മഹ്‌സ അമിനിയുടെ മരണം; സമര ചൂടറിഞ്ഞ് ഇറാന്‍ നഗരങ്ങള്‍, ഹിജാബ് കത്തിച്ചും പ്രതിഷേധം

മഹ്‌സ അമിനിയുടെ മരണം; സമര ചൂടറിഞ്ഞ് ഇറാന്‍ നഗരങ്ങള്‍, ഹിജാബ് കത്തിച്ചും പ്രതിഷേധം

തിങ്കളാഴ്ച അഞ്ച് പേർ ഇറാനിയൻ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ടുകൾ
Updated on
2 min read

ഹിജാബ് ധരിക്കാത്തതിന് പോലീസ് കസ്റ്റഡിയിൽ എടുത്ത പെൺകുട്ടി മരിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളില്‍ നിറഞ്ഞ് ഇറാന്‍. തലസ്ഥാന നഗരമായ ടെഹ്‌റാനില്‍ ഉള്‍പ്പെടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഇറാനിലെ ന്യൂനപക്ഷമായ കുര്‍ദ് വിഭാഗത്തില്‍പ്പെട്ട 22 കാരി മഹ്സ അമിനിയുടെ മരണത്തെ തുടര്‍ന്നാണ് രാജ്യത്ത് പ്രക്ഷോഭം ആരംഭിച്ചത്.

ഭരണാധികാരികൾക്കെതിരെ മുദ്രാവാക്യങ്ങളുമായി സ്ത്രീകൾ ഉള്‍പ്പെടെ തെരുവിലിങ്ങി. തങ്ങൾ ധരിച്ചിരുന്ന ഹിജാബ് വലിച്ചൂരിയെറിഞ്ഞും വനിതകള്‍ പ്രതിഷേധിച്ചതായി ഇറാനിലെ വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്തു. പ്രതിഷേധക്കാർക്കെതിരെ പൊലീസ് കണ്ണീർ വാതകവും ലാത്തിയും പ്രയോഗിച്ചു. 

 മഹ്സ അമിനി
മഹ്സ അമിനി

ഇറാനിലെ നഗരങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ എഴുപത്തഞ്ചോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്

തിങ്കളാഴ്ചയോടെയാണ് പ്രതിഷേധം ശക്തമായത്. പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് നടപടികളില്‍ ഇതുവരെ അഞ്ച് പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. ഇറാനിലെ കുർദിഷ് മേഖലയിൽ നടന്ന പ്രകടത്തിനിടെ അഞ്ച് പേർ ഇറാനിയൻ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചതായി ഇറാനിലെ അവകാശ ലംഘനങ്ങൾ നിരീക്ഷിക്കുന്ന സംഘടനയായ ഹെൻഗാവ് ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച ഇറാനിലെ മറ്റു നഗരങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ എഴുപത്തഞ്ചോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. ഈ കണക്കുകൾ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

പടിഞ്ഞാറന്‍ നഗരമായ സക്കസ് സ്വദേശിയായ അമിനിയെ ടെഹ്റാനില്‍ നിന്ന് ചൊവ്വാഴ്ചയാണ് വസ്ത്രധാരണത്തിന്റെ പേരില്‍ പോലീസ് വിഭാഗം പിടികൂടിയത്

പടിഞ്ഞാറന്‍ നഗരമായ സക്കസ് സ്വദേശിയായ അമിനിയെ ടെഹ്റാനില്‍ നിന്നാണ് ചൊവ്വാഴ്ച വസ്ത്രധാരണത്തിന്റെ പേരില്‍ സദാചാര വിഷയങ്ങള്‍ പരിശോധിക്കുന്ന പോലീസ് വിഭാഗം പിടികൂടിയത്. സഹോദരന് ഒപ്പം സഞ്ചരിക്കവെ ആയിരുന്നു യുവതിയെ കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റിന് ശേഷം അമിനിക്ക് ഹൃദയഘാതം വരികയും കോമയിൽ ആവുകയും ചെയ്‌തെന്നാണ് ഇറാനി അധികൃതർ വിശദീകരണം നൽകിയത്. അറസ്റ്റിന് ശേഷം ഉണ്ടായ പോലീസ് മർദനത്തിൽ ആണ് മഹ്സ അമിനി കൊല്ലപ്പെട്ടത് എന്നാണ് കുടുംബത്തിന്റെ ആരോപണം.

പെൺകുട്ടിക്ക് മുൻപ് ഹൃദയസംബന്ധമായ അസുഖങ്ങൾ ഇല്ലായിരുന്നു എന്ന് പെൺകുട്ടിയുടെ കുടുംബം വ്യക്തമാക്കിയതായി ഇറാനി മാധ്യമമായ എംറ്റെഡാഡ് ന്യൂസ് റിപ്പോർട് ചെയ്തിരുന്നു. വസ്ത്രധാരണത്തിന്റെ മാർഗനിർദ്ദേശങ്ങൾ സ്വീകരിക്കാൻ പുനർവിദ്യാഭ്യാസ കേന്ദ്രത്തിൽ എത്തിച്ച അമിനി അവിടെ വെച്ച് ബോധരഹിതയായി വീഴുന്നതിന്റെ ദൃശ്യങ്ങൾ ഇറാൻ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ടിരുന്നു. അമിനിയുടെ മരണം ദൗർഭാഗ്യകരമായ സംഭവമാണെന്നും കസ്റ്റഡിയിലിരിക്കെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലെന്നും ഇറാന്റെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് തിങ്കളാഴ്ച വ്യക്തമാക്കി.

ഇറാന്റെ നിയമപാലകരുടെ ഭാഗം തന്നെയായ സദാചാര പോലീസ് ആണ് അമിനിയെ കസ്റ്റഡിയിൽ എടുത്തത്. സ്ത്രീകൾ പൊതുസ്ഥലത്ത് ശിരോവസ്ത്രം അല്ലെങ്കിൽ ഹിജാബ് ധരിക്കുന്നത് നിർബന്ധമാക്കുന്ന വസ്ത്രധാരണരീതി ഉൾപ്പെടെ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ കർശനമായ സാമൂഹിക നിയമങ്ങൾ നടപ്പിലാക്കാൻ ഉള്ള ചുമതലയാണ് ഇറാന്റെ സദാചാര പൊലീസിന് ഉള്ളത്.

അമിനിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയതായി ഇറാൻ അധികൃതർ അറിയിച്ചു. മെഡിക്കൽ വിദഗ്ധരുടെ കൂടുതൽ പരിശോധനയ്ക്ക് ശേഷം ഫലങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് ഇറാനിലെ ഫോറൻസിക് മെഡിക്കൽ ഓർഗനൈസേഷൻ ഡയറക്ടർ മെഹ്ദി ഫോറോസെഷ് ശനിയാഴ്ച സ്റ്റേറ്റ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇറാന്റെ ഹിജാബ് നിയമം

1979-ലെ ഇസ്ലാമിക വിപ്ലവത്തിന് പിന്നാലെയാണ് ഇറാനില്‍ നിര്‍ബന്ധിത ഡ്രസ് കോഡ് നിയമം നിലവില്‍ വരുന്നത്. എല്ലാ സ്ത്രീകളും ശിരോവസ്ത്രവും അയഞ്ഞ വസ്ത്രങ്ങളും ധരിക്കണമെന്നത് ഇതിലൂടെ നിര്‍ബന്ധമാക്കുകയായിരുന്നു. ഈ വിഷയങ്ങള്‍ പരിശോധിക്കാന്‍ സദാചാര പോലീസ് വിഭാഗത്തെയും നിരോധിച്ചിരുന്നു. 'ഗഷ്ത്-ഇ എര്‍ഷാദ്' എന്ന പേരിലാണ് ഈ വിഭാഗം അറിയപ്പെടുന്നത്. ഡ്രസ് കോഡ് നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ, തടവ് അല്ലെങ്കില്‍ ചാട്ടവാറടി എന്നീ ശിക്ഷകളും ഉള്‍പ്പെടുന്നു.

2014-ല്‍ ഇറാനില്‍ ഉയര്‍ന്നുവന്ന 'മൈ സ്റ്റെല്‍ ഫ്രീഡം' എന്ന ഓണ്‍ലൈന്‍ പ്രതിഷേധ കാമ്പെയ്നിന്‍ ആരംഭിച്ചിരുന്നു. ഇത് പരസ്യ പ്രതിഷേധവുമായി നിരവധി പേരെ രംഗത്തിറങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in