തുര്‍ക്കി അയഞ്ഞു, ഫിന്‍ലന്‍ഡ് നാറ്റോയിലേക്ക്; റഷ്യയ്ക്ക് തിരിച്ചടി

തുര്‍ക്കി അയഞ്ഞു, ഫിന്‍ലന്‍ഡ് നാറ്റോയിലേക്ക്; റഷ്യയ്ക്ക് തിരിച്ചടി

തുര്‍ക്കി പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പ്രമേയത്തിന് അനുമതി ലഭിച്ചതോടെയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായത്
Updated on
2 min read

ലോകത്തെ ഏറ്റവും ശക്തമായ സൈനിക സഖ്യമായ നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്റെ (നാറ്റോ)യില്‍ അംഗത്വം ഉറപ്പിച്ച് ഫിന്‍ലന്‍ഡ്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് ഫിന്‍ലന്‍ഡ് നാറ്റോ പ്രവേശനം സാധ്യമാക്കുന്നത്. നാറ്റോയുടെ അടുത്ത സമ്മേളനത്തിലാണ് ഫിന്‍ലന്‍ഡ് ഔദ്യോഗികമായി സൈനിക സഖ്യത്തിന്റെ ഭാഗമാവുക. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ നാറ്റോ ജനറല്‍ സെക്രട്ടറി ജെന്‍സ് സ്റ്റോള്‍ട്ടന്‍ ബര്‍ഗാണ് ഫിന്‍ലന്‍ഡിന്റെ അംഗത്വം ഉറപ്പിച്ച വിഷയം അറിയിച്ചത്.

തുര്‍ക്കിയുടെ എതിര്‍പ്പ് ഫിന്‍ലന്‍ഡ് നാറ്റോ പ്രവേശനത്തെ ബാധിക്കുകയായിരുന്നു

തുര്‍ക്കിയുടെ നിലപാടുകളായിരുന്നു ഫിന്‍ലന്‍ഡിന്റെ നാറ്റോ പ്രവേശനത്തിന് എതിരായി നിന്നത്. തുര്‍ക്കി പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പ്രമേയത്തിന് അനുമതി ലഭിച്ചതോടെയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായത്. നാറ്റോയില്‍ മറ്റൊരു രാജ്യത്തിന് അംഗമാവണമെങ്കില്‍ നിലവില്‍ അംഗങ്ങളായുള്ള രാജ്യങ്ങളുടെ സമ്മതം വേണമെന്ന് നിര്‍ബന്ധമുണ്ട്. അതിനാല്‍ തുര്‍ക്കിയുടെ എതിര്‍പ്പ് ഫിന്‍ലന്‍ഡ് നാറ്റോ പ്രവേശനത്തെ ബാധിക്കുകയായിരുന്നു.

തുര്‍ക്കിയില്‍ സ്വതന്ത്രരാജ്യം വേണമെന്നാവശ്യപ്പെട്ട് സായുധ പോരാട്ടം നടത്തുന്ന വിഘടനവാദി ഗ്രൂപ്പാണ് കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടി

കുര്‍ദിഷ് വിഷയത്തില്‍ സ്വീഡനും ഫിന്‍ലന്‍ഡും സ്വീകരിച്ച നിലപാടാണ് തുര്‍ക്കിയെ പ്രകോപിപ്പിച്ചത്. തുര്‍ക്കിയില്‍ സ്വതന്ത്രരാജ്യം വേണമെന്നാവശ്യപ്പെട്ട് സായുധ പോരാട്ടം നടത്തുന്ന വിഘടനവാദി ഗ്രൂപ്പാണ് കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടി. ഇവരെ തുര്‍ക്കിയും അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഭീകരവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് സ്വീഡന്‍ ഫിന്‍ലന്‍ഡ് പോലുള്ള രാജ്യങ്ങള്‍ അഭയം നല്‍കിയിരുന്നു. ഇതാണ് തുര്‍ക്കിയുടെ എതിര്‍പ്പിന് പ്രധാന കാരണം.

ഫിന്‍ലന്‍ഡിന്റെ നാറ്റോ പ്രവേശനം അംഗ രാജ്യങ്ങളുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കുമെന്ന് തുര്‍ക്കിഷ് ഗവണ്‍മെന്റ് പ്രതികരിച്ചു. നാറ്റോയിലെ അംഗരാജ്യമെന്ന നിലയില്‍ എല്ലാ അംഗരാജ്യങ്ങള്‍ക്കും സുരക്ഷിതത്വം നല്‍കാന്‍ ശ്രമിക്കുമെന്നും സ്വീഡന് എന്നും പിന്തുണ നല്‍കുമെന്നും ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്ന മരിന്‍ ട്വീറ്റ് ചെയ്തു. തുര്‍ക്കിഷ് പ്രസിഡന്റ് റജ്ജബ് ത്വയ്യിബ് എര്‍ദോഗന്‍ ഈ മാസം ആദ്യം തന്നെ നാറ്റോയില്‍ ചേരാനുള്ള ഫിന്‍ലന്‍ഡിന്റെ ആവശ്യത്തിന് അനുമതി നല്‍കിയിരുന്നു.

കാലങ്ങളായി എല്ലാ രാജ്യങ്ങളുമായി നിഷ്പക്ഷ നിലപാടാണ് ഫിന്‍ലന്‍ഡ് സ്വീകരിച്ച് പോന്നിട്ടുളളത്

ഫിന്‍ലന്‍ഡിന് നാറ്റോയില്‍ അംഗത്വം നല്‍കാന്‍ സമ്മതമാണെന്നറിയിച്ച തുര്‍ക്കിയുടെ നിലപാട് റഷ്യന്‍ യുക്രെയ്ന്‍ യുദ്ധത്തിനും നിര്‍ണായകമാണ്. റഷ്യയുമായി 1,340 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് ഫിന്‍ലന്‍ഡ്. മാത്രമല്ല പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും വലിയ ആയുധ ശേഖരശാലയുള്ളതും ഫിന്‍ലന്‍ഡിലാണ്.

കാലങ്ങളായി എല്ലാ രാജ്യങ്ങളുമായി നിഷ്പക്ഷ നിലപാടാണ് ഫിന്‍ലന്‍ഡ് സ്വീകരിച്ച് പോന്നിട്ടുളളത്. റഷ്യ യുക്രെയിനില്‍ അധിനിവേശം നടത്തിയതോടെയാണ് ഈ തീരുമാനത്തില്‍ മാറ്റം വന്നത്. ഇതിന് ശേഷമാണ് നാറ്റോയില്‍ ചേരാനുള്ള താല്‍പര്യം ഫിന്‍ലന്‍ഡ് പരസ്യമായി പ്രകടിപ്പിക്കുന്നത്. യുക്രെയിനില്‍ റഷ്യന്‍ അധിനിവേശം ഫിന്‍ലന്‍ഡിലെ ജനങ്ങളിലും ഭീതി ഉയര്‍ത്തിയിരുന്നു. ജനങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ ഏകദേശം 80 ശതമാനം പേരും നാറ്റോയില്‍ ചേരണമെന്ന ആവശ്യമാണ് ഉന്നയിച്ചത്.

ഫിന്‍ലന്‍ഡിന് സ്വീഡനും നാറ്റോയില്‍ ചേരാനുള്ള താല്‍പര്യം അറിയിച്ചിരുന്നു. ഫിന്‍ലന്‍ഡിനെ പോലെ റഷ്യയുമായി സ്വീഡന്‍ അതിര്‍ത്തി പങ്കിടുന്നില്ല. യുക്രെയിനില്‍ നടത്തിയ അധിനിവേശമാണ് സ്വീഡനെയും നാറ്റോയില്‍ ചേരാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. നാറ്റോയില്‍ അംഗമായിട്ടുള്ള ഏതെങ്കിലും രാജ്യത്തെ മറ്റേതെങ്കിലും രാജ്യം ആക്രമിച്ചാല്‍ അംഗരാജ്യങ്ങളെല്ലാം സംയുക്തമായി ആ രാജ്യത്തെ സംരക്ഷിക്കുക എന്നതാണ് നാറ്റോയുടെ സ്ഥാപകതത്വം.

ഫിന്‍ലന്‍ഡിന്റെ ഈ തീരുമാനത്തെ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ വിമര്‍ശിച്ചിരുന്നു

അതേസമയം, ഫിന്‍ലന്‍ഡിന്റെ നാറ്റോ അംഗത്വം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തുന്നത്. നാറ്റോയുടെ വിപുലീകരണത്തെ തടയുക, പാശ്ചാത്യ രാജ്യങ്ങളുടെ ശക്തിയെ ദുര്‍ബലപ്പെടുത്തുക എന്നിങ്ങനെയുള്ള ലക്ഷ്യത്തോടെയാണ് യുക്രെയ്‌നില്‍ റഷ്യ അധിനിവേശം നടത്തിയത്. എന്നാല്‍ കൂടുതല്‍ രാജ്യങ്ങള്‍ നാറ്റോയുടെ ഭാഗമാകുന്ന നിലയിലേക്ക് സാഹചര്യം മാറിയിരിക്കുന്നു. ഫിന്‍ലന്‍ഡിന്റെ തീരുമാനത്തെ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ വിമര്‍ശിച്ചിരുന്നു.

logo
The Fourth
www.thefourthnews.in