ചൈനീസ് മുൻ പ്രധാനമന്ത്രി ലി കെക്വിയാങ്ങ് അന്തരിച്ചു
ചൈനീസ് മുൻ പ്രധാനമന്ത്രി ലി കെക്വിയാങ്ങ് അന്തരിച്ചു. 68 വയസായിരുന്നു. ഷാങ്ഹായിലെ വീട്ടിൽ കഴിയവേ പെട്ടെന്നുണ്ടായ ഹൃദയാഘാതം മൂലമാണ് മരണമെന്ന് ചൈനീസ് വാർത്ത ഏജൻസി ഷിൻഹുവ റിപ്പോർട്ട് ചെയ്തു. 2013 മുതൽ പത്ത് വർഷം ചൈനയുടെ പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണ് ലി. 2023 മാർച്ചിൽ പ്രധാനമന്ത്രി പദവിയിൽനിന്ന് രാജിവച്ച ശേഷം വലുതായി പൊതുപരിപാടികളിൽ ലി പ്രത്യക്ഷപ്പെട്ടിരുന്നില്ല.
2013ൽ ചൈനീസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഹു ജിന്റാവോയ്ക്ക് പകരം പരിഗണിക്കപ്പെട്ട പേരായിരുന്നു ലി കെക്വിയാങിന്റേത്. എന്നാൽ ഷി ജിൻപിങ്ങിനെയായിരുന്നു നേതൃത്വം തിരഞ്ഞെടുത്തത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെതന്നെ വിമത വിഭാഗത്തിലെ അംഗങ്ങളായിരുന്നു ഹുവും ലിയും. സാമ്പത്തിക പരിഷ്കരണത്തിന്റെ വക്താവായിരുന്ന ലീ ചില സമയങ്ങളിൽ ചൈനയുടെ സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികളെക്കുറിച്ച് വാചാലനായിരുന്നു. എന്നാൽ ഷി ജിൻപിങ് അധികാരകേന്ദ്രങ്ങളിലെല്ലാം പിടിമുറുക്കിയതോടെ ലി തഴയപ്പെട്ടതായി പല നിരീക്ഷകരും അക്കാലത്ത് വിലയിരുത്തിയിരുന്നു.
തൊഴിലവസരങ്ങളും സമ്പത്തും സൃഷ്ടിക്കുന്ന സംരംഭകർക്ക് ആവശ്യമായ സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന കാഴ്ചപ്പാട് പുലർത്തിയിരുന്ന നേതാവായിരുന്നു ലി. എന്നാൽ ഷിയുടെ ഭരണത്തിൻ കീഴിൽ അതിന് സാധിച്ചിരുന്നില്ല. രാജ്യത്തെ വ്യവസായങ്ങൾക്ക് മേൽ പാർട്ടിയുടെ ആധിപത്യം വർധിപ്പിക്കുകയും സാങ്കേതികവിദ്യ പോലുള്ള വ്യവസായങ്ങളുടെ മേൽ കർശന നിയന്ത്രണം കൊണ്ടുവന്നതുമായിരുന്നു ലിയുടെ സ്വപ്നങ്ങൾക്ക് തിരിച്ചടിയായത്.
2022 ഒക്ടോബറിലാണ് പാർട്ടിയുടെ സ്റ്റാൻഡിങ് കമ്മിറ്റിയിൽ നിന്ന് ലിയെ ഒഴിവാക്കുന്നത്. അനൗദ്യോഗിക വിരമിക്കൽ പ്രായമായ 70 വയസ് കഴിഞ്ഞിരുന്നില്ലെങ്കിലും ലിക്ക് സ്ഥാനം നഷ്ടമാകുകയായിരുന്നു. കൂടാതെ പ്രധാനമന്ത്രി പദവിയിലേക്ക് ദേശീയതലത്തിൽ യാതൊരു പരിചയമില്ലാത്ത ലി ക്വിയാങിനെ ഷി പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നു.