ഇമ്രാന്‍ ഖാനെതിരെ പിടിമുറുക്കി പാക് സര്‍ക്കാര്‍; തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസ്
മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ നടപടി കടുപ്പിച്ച് പാകിസ്താന്‍ സര്‍ക്കാര്‍. ഇമ്രാന്‍ ഖാനെതിരെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം കേസെടുത്തു. ശനിയാഴ്ച ഇസ്ലാമബാദില്‍ സംഘടിപ്പിച്ച റാലിക്കിടെ ജഡ്ജിയേയും മുതിര്‍ന്ന ഉദ്യോഗസ്ഥരേയും ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇമ്രാനെ അറസ്റ്റ് ചെയ്യാനുള്ള ആദ്യപടിയാണ് കേസെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയും അന്വേഷണം ശക്തമാക്കുന്നുണ്ട്. കേസെടുത്തതിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാവുകയാണ്.
ഇമ്രാന്‍ ഖാന്റെ അടുത്ത അനുയായിയായ ഷഹബാസ് ഗില്ലിനെ ഓഗസ്റ്റ് ഒന്‍പതിനാണ് രാജ്യദ്രോഹകുറ്റമാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. കടുത്ത ആസ്മാ രോഗിയായ ഗില്ലിനെ പോലീസ് ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് ഇമ്രാന്‍ ഖാന്റെയും പകിസ്താന്‍ തെഹ്‌രിഖ്- ഇ-ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയുടെയും ആരോപണം. ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ വേദനകൊണ്ട് നിലവിളിക്കുന്ന ഗില്ലിന്റെ വീഡിയോ അടക്കം വ്യാപകമായി പ്രചരിച്ചിരുന്നു. കോടതി ഉത്തരവ് പ്രകാരം പാകിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ച ഗില്ലിനെ കാണാന്‍ ഇമ്രാനെ പോലീസ് അനുവദിച്ചില്ല. സര്‍ക്കാര്‍ പാര്‍ട്ടിയെ വേട്ടയാടുന്നു എന്ന് ആരോപിച്ചാണ് ഇസ്ലാമബാദില്‍ ഇമ്രാന്‍ ഖാന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചത്. റാലിയ്ക്ക് വന്‍ ജനപങ്കാളിത്തമുണ്ടായി.
ഇമ്രാന്റെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യുന്നത് വിലക്കിക്കൊണ്ടാണ് സര്‍ക്കാര്‍ ഇതിനെ നേരിട്ടത്. പാകിസ്താന്‍ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയാണ് സാറ്റലൈറ്റ് ചാനലുകളില്‍ പ്രസംഗം സംപ്രേഷണം ചെയ്യുന്നത് വിലക്കിയത്. റെക്കോര്‍ഡ് ചെയ്ത പ്രസംഗം നിയന്ത്രണങ്ങളോടെ മാത്രമേ നല്‍കാവൂ എന്നും നിര്‍ദേശമുണ്ടായി. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമെന്നും ഫാസിസ്റ്റ് ഭരണമാണ് രാജ്യത്ത് നടക്കുന്നതെന്നും ഇമ്രാൻ ആരോപിച്ചു.
റാലിയില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഇമ്രാന്‍ ഖാന്‍ ഉന്നയിച്ചത്. ഗില്ലിനെതിരായ അതിക്രമത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും വനിതാ മജിസ്‌ട്രേറ്റ്, പാകിസ്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവര്‍ക്കെതിരെയും കേസ് നല്‍കുമെന്ന് ഇമ്രാന്‍ വ്യക്തമാക്കി. അങ്ങേയറ്റം പ്രകോപനപരമായ പ്രസംഗമാണ് ഇമ്രാന്റെതെന്നാണ് സര്‍ക്കാര്‍ വാദം. പ്രസംഗത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി റാണാ സനാഹുള്ള പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ഇമ്രാനെതിരെ കേസെടുത്തത്.
ഇസ്ലാമബാദിലെ മര്‍ഗല്ല പോലീസ്‌റ്റേഷനിലാണ് തീവ്രവാദ വിരുദ്ധ നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം കേസ് . വനിതാ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സേബ ചൗധരിയെയും ഇമ്രാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരേയും ഭീഷണിപ്പെടുത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നു. മജിസ്‌ട്രേറ്റ് അലി ജാവേദിന്റെ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഇമ്രാനെ പിന്തുണച്ച് പാർട്ടി പ്രവർത്തകർ കൂട്ടത്തോടെ ഇമ്രാൻഖാന്റെ വസതിയിലേക്ക് എത്തുകയാണ്. ഇമ്രാനെ അറസ്റ്റ് ചെയ്തേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ പ്രതിഷേധം കടുപ്പിക്കുകയാണ് പിടിഐ