ഇസ്രയേലിലേക്ക് നിര്‍മാണ തൊഴിലാളികളായി ഇന്ത്യക്കാര്‍, ആദ്യം സംഘം പുറപ്പെട്ടു; സംഘര്‍ഷം തുടരുന്നതിനിടെ സുരക്ഷ ആശങ്ക
ഗാസയെ തകര്‍ത്തെറിഞ്ഞ് ആക്രമണവുമായി മുന്നോട്ട് പോകുമ്പോള്‍ രാജ്യത്തെ തൊഴിലാളികളുടെ അഭാവം പരിഹരിക്കാന്‍ നടപടികളുമായി ഇസ്രയേല്‍. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ തൊഴിലാളികളെ എത്തിച്ച് തൊഴിലാളി ക്ഷാമം പരിഹരിക്കാനാണ് ശ്രമം. ഇന്ത്യയില്‍നിന്ന് നിര്‍മാണ തൊഴിലാളികളുടെ ആദ്യ സംഘം കഴിഞ്ഞ ദിവസം ഇസ്രയേലിലേക്ക് തിരിച്ചു. ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ നയോര്‍ ഗിലോണ്‍ 64 അംഗസംഘത്തിന്റെ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.
ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ പലസ്തീനികള്‍ ഇസ്രയേലില്‍ ജോലി ചെയ്യുന്നത് സര്‍ക്കാര്‍ നിരോധിച്ചിരുന്നു. ഇതോടെ ഇസ്രയേല്‍ വലിയ തോതില്‍ തൊഴിലാളി ക്ഷാമം നേരിട്ടിരുന്നു. ഈ സാഹചര്യം മറികടക്കാനാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് തൊഴിലാളികളെ എത്തിക്കുന്നത്.
2023 നവംബറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ച കരാറിന്റെ ഭാഗമായി ഇസ്രയേൽ അടിയന്തരമായി പതിനായിരത്തോളം തൊഴിലാളികളെ ആവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ചിരുന്നു. അതുപ്രകാരം, ഇന്ത്യയിൽനിന്ന് പോകാനാരിക്കുന്ന തൊഴിലാളികളുടെ ആദ്യ ബാച്ചാണ് ഏപ്രില്‍ 2 ന് യാത്ര തിരിച്ചത്.
ഇസ്രയേൽ അംബാസഡർ നയോർ ഗിലോണാണ് ഇന്ത്യൻ നിർമാണ തൊഴിലാളികളുടെ ആദ്യ ബാച്ചിന്റെ യാത്രയയപ്പ് പരിപാടിയുടെ ഫോട്ടോകൾ പങ്കുവച്ചത്. കരാര്‍ സാധ്യമായി ഒരുവർഷം തികയും മുന്‍പ് തൊഴിലാളികളെ അയക്കാനായെന്നും ഇത് ഇന്ത്യയുടെ നാഷണൽ സ്‌കിൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷനിലെ അംഗങ്ങൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ കഠിനാധ്വാനത്തിൻ്റെ ഫലമാണ് എന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
അതേസമയം, ഇസ്രയേലിലെ ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും ശക്തമാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് നാലിന് വടക്കന്‍ ഇസ്രയേലില്‍ ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണത്തില്‍ ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ പൗരന്‍മാരോട് സുരക്ഷിത താവളങ്ങളിലേക്ക് മാറാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, ഈ സംഭവം നടന്ന് ഒരുമാസത്തിനുള്ളിലാണ് തൊഴിലാളി സംഘത്തിന്റെ ആദ്യ ബാച്ച് പുറപ്പെടുന്നത്.
ഇസ്രയേല്‍ വിദേശകാര്യമന്ത്രി എലി കോഹന്‍ 2023 മേയിൽ നടത്തിയ ഇന്ത്യ സന്ദർശന വേളയിലാണ് 42,000 തൊഴിലാളികൾക്ക് വേണ്ടിയുള്ള കരാറിൽ ഒപ്പുവച്ചത്. അതിൽ 34,000 നിർമാണ തൊഴിലാളികളെ ആയിരുന്നു ഇസ്രയേൽ ആവശ്യപ്പെട്ടത്.
ഹരിയാന, ഉത്തർപ്രദേശ് എന്നീ രണ്ട് സംസ്ഥാനങ്ങളിൽ നടത്തിയ പ്രാവീണ്യ പരിശോധനയ്ക്ക് ശേഷം ഏകദേശം 9,727 തൊഴിലാളികളാണ് ഇസ്രയേലിലേക്ക് പോകാൻ യോഗ്യത നേടിയത്. ഏപ്രിലോടെ ഏകദേശം 1500 ഇന്ത്യക്കാർ സംഘർഷ ബാധിത മധ്യേഷ്യൻ രാജ്യത്തേക്ക് പുറപ്പെടുമെന്ന അധികൃതർ അറിയിച്ചിട്ടുണ്ട്.