പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍

ഇസ്ലാമാബാദ് ഹൈക്കോടതിക്ക് മുന്നില്‍നിന്ന് നാടകീയമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു
Updated on
1 min read

ഇസ്ലാമാബാദ് ഹൈക്കോടതിയുടെ മുന്നിൽ അരങ്ങേറിയ അതിനാടകീയ നീക്കത്തിനൊടുവിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ. 5000 കോടി രൂപ നിയമവിധേയമാക്കിയതിന് ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ ഭാര്യയും ഒരു റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിൽ നിന്ന് കൈക്കൂലി വാങ്ങിച്ചുവെന്ന കേസിലാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതെന്ന് ഇസ്ലാമബാദ് പോലീസ് ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.

അതേസമയം, നിരവധി തവണ നോട്ടീസ് അയച്ചിട്ടും ഇമ്രാൻ കോടതിയിൽ ഹാജരായില്ലെന്ന് ആഭ്യന്തര മന്ത്രി റാണ സനാഉല്ല പറഞ്ഞു. ദേശീയ ട്രഷറിക്ക് നഷ്ടമുണ്ടാക്കിയതിന് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് അറസ്റ്റ് ചെയ്തതെന്നും ഈ കേസിന്റെ വിചാരണയ്ക്കായി നിരവധി തവണ കോടതിക്ക് മുൻപാകെ ഹാജരാകാൻ നോട്ടീസ് അയച്ചെങ്കിലും ഇമ്രാൻ ഖാൻ വരാൻ കൂട്ടാക്കിയില്ലെന്ന് ആഭ്യന്തര മന്ത്രി റാണ സനാഉല്ലാ പറഞ്ഞു.

ഇമ്രാൻ കോടതിവളപ്പിൽ പ്രവേശിച്ചതിന് തൊട്ടുപിന്നാലെ, അർധസൈനിക വിഭാഗങ്ങളും കവചിത ഉദ്യോഗസ്ഥരും പ്രവേശിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. അര്‍ധസൈനിക സേനയായ പാകിസ്താന്‍ റേഞ്ചേഴ്സാണ് ഇമ്രാന്‍ ഖാനെ കസ്റ്റഡിയിലെടുത്തത്. ഇമ്രാന്‍ ഖാന്റെ കാര്‍ പോലീസ് വളയുകയായിരുന്നുവെന്ന് തെഹ്‌രിക് ഇ ഇൻസാഫിന്റെ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി പറഞ്ഞു. അധികാരത്തില്‍ നിന്ന് പുറത്തുപോയശേഷം ഇമ്രാന്‍ ഖാന് നേരെ നിരവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്.

ഇമ്രാൻ ഖാനെ പോലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപിച്ച പിടിഐ, രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. ഇമ്രാൻ ഖാനെ അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയതായും പിടിഐ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി ആരോപിച്ചു. കൈക്കൂലി വാങ്ങിയെന്ന ആരോപണം ഉയരുന്ന അൽ ഖാദിർ ട്രസ്റ്റ് കേസിൽ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ മെയ് ഒന്നിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നതായി പാകിസ്താൻ മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു.

അതേസമയം, ഇമ്രാൻ ഖാന്റെ അറസ്റ്റിന് പിന്നാലെ രാജ്യത്തെ വിവിധ നഗരങ്ങളിൽ പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ലാഹോറിൽ സെനറ്റർ ഇജാസ് ചൗധരിയുടെ നേതൃത്വത്തിൽ പിടിഐ അനുഭാവികൾ ലിബർട്ടി ചൗക്കിൽ ഒത്തുകൂടി. പ്രതിഷേധക്കാർ വാഹനങ്ങളുടെ ടയറുകൾ കത്തിക്കുകയും സർക്കാർ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇമ്രാന്റെ സമാൻ പാർക്കിലെ വസതിക്ക് പുറത്ത്, പിടിഐ അനുകൂലികൾ സർക്കാർ ബാനറുകളും വലിച്ചുകീറി. കറാച്ചിയിൽ, പിടിഐ എംഎൻഎയും എംപിഎയും റോഡുകൾ തടഞ്ഞു. പെഷവാറിലെ ഹഷ്‌ട്‌നാഗ്രിയിലും പ്രകടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in