ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ട് ചാവേറാക്രമണം; പാകിസ്താന്‍-ബലൂച് അതിര്‍ത്തിയില്‍ അഞ്ച് എൻജിനീയര്‍മാര്‍ കൊല്ലപ്പെട്ടു
പാകിസ്താനില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ അഞ്ച് ചൈനീസ് പൗരന്മാരും ഒരു പാകിസ്താൻ പൗരനും കൊല്ലപ്പെട്ടു. പാകിസ്ഥാനി ഡ്രൈവര്‍ക്കൊപ്പം വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് ആക്രമണം സംഭവിച്ചത്.
ഇസ്ലാമാബാദില്‍നിന്ന് ബലൂചിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ ദാസുവില്‍ സ്ഥിതിചെയ്യുന്ന ക്യാമ്പിലേക്കുള്ള യാത്രയ്ക്കിടയിലാണ് എൻജിനീയര്‍മാരായ ചൈനീസ് പൗരന്മാര്‍ക്കുനേരെ ആക്രമണമുണ്ടായത്. ചൈനീസ് സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ബലൂച് പോലീസ് നൽകുന്ന വിവരം.
സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം അക്രമി ചൈനീസ് പൗരന്മാര്‍ സഞ്ചരിച്ച വാഹനത്തിനുനേര്‍ക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് മേഖലാ പോലീസ് മേധാവിയായ മുഹമ്മദ് അലി ഗന്‍ഡാപൂര്‍ പറഞ്ഞു.
ദാസുവില്‍ നേരത്തെയും ഇത്തരത്തില്‍ ആക്രമണം നടന്നിട്ടുണ്ട്. 2021ല്‍ നടന്ന ബസ് സ്ഫോടനത്തില്‍ ഒമ്പത് ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ 13 പേർ കൊല്ലപ്പെട്ടിരുന്നു. പാകിസ്താനിലെ രണ്ടാമത്തെ ഏറ്റവും വലിയ വ്യോമതാവളമായ പിഎന്‍എസ് സിദ്ധീഖിനുനേരെ ആക്രമണമുണ്ടായതിനു പിന്നാലെയാണ് ഇന്നത്തെ ആക്രമണം.
കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തിരുന്നു. അക്രമണത്തില്‍ ഒരു അര്‍ധസൈനിക ഉദ്യോഗസ്ഥനും അഞ്ച് അക്രമികളും കൊല്ലപ്പെട്ടിരുന്നു. അതേസമയം, രഹസ്യ വിവരത്തെ അടിസ്ഥാനമാക്കി ഖൈബര്‍ പഖ്തുന്‍ഖ്വയില്‍ നടത്തിയ അക്രമണത്തില്‍ കുറഞ്ഞത് നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചിരുന്നു.
തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ദെറ ഇസ്മായില്‍ ഖാന്‍ ജില്ലയില്‍ ഓപ്പറേഷന്‍ നടത്തിയതെന്ന് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഐഎസ്പിആര്‍) പറഞ്ഞു.
പാകിസ്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോണ്‍ഫ്‌ലിക്റ്റ് ആന്റ് സെക്യൂരിറ്റി സ്റ്റഡീസ് കണക്കുപ്രകാരം, ഫെബ്രുവരിയില്‍ മാത്രം 97 ഭീകരാക്രമണങ്ങള്‍ക്കാണ് പാകിസ്താന്‍ സാക്ഷ്യം വഹിച്ചത്. ആക്രമണങ്ങളില്‍ 87 പേര്‍ കൊല്ലപ്പെടുകയും 118 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.