപിപ്പിച്ചത്. തുര്‍ക്കിയില്‍ സ്വതന്ത്രരാജ്യം വേണമെന്നാവശ്യപ്പെട്ട് സായുധ പോരാട്ടം നടത്തുന്ന വിഘടനവാദി ഗ്രൂപ്പായ് കുര്‍ദിഷ് വര്‍ക്കേഴ്സ് പാര്‍ട്ടിക്ക് സ്വീഡന്‍, ഫിന്‍ലന്‍ഡ് പോലുള്ള രാജ്യങ്ങള്‍ അഭയം നല്‍കിയിരുന്നു. ഇതാണ് തുര്‍ക്കിയുടെ എതിര്‍പ്പിന് മുഖ്യ കാരണം.
സ്വീഡന്‍ റഷ്യയുമായി അതിര്‍ത്തി പങ്കിടുന്നില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം റഷ്യയുടെ യുദ്ധവിമാനം സ്വീഡന്റെ വ്യോമപരിധിയില്‍ അതിക്രമിച്ചുകടന്നിരുന്നു. രാജ്യത്ത് നടത്തിയ അഭിപ്രായ സര്‍വേയില്‍ 61ശതമാനം സ്വീഡിഷ് പൗരന്മാരും നാറ്റോയില്‍ ചേരുന്നതിനെ അനുകൂലിക്കുകയും ചെയ്തു. ഫിന്‍ലാന്‍ഡിന്റെ അംഗത്വത്തിന് ശേഷം സ്വീഡനും നാറ്റോ അംഗത്വത്തിനായി കാത്തിരിക്കുകയാണ്.
യുക്രെയ്‌നും ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോയില്‍ അംഗമോകുന്നതോടെ റഷ്യയുടെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പൂര്‍ണമായി നാറ്റോ സാന്നിധ്യമുണ്ടാകും
നാറ്റോയില്‍ കൂടുതല്‍ രാജ്യങ്ങള്‍ ചേരുന്നത് റഷ്യയ്ക്ക് വന്‍ തിരിച്ചടിയാണ്. അതിര്‍ത്തിയില്‍ നാറ്റോ സൈന്യത്തെ തുരത്തനാണ് റഷ്യ യുക്രെയ്‌നിലേക്ക് അപ്രതീക്ഷിതമായി ആക്രമണം നടത്തിയത് തന്നെ. എന്നാല്‍ കാര്യങ്ങള്‍ നേരെ വിപരീതമായി സംഭവിച്ചു. യുക്രെയ്ന്‍ അധിനിവേശത്തോടെ ഫിന്‍ലന്‍ഡ് അടക്കം പല രാജ്യങ്ങളും നറ്റോയില്‍ ചേരാന്‍ തീരുമാനിച്ചു. യുക്രെയ്‌നും ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോയില്‍ അംഗമോകുന്നതോടെ റഷ്യയുടെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പൂര്‍ണമായി നാറ്റോ സാന്നിധ്യമുണ്ടാകും. ഇത് റഷ്യയ്ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
വടക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ സൈനിക ശേഷി വര്‍ധിപ്പിച്ചുകൊണ്ട് ഫിന്‍ലന്‍ഡിന്റെ് അംഗത്വത്തോട് പ്രതികരിക്കുമെന്നാണ് പുടിന്‍ വ്യക്തമാക്കിയത്. കോടിക്കണക്കിന് ഡോളറിന്റെ ആയുധ പാക്കേജുകളും സാമ്പത്തിക പിന്തുണയുമായി യുക്രെയ്‌നെ പിന്തുണയ്ക്കുന്ന നാറ്റോയ്ക്കും പാശ്ചാത്യ രാജ്യങ്ങള്‍ക്കും എതിരെ തങ്ങള്‍ ഇപ്പോള്‍ ഒരു 'ഹൈബ്രിഡ് യുദ്ധം' നടത്തുകയാണെന്നും റഷ്യ കൂട്ടിചേര്‍ത്തു.